ഇച്ഛകളെ നിയന്ത്രിച്ച് സ്രഷ്‌ടാവിലേക്ക്
ഇച്ഛകളെ നിയന്ത്രിച്ച് സ്രഷ്‌ടാവിലേക്ക്
മനസിന്റെ ഇഷ്‌ടങ്ങളിൽ നിന്നും ആസ്വാദ്യതകളിൽനിന്നും അതിനെ തടയിടുന്ന കർമമാണ് വ്രതം. ഒരു അടിമ അന്നപാന ഭോഗങ്ങളിൽ താൻ ഇച്ഛിക്കുന്നതും കാമിക്കുന്നതും പരിത്യജിച്ചുകൊണ്ട് തന്റെ രക്ഷിതാവിലേക്കടുക്കുക എന്നത് വ്രതത്തിന്റെ യുക്‌തികളിൽപ്പെടുന്നു.

വിശ്വാസി തന്റെ ദേഹേച്ഛയെക്കാൾ തന്റെ രക്ഷിതാവിന്റെ തൃപ്തിക്ക് പ്രാഥമ്യവും പ്രാധാന്യ വും കൽപ്പിക്കുന്നു. കാരണം, മഹാനും പ്രതാപവാനുമായ അല്ലാഹുവിനുവേണ്ടി ഇഷ്‌ടങ്ങളേയും ഇച്ഛകളേയും വർജിക്കുന്നതിലായിരിക്കും അവന്റെ ആസ്വാദനവും മാനസികോല്ലാസവും. അതിനാൽ, റംസാനിലെ ഒരു ദിനം അകാരണമായി വ്രതമുപേക്ഷിക്കാൻ വിശ്വാസി പ്രഹരിക്കപ്പെട്ടാലും തടങ്കലിൽവയ്ക്കപ്പെട്ടാലും അതവൻ ഉപേക്ഷിക്കുകയില്ല. ഇത് വ്രതത്തിന്റെ ഏറെ പക്വവും മഹത്തരവുമാർന്ന യുക്‌തികളിൽപ്പെടുന്നു. വ്രതത്തിന്റെ മറ്റൊരു യുക്‌തി അത് ധർമനിഷ്ഠയ്ക്ക് നിമിത്തമാകുന്നു എന്നതാണ്. നോമ്പുകാരൻ നന്മ പ്രവർത്തിക്കാനും തിന്മ വെടിയാനും അനുശാസിക്കപ്പെട്ടവനാണ്.

മറ്റുള്ളവർ തന്നെ പഴിക്കുകയോ ശകാരിക്കുകയോ ചെയ്യുമ്പോൾ നോമ്പുകാരൻ, ഞാൻ നോമ്പുകാരനാണ് എന്ന് ആത്മഗതം ചെയ്യാനാണ് മുഹമ്മദ് നബി പഠിപ്പിച്ചത്. ഹൃദയം ചിന്തയ്ക്കും സ്മൃതിക്കുംവേണ്ടി തനിച്ചാവുക എന്നതും വ്രതത്തിന്റെ യുക്‌തികളിൽപ്പെടുന്നു. കാരണം വികാരങ്ങളുടെ ദുർവിനിയോഗം അശ്രദ്ധയെ അനിവാര്യമാക്കുന്നു. ഒരു പക്ഷെ, ഹൃദയത്തെ അത് പരുഷമാക്കുകയും സത്യത്തെ അന്ധമാക്കുകയും ചെയ്യും. അതുകൊണ്ടത്രെ അന്നപാനങ്ങൾ ലഘൂകരിക്കാൻ പ്രവാചകൻ നിർദേശിച്ചിട്ടുള്ളത്. ശരീരം വിശക്കുകയും ദാഹിക്കുകയും ചെയ്താൽ ഹൃദയം തെളിയുകയും സ്നിഗ്ധമാവുകയും ചെയ്യും. വയറുനിറഞ്ഞാൽ ഹൃദയം അന്ധമാകും.


വ്രതാനുഷ്ഠാനത്തിന്റെ സാമൂഹികവും വൈജ്‌ഞാനികവുമായ നേട്ടങ്ങൾ കുറവല്ല. ദീനാനുകമ്പയാണ് ഇതിലൊന്ന്. പൈദാഹത്തിന്റെ വേദന അനുഭവിച്ചറിയുന്ന നോമ്പുകാരൻ പട്ടിണിപ്പാവങ്ങളെക്കുറിച്ചോർക്കാനും അവരോട് ദയ കാണിക്കാനും പ്രേരിതനാകും. മനുഷ്യമനസിൽ ദീനാനുകമ്പയും ഔദാര്യബോധവും പരിപോഷിപ്പിക്കാനുള്ള ഒരു സക്രിയ സംവിധാനമാണ് വ്രതം. ധനികന് പട്ടിണിപ്പാവങ്ങളോട് സഹാനുഭൂതിയുണ്ടായാൽ അവിടെ മനുഷ്യത്വം തഴച്ചുവളരും.
തീർച്ചയായും മനുഷ്യമനസ് തെറ്റിലേക്ക് പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. മനുഷ്യൻ അതിനെ അശ്രദ്ധം അഴിച്ചുവിട്ടാൽ അവനെയത് വിനാശത്തിൽ കൊണ്ടെത്തിക്കും. അതിനെ പിടിച്ചുകെട്ടുകയും അതിന്റെ മേൽ അധീശത്വം നേടുകയും ചെയ്താൽ അവനെയത് ഉന്നത ശ്രേണിയിലേക്കും പദവിയിലേക്കും നയിക്കും. അഹന്തയ്ക്ക് അതിരിടാനും സത്യത്തിന് കീഴ്പ്പെടാനും സൃഷ്‌ടികളോട് മൃദുലത കാണിക്കാനും തക്കവിധം മനസിനെ പാകപ്പെടുത്തുന്നു വ്രതം എന്നതും അതിന്റെ മറ്റൊരു യുക്‌തിയത്രെ.

<യ>അബ്ദുൽ അസീസ് മാടശേരി (പ്രഫസർ, ജാമിയ നാദ്വിയ്യ കോളജ്, എടവണ്ണ)