അധമമോഹങ്ങളോടു യുദ്ധം ചെയ്യാനുള്ള ശക്‌തിസ്രോതസ്
അധമമോഹങ്ങളോടു യുദ്ധം ചെയ്യാനുള്ള ശക്‌തിസ്രോതസ്
ഏറ്റവും വലിയ യുദ്ധം ദേഹേച്ഛകൾക്കെതിരേയുള്ള യുദ്ധമാണ്. ഈ യുദ്ധത്തിൽ വിജയിക്കാത്തവന് അന്യരോട് യുദ്ധം ചെയ്യാൻ കഴിയില്ല. തന്റെ വികാരങ്ങളെ ദുർമാർഗത്തിലേക്കു പോകുന്നതിൽനിന്നു തടഞ്ഞുനിർത്താനാവില്ല. മനസിന്റെ അധമമോഹങ്ങളോടു യുദ്ധം ചെയ്യാനുള്ള ശക്‌തിസ്രോതസാണ് നോമ്പിൽനിന്നു ലഭ്യമാകുന്നത്. പിശാച് ഇവിടെ പരാജയപ്പെട്ടുപോകുന്നു. വിശന്നൊട്ടിയവന്റെ ശരീ–രത്തിൽ അവ ന് വേരോട്ടം കുറവായിരിക്കും. സഞ്ചാരസുഖം വല്ലാതെ കിട്ടുകയില്ല. അതാണ് വിശപ്പുകൊണ്ട് പിശാചിന്റെ സഞ്ചാരവീഥിയെ നിങ്ങൾ സങ്കോചപ്പെടുത്തണമെന്ന് പുണ്യനബി(സ്വ) അരുൾചെയ്യാൻ കാരണം. നിറ–വയറനിലൂടെയാണ് പിശാചിന്റെ സുഖമമായ സഞ്ചാരങ്ങളെല്ലാം.

നിറവയറന് ലൈംഗികാസക്‌തി അധികരിക്കും; ദുർമാർഗപ്രേരിതമായ മനസ് ജനിക്കും; അലസതയുണ്ടാകും. വിശന്നവനാകട്ടെ, ഇതൊന്നും തന്നെ ഉണ്ടാവില്ല. വിശപ്പ് അവനെ അന്വേഷിയും അദ്ധ്വാനിയുമാക്കി മാറ്റും. വിവാഹം കഴിക്കാൻ സാഹചര്യങ്ങൾ പ്രതികൂലമാണെങ്കിൽ നോമ്പെടുത്ത് നിങ്ങൾ ലൈംഗികാസക്‌തി അടക്കിനിർത്തട്ടെയെന്ന് പ്രവാചകൻ(സ്വ) പഠിപ്പിക്കുന്നുണ്ട്. ലൈംഗികവികാരങ്ങളെ അടക്കാനും വിശപ്പിനാകുമെന്നാണല്ലോ ഈ വാക്കിന്റെ ധ്വനി. അതുകൊണ്ടാണ് നോമ്പുകാരൻ നോമ്പുകാരനായിരിക്കെ വ്യഭിചാരം പോലുള്ള മോശം പ്രവർത്തികളിലേക്ക് പോകാത്തത്.
ചെയ്തുപോയ പാപങ്ങൾ പൊറുക്കപ്പെടാനും നോമ്പ് ഹേതുകമായി വർത്തിക്കുന്നു. പ്രതിഫലകാംക്ഷയോടെയും വിശ്വാസദാർഢ്യത്തോടെയും റമളാൻ നോമ്പ് ആരെങ്കിലും അനുഷ്ഠിച്ചാൽ മുൻപാപങ്ങളെല്ലാം പൊറുക്കപ്പെടുമെന്ന് തിരുനബി(സ്വ) അരുളിയിട്ടുണ്ട്.


നോമ്പുകാരന്റെ വായയിൽനിന്നടിക്കുന്ന വാസന പോലും അല്ലാഹുവിന് കസ്തൂരിയെക്കാൾ സുഗന്ധമുള്ളതാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നമുക്കത് അനുഭവിക്കാൻ കഴിയാത്തത് അതിന്റെ വിലയറിയാത്തതുകൊണ്ടാണ്. നമുക്കുവേണ്ടി പണിപ്പെടുന്നവന്റെ വിയർപ്പുഗന്ധം നമുക്ക് അസഹനീയമാകുമോ? നോമ്പ് അല്ലാഹുവിനു മാത്രമുള്ള ആരാധനയായതിനാൽ അതുവഴിയുണ്ടാകുന്ന എല്ലാ നാറ്റവും ഗന്ധവും സുഗന്ധസമാനമായി മാറുന്നു; പ്രയാസങ്ങൾ സുഖാനന്ദദായകങ്ങളായി മാറിമറിയുന്നു.

അല്ലാഹു നമുക്കേകിയ അനുഗ്രഹങ്ങളുടെ വിലയറിയാനും അനുഭവിക്കാനും നോമ്പു വഴി സാധിക്കുന്നു. അഭാവത്തിലാണല്ലോ സാന്നിധ്യത്തിന്റെ വിലയറിയുക. ഭക്ഷണത്തിന്റെ രുചി ഏറ്റവും കൂടുതൽ അനുഭവവേദ്യമാകുന്ന രംഗം വിശപ്പിലാണ്. ശുദ്ധജലത്തിനുപോലും തേനിനെക്കാൾ മാധുര്യമായിരിക്കും അപ്പോൾ. വിശപ്പില്ലെങ്കിൽ ആ അനുഗ്രഹങ്ങൾ നമുക്ക് കേവലം അരോചകഭോജ്യങ്ങൾ മാത്രമായി മാറും. നോമ്പുകാരൻ വിശപ്പിന്റെ കാഠിന്യം അനുഭവിക്കുമ്പോൾ അതുവരെ തനിക്ക് പടച്ചതമ്പുരാൻ നൽകിയ അന്നപാനീയങ്ങളുടെ വിലയും മൂല്യവും അയാൾ ശരിക്കും തിരിച്ചറിയുന്നു. അതോടെ കൂടുതൽ അവനിലേക്കടുക്കാനും നന്ദിയുള്ളവനായിരിക്കാനും നോമ്പുകാരൻ ശ്രമിക്കുന്നു.

<യ>സി. മുഹമ്മദ് ഹുദവി (ഇമാം, താമരശേരി ടൗൺ ജുമാ മസ്ജിദ്)