പാപമോചനത്തിന് അവസരം
പാപമോചനത്തിന് അവസരം
പാപം മനുഷ്യസഹജമാണ്. പശ്ചാത്താപമാണ് അതിനു പരിഹാരം. പശ്ചാത്തപിക്കുന്നവരാണ് പാപം ചെയ്തവരിലെ ശ്രേഷ്ഠൻമാർ. നബി (സ്വ) പറഞ്ഞു: ‘എല്ലാ ആദമിന്റെ പുത്രന്മാരും തെറ്റുചെയ്യുന്നവരാണ്. തെറ്റു ചെയ്യുന്നവരിൽ ഉത്തമന്മാർ പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്.’(തിർമിദി, ഇബ്നുമാജ) വിശ്വാസിയായ ദാസന്റെ പശ്ചാത്താപത്തിൽ അല്ലാഹുവിനു അത്യധികം സന്തോഷമാണ് ഉണ്ടാകുക. വിജനമായ മരുഭൂമിയിൽ വച്ച് നഷ്‌ടപ്പെട്ട യാത്രാമൃഗം തിരിച്ചുകിട്ടുമ്പോൾ യാത്രക്കാരനുണ്ടാകുന്ന സന്തോഷത്തേക്കാൾ അതിയായ സന്തോഷം അല്ലാഹുവിനുണ്ടാകുന്നു.
തെറ്റുകൾ ബോധ്യപ്പെട്ടും അവയിൽ ആത്മാർഥമായി ഖേദിച്ചും കണ്ണീർ പൊഴിച്ചും പശ്ചാത്തപിച്ചു പ്രാർഥിക്കുമ്പോൾ സത്യവിശ്വാസിയിൽ ഈമാൻ വർധിക്കുകയാണ് ചെയ്യുക.

അല്ലാഹു പറഞ്ഞു: ‘നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വർഗവും നേടിയെടുക്കാൻ നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുക.’ ധർമ്മനിഷ്ഠപാലിക്കുന്നവർക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്‌ഥയിലും വിഷമാവസ്‌ഥയിലും ദാനധർമ്മങ്ങൾ ചെയ്യുകയും കോപം ഒതുക്കിവയ്ക്കുകയും മനുഷ്യർക്ക് മാപ്പ് നൽകുകയും ചെയ്യുന്നവർക്കുവേണ്ടി. (അത്തരം) സൽക്കർമകാരികളെ അല്ലാഹു സ്നേഹിക്കുന്നു. വല്ല ദ്രോഹവും ചെയ്തുപോയാൽ അല്ലാഹുവെ ഓർക്കുകയും തങ്ങളുടെ പാപങ്ങൾക്ക് മാപ്പു തേടുകയും ചെയ്യുന്നവർക്കുവേണ്ടി. പാപങ്ങൾ പൊറുക്കുവാൻ അല്ലാഹുവല്ലാതെ ആരാണുള്ളത്? (ആലു ഇംറാൻ 133 136)

നന്മകളിൽ മറ്റാരെക്കാളും മുൻപന്തിയിലായിരുന്ന നബി(സ) റംസാനിൽ അടിച്ചു വീശുന്ന കാറ്റു കണക്കെ നന്മയുമായി മുന്നേറുമായിരുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു: ‘നബി(സ) ജനങ്ങളിൽവച്ച് ഏറ്റവും നന്മയുടെ ഔദാര്യവാനായിരുന്നു. റംസാനിൽ ആയിരുന്നു അവിടുന്ന് ഏറ്റവും ഔദാര്യവാനാവുക. ഓരോ റംസാനിലും ജിബ്രീൽ(അ) നബി(സ)യെ വന്ന് കാണുകയും നബി(സ) ഖുർആൻ ഓതി പാരായണം ഒത്തുനോക്കുകയും ചെയ്യുമായിരുന്നു. ജിബ്രീലിനെ കണ്ട് കഴിഞ്ഞാൽ നബി(സ) നന്മകളുടെ അത്യുദാരനാകും, അടിച്ച് വീശുന്ന കാറ്റിനേക്കാൾ’(ബുഖാരി, മുസ്ലിം) റംസാൻ വന്നെത്തിയിട്ടും പാപം പൊറുപ്പിക്കാത്തവനെ സ്വർഗത്തിൽ നിന്നും അല്ലാഹു വിദൂരത്താക്കട്ടെ എന്ന് ജിബ്രീൽ (അ) പ്രാർഥിച്ചപ്പോൾ തിരുനബി(സ്വ) ആമീൻ പറഞ്ഞത് നാം ഓർക്കണം.


പാപം പൊറുപ്പിക്കാൻ ഏറ്റവും ഉത്തമമായ മാസം വേറെയില്ല എന്നതിനാൽ ഇനിയുള്ള ഓരോ നിമിഷവും നാം കർമ്മനിരതരാകണം. തഹജ്‌ജുദ് നിസ്കാരം പാപമോചനത്തിനുള്ള അവസരം സൃഷ്‌ടിക്കുന്നു. ഭനിങ്ങൾ രാത്രിനമസ്കാരത്തിൽ നിഷ്ഠയുള്ളവരാവുക. സുകൃതവാന്മാരായ പൂർവികരുടെ മാതൃകയും ദൈവസാമീപ്യം നേടിത്തരുന്നതും തിന്മകളെ മായ്ച്ചുകളയുന്നതും പാപത്തിൽനിന്ന് തടയുന്നതും ശരീരസൗഖ്യം നല്കുന്നതുമാകുന്നു രാത്രി നമസ്കാരം.’(ത്വബ്റാനി, തിർമിദി) വിടപറയുന്നത് ജീവിതത്തിലെ സുവർണ നിമിഷങ്ങളാണെന്നും ഇനിയൊരിക്കലും അവ നമ്മിലേക്ക് തിരിച്ച് വരില്ലെന്നും നാം മനസിലാക്കി ഓരോ നിമിഷവും ഇബാദത്തുകളെ കൊണ്ട് ധന്യമാക്കണം. പരലോകത്ത് മനുഷ്യൻ ഏറ്റവും ഖേദിക്കുക അവസരം നഷ്‌ടപ്പെടുത്തിയതിനായിരിക്കും എന്ന് തിരുനബി(സ്വ) പറഞ്ഞത് നമ്മുടെ ഓർമയിൽ എപ്പോഴും ഉണ്ടാകണം.

<യ>സി.കെ.എം സ്വാദിഖ് മുസ്ലിയാർ