ഖുർആൻ വിശ്വാസിക്ക് വസന്തമാണ്
ഖുർആൻ വിശ്വാസിക്ക് വസന്തമാണ്
അല്ലാഹുവിന്റെ കാരുണ്യം വിശാലമാണ്. അല്ലാഹുവിന് നൂറ് റഹ്മത്തുകളുണ്ട്. മനുഷ്യരുടെയും ജിന്നുകളുടെയും മൃഗങ്ങളുടെയുമെല്ലാം ഇടയിൽ അതിലൊരംശം മാത്രമാണുള്ളത്. അതുകൊണ്ട് അവർ പരസ്പരം മയം ചെയ്യുകയും കാരുണ്യം കാണിക്കുകയും ചെയ്യുന്നു. അത്പോലെ മൃഗങ്ങൾ അവരുടെ കുഞ്ഞുങ്ങളോട് വാത്സല്യം കാണിക്കുന്നു.

99 റഹ്മത്തുകൾ അല്ലാഹു അന്ത്യദിനത്തിൽ അടിമകൾക്ക് കാരുണ്യം ചെയ്യുന്നതിനു വേണ്ടി പിന്തിച്ചു വെച്ചു(മുസ്നദു അഹ്മദ്). അപ്പോൾ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിശാലത എത്രയാണ്. ജീവിതത്തിന്റെ ലക്ഷ്യവും മാർഗവും സുവ്യക്‌തമായി ആവിഷ്കരിച്ച വിശുദ്ധ ഗ്രന്ഥം മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ സംസ്കരണത്തിന് വഴിതുറക്കുന്നു. അതുകൊണ്ടുതന്നെയാണ് ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഗ്രന്ഥങ്ങളിൽ വിശുദ്ധ ഖുർആൻ പ്രാമുഖ്യം നേടിയത്.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിശുദ്ധ റംസാൻ, ഖുർആൻ പാരായണം അധികരിപ്പിക്കേണ്ട മാസമാണ്. നമുക്ക് മുൻകഴിഞ്ഞ മഹത്തുക്കളൊക്കെയും വിശുദ്ധ റംസാനിന്റെ രാപകലുകളെ ഖുർആൻ പാരായണം കൊണ്ട് ധന്യമാക്കിയവരായിരുന്നു.


മഴ ഭൂമിക്ക് വസന്തമായത് പോലെ വിശുദ്ധ ഖുർആൻ വിശ്വാസിക്ക് വസന്തമാണ്. മാലിക് ബ്നു ദീനാർ (റ) വിന്റെ വാക്കുകൾ അന്വർഥമാക്കുന്നത് ഖുർആനിന്റെ മാസ്മരികതയാണ്. നിരന്തരം ഖുർആൻ പാരായണത്തിലൂടെ ആ ഹൃദയ വസന്തം നാം കരസ്‌ഥമാക്കണം. ആ ദിവ്യ ദൃഷ്‌ടാന്തം നമുക്ക് എല്ലാറ്റിനുമുള്ള പരിഹാരണാണ്, ഔഷധമാണ്.

വിശ്വാസികൾക്ക് ആത്മ സംസ്കരണത്തിന്റെയും ആരാധനാ ധന്യതയുടെയും പുത്തനുണർവുകൾ സമ്മാനിക്കുന്ന വിശുദ്ധ റംസാനിൽ നാം കൂടുതൽ നന്മകളെക്കൊണ്ട് ധന്യമാക്കണം.

<യ>ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി