വികല ധാരണകൾക്കുള്ള തിരുത്ത്
വികല ധാരണകൾക്കുള്ള തിരുത്ത്
ഏതൊന്നിനെയും പൂർണാർത്ഥത്തിൽ ഉൾക്കൊള്ളാൻ കഴിയണമെങ്കിൽ അക്കാര്യം നാം അനുഭവിക്കണമെന്നാണ്. വിശപ്പനുഭവിക്കാത്തവന് വിശപ്പിന്റെ വേദന അറിയാൻ കഴിയില്ല. വിശക്കുന്നവരെ കാണാനുമാവില്ല. വിശപ്പ് അവന് കേവലമൊരു കെട്ടുകഥയായി മാത്രം നിലനിൽക്കും. പശിയടക്കാൻ വകയില്ലാത്തതുമൂലം കണ്ണിമ ചിമ്മാൻ പോലുമാവാത്ത നിലയെത്തിയപ്പോൾ ഫ്രഞ്ച് ജനത അന്നത്തിനായി മുറവിളി കൂട്ടിയത്രെ. അപ്പോൾ രാജ്‌ഞിയുടെ ചോദ്യമിതായിരുന്നു: ‘അവർക്കെന്താ അപ്പം തിന്നുകൂടെ?’ എന്ന്. അപ്പം കിട്ടാനില്ലാത്തതുകൊണ്ടാണ് അവരതു തിന്നാത്തതെന്നു പറയപ്പെട്ടപ്പോൾ രാജ്‌ഞിയുടെ അടുത്ത ചോദ്യം: ‘എങ്കിൽ അവർക്ക് കേക്ക് തിന്നാലെന്താ?’

പാവം രാജ്‌ഞി. വളരെ നിഷ്കളങ്കമായാണ് ഈ ചോദ്യമുന്നയിച്ചത്. അതു സ്വാഭാവികവുമായിരുന്നു. കാരണം, രാജ്‌ഞി അതുവരെ വിശപ്പനുഭവിച്ചിട്ടില്ല. അതിനാൽ, ജനം വിശക്കുകയാണെന്നു പറഞ്ഞപ്പോൾ അതെന്താണെന്നു മനസിലായതുമില്ല. രാജ്‌ഞിയുടെ ഈ അജ്‌ഞതയാണ് ഫ്രഞ്ച് വിപ്ലവത്തിനു വഴിവച്ചതെന്ന കാര്യം ഒരിക്കലും മറക്കാതിരിക്കുക.

ഒരുവിഭാഗം നിറവയറന്മാരായും മറ്റൊരു വിഭാഗം ഒഴിഞ്ഞ വയറന്മാരായും ജീവിതം കഴിയുന്നത് പ്രപഞ്ചത്തിന്റെ സന്തുലിതാവസ്‌ഥയ്ക്കു മേൽ വന്നുപെടുന്ന പുഴുക്കുത്താണ്. അതൊരിക്കലും നല്ല നാളെകളെ പ്രസവിക്കില്ല. എന്റെ സഹോദരൻ വിശന്നിരിക്കെ എനിക്കൊരിക്കലും വയറു നിറച്ചുണ്ണാനാവില്ലെന്ന ചിന്താഗതിയിലേക്ക് സാമൂഹികബോധം വളരുമ്പോഴേ ലോകം മെച്ചപ്പെടുകയുള്ളൂ. വിശപ്പിന് ഇത്ര കാഠിന്യമുണ്ടെങ്കിൽ ഈ കാഠിന്യമനുഭവിച്ച് ജീവിതം തള്ളിനീക്കുന്ന എത്രയെത്ര ദരിദ്രജനകോടികൾ ലോകത്തുണ്ട് എന്ന ചിന്ത മാറ്റത്തിനു തിരികൊളുത്തും. ദാരിദ്ര്യ നിർമാർജനത്തിനുള്ള പ്രവർത്തനങ്ങൾക്കുവരെ ഇതു വളമായിക്കൂടായ്കയില്ല.


മുൻകാലജനത ഉണ്ണാൻ കിട്ടാതെ മരിച്ചു. ഇക്കാലജനത ഉണ്ട് മരിക്കുന്നു എന്നു പറയാറുണ്ട്. ഇന്നു നാം വയറിനു വിശ്രമമില്ലാതെ തിന്നുകൊണ്ടേയിരിക്കയാണ്. എവിടെ നോക്കിയാലും തീറ്റപ്പരിപാടികൾ. അതിനുവേണ്ടി അങ്ങാടികൾ തോറും ഭോജനശാലകൾ. ജീവിക്കുന്നതും അധ്വാനിക്കുന്നതും തീറ്റയ്ക്കുവേണ്ടി. യോഗത്തിൽ തീരുമാനങ്ങളായില്ലെങ്കിലും തീറ്റയുടെ കാര്യം തീരുമാനമായില്ലെങ്കിൽ സദസ് പിരിയില്ലെന്ന സ്‌ഥിതിവിശേഷം. വിശപ്പ് എന്നാൽ ഒരിക്കലും അനുഭവിക്കാൻ പാടില്ലാത്ത എന്തോ ഭീകരകാര്യമായി കരുതിവച്ചിരിക്കുന്നു നാം. ഈ വികല ധാരണയ്ക്കൊരു തിരുത്തു വേണ്ടേ.. അതാകുന്നു വിശുദ്ധ റംസാൻ. അത് ഉള്ളവനെയും ഇല്ലാത്തവനെയും ഒരേ നിലവാരത്തിലെത്തിക്കും. ദരിദ്രന്റെ പരിക്ലേശങ്ങളെ ധനികന് ബോധ്യപ്പെടുത്തിക്കൊടുക്കും. എല്ലാറ്റിലുമുപരി ദൈവസാമീപ്യം പ്രധാനം ചെയ്യുകയും ചെയ്യും.

<യ>സി. മുഹമ്മദ് ഹുദവി (ഇമാം, താമരശേരി ടൗൺ ജുമാ മസ്ജിദ്)