സകാത്തിന്റെ പുണ്യം
സകാത്തിന്റെ പുണ്യം
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നാമത്തേതാണ് സകാത്ത്. സകാത്തിന്റെ വിഷയത്തിൽ പരിശുദ്ധ ഖുർആനിൽ നിരവധി സ്‌ഥലങ്ങളിൽ നിർബന്ധ കൽപ്പനയുണ്ട്. ഒരിടത്ത് ഇപ്രകാരം പറയുന്നു. ഭസകാത്ത് നൽകാത്ത, പരലോകത്തെ നിഷേധിക്കുന്ന ബഹുദൈവ വിശ്വാസികൾക്കാണ് സകല നാശവും (വി.ഖുർആൻ 417) സകാത്ത് നൽകാത്തത് മുസ്ലിമിന് ചേർന്നതല്ലെന്നും പരലോകത്തിൽ വിശ്വസിക്കാത്ത മുശ്രിക്കുകളുടെ സ്വഭാവമാണെന്നും ഈ ഖുർആൻ വചനം ധ്വനിപ്പിക്കുന്നു.

ചില പ്രത്യേക വസ്തുക്കളിൽ മാത്രമേ സകാത്ത് നിർബന്ധമുള്ളൂ. അവയുടെ സംക്ഷിപ്ത രൂപം.

<യ>1. സ്വർണം: 85 ഗ്രാം അതായത് പത്തുപവനും 5 ഗ്രാമും സ്വർണം ഒരാളുടെ കൈവശം ഒരു വർഷം പൂർണമായി ഉണ്ടെങ്കിൽ അതിന് സകാത്ത് കൊടുക്കണം. അതിന്റെ നാൽപതിൽ ഒരു ഭാഗം മാത്രമാണ് സകാത്ത് നൽകേണ്ടത്.

<യ>2. വെള്ളി: 595 ഗ്രാം വെള്ളി ഒരാളുടെ കൈവശം ഒരുവർഷം പൂർണമായും ഉണ്ടെങ്കിൽ അതിനും സ്വർണത്തിനു കൊടുത്തതുപോലെ 40ൽ ഒരുഭാഗം നൽകണം.

<യ>3. നാണയങ്ങൾ: മുൻകാലങ്ങളിൽ സ്വർണവും വെള്ളിയും തന്നെയായിരുന്നു നാണയങ്ങൾ. എന്നാൽ ഇന്ന് അതിന്റെ സ്‌ഥാനത്ത് ഉപയോഗിച്ചു വരുന്നത് ഡോളർ, ദിർഹം, റിയാൽ, രൂപ തുടങ്ങിയ നോട്ടുകളും നാണയങ്ങളുമാണല്ലോ, അതിനാൽ സ്വർണത്തിന്റെയോ വെള്ളിയുടെയോ വില കണക്കാക്കിയാണ് കറൻസി നോട്ടുകൾക്കും നാണയങ്ങൾക്കും സകാത്ത് കൊടുക്കേണ്ടത്.

എന്നാൽ സ്വർണത്തിന് വെള്ളിയേക്കാൾ വില ഇന്ന് വളരെയധികം കൂടിയതിനാൽ വെള്ളിയുടെ വിലയാണ് നാണയങ്ങളുടെ സകാത്തിന് ഇന്ന് കണക്കാക്കപ്പെടേണ്ടത്. അഥവാ 595 ഗ്രാം വെള്ളിയുടെ വിലയോ അതിൽ കൂടുതലോ പണം ഒരാളുടെ അധീനത്തിൽ ഒരു കൊല്ലം പൂർണമായും ഉണ്ടായാൽ അതിന്റെ 40ൽ ഒരു ഭാഗം സകാത്ത് കൊടുക്കണം. മേൽപ്പറഞ്ഞപ്രകാരമുള്ള സംഖ്യ കടം നൽകിയത് ലഭിക്കാനുണ്ടെങ്കിൽ അതിനും സകാത്ത് കൊടുക്കേണ്ടതാണ്.


ജോലിക്കോ കോഴ്സുകൾക്കോ കെട്ടിവയ്ക്കുന്ന സംഖ്യ സക്കാത്തിന്റെ തുകയുണ്ടങ്കിൽ ഒരു വർഷം പൂർത്തിയാവുമ്പോൾ സകാത്ത് നൽകേണ്ടതാണ്. കുറിവയ്ക്കുന്ന സംഖ്യക്കും വർഷവും തികയുമ്പോൾ സകാത്ത് കൊടുക്കേണ്ടിവരും.

<യ>4. കച്ചവടം: കച്ചവടം ആരംഭിക്കുമ്പോൾ തുടങ്ങുന്ന തീയതി കുറിച്ചുവയ്ക്കണം. അങ്ങനെ ഒരു വർഷം പൂർത്തിയാവുന്ന ദിവസം ഷോപ്പിലെ എല്ലാ കച്ചവട സാധനങ്ങളുടെയും ആ ദിവസത്തെ മാർക്കറ്റ് നിലവാരമനുസരിച്ചുള്ള വിലകെട്ടുകയും അത് വെള്ളിയുടെ സകാത്തിൽ പറഞ്ഞ 595ഗ്രാം വെള്ളിയുടെ വിലയ്ക്ക് സമാനമായോ അതിൽ കൂടുതലോ ഉണ്ടെങ്കിൽ അതിന്റെ രണ്ടര ശതമാനം അഥവാ നാല്പതിൽ ഒരു ഭാഗം സകാത്തായി നൽകേണ്ടതാണ്.

<യ>5. മറ്റ് ഇനങ്ങൾ: ആട്, മാട്, ഒട്ടകം എന്നീ മൂന്നു തരം കന്നുകാലികൾക്ക് സകാത്ത് നൽകേണ്ടതുണ്ട്. നെല്ല്, ഗോതമ്പ് പോലുള്ള കൃഷി വിളകൾക്കും സകാത്ത് നൽകേണ്ടതുണ്ട്. അടയ്ക്ക, തേങ്ങ, കുരുമുളക്, കശുവണ്ടി തുടങ്ങിയ സാധനങ്ങൾക്കും ഭൂസ്വത്തിനും സകാത്ത് നൽകേണ്ടതില്ല. അവയിൽ നിന്നും ലഭിക്കുന്ന വരുമാനം 595ഗ്രാം വെള്ളിയുടെ വിലയ്ക്ക് സമാനമാവുകയും ആ സംഖ്യ ഒരു കൊല്ലം പൂർണ അധീനത്തിൽ ഉണ്ടാവുകയും ചെയ്താൽ സകാത്ത് കൊടുക്കണം.

ഖുർആനിൽ പറയപ്പെട്ട എട്ടുവിഭാഗം അവകാശികളിൽ പെട്ടവർക്കാണ് എല്ലാ സകാത്തുകളും നൽകേണ്ടത്. സകാത്ത് മുതലുകൾ അവകാശികൾ വന്നു വാങ്ങുന്നതുപോലെ തന്നെ എത്തിച്ചു കൊടുക്കാനും കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ പറഞ്ഞതിന് വിരുദ്ധമല്ലാത്ത മാർഗം സ്വീകരിക്കാവുന്നതാണ്.

<യ>മാണിയൂർ അഹ്മദ് മൗലവി