വ്രതത്തിന്റെ യുക്‌തി
വ്രതത്തിന്റെ യുക്‌തി
അല്ലാഹുവിന്റെ നാമങ്ങളിലൊന്നാണ് യുക്‌തിമാൻ എന്നത്. ഹിക്മത്ത് അഥവാ യുക്‌തി എന്നാൽ, കാര്യങ്ങൾ വിദഗ്ധമായി, സുവ്യക്‌തമായി കുറ്റമറ്റ നിലയിൽ അതിന്റെ യഥാസ്‌ഥാനത്ത് സ്‌ഥാപിക്കുക എന്നാണ്. പരിശുദ്ധനായ അല്ലാഹു യുക്‌തി സമ്പൂർണനാണ്. അല്ലാഹു സൃഷ്‌ടിച്ചിട്ടുള്ള തോ നിയമമാക്കിയിട്ടുള്ള തോ ആയ സകലതും അതിവിദഗ്ധമായും യുക്‌തിഭദ്രമായും തന്നെയാണുള്ളത് എന്നതാണ് ഈ നാമം അല്ലാഹുവിന്റെ നാമങ്ങളിൽപെടുന്നതിന്റെ പൊരുൾ. തന്റെ ദാസന്മാരെ അവൻ കളിയായി സൃഷ്‌ടിച്ചതല്ല. അവരെ അവൻ വൃഥാ വിട്ടേക്കുകയുമില്ല. അവർക്കുള്ള നിയമങ്ങളും വിനോദത്തിനായുള്ളതല്ല. പ്രത്യുത, അവരെ അവൻ സൃഷ്‌ടിച്ചിട്ടുള്ളതും ഒരുക്കിയിട്ടുള്ളതും മഹത്തരമായ ലക്ഷ്യത്തിനു വേണ്ടിയത്രെ.

സന്മാർഗസരണി അവർക്ക് അവൻ വിശദീകരിച്ചുകൊടുത്തു. അവരുടെ വിശ്വാസ വർധനവിനായി അവൻ നിയമങ്ങളാവിഷ്കരിച്ചു.അതിലൂടെ അവരുടെ ആരാധനകൾ അവൻ പൂർത്തീകരിച്ചു കൊടുത്തു. അല്ലാഹു തന്റെ ദാസന്മാർക്ക് നിയമമാക്കിയിട്ടുള്ള ആരാധനകളില്ലെല്ലാം അവന്റെ യുക്‌തിയുടെ നിറവും തികവുമുണ്ട്. അത് തിരിച്ചറിഞ്ഞവർക്ക് അത് ബോധ്യമായി. അല്ലാത്തവർ അതെക്കുറിച്ച് അജ്‌ഞരും. അവയിൽ യുക്‌തിയില്ലാ എന്ന് ജൽപ്പിക്കുവാൻ മനുഷ്യന്റെ അജ്‌ഞത ഒട്ടും തെളിവല്ല, മറിച്ച് അല്ലാഹുവിന്റെ യുക്‌തി ഗ്രഹിക്കുന്നതിനുള്ള മനുഷ്യന്റെ അശക്‌തിയും പരിമിതിയുമാണ് അത് കുറിക്കുന്നത്. അല്ലാഹു പറഞ്ഞു: അറിവിൽ നിന്ന് അൽപ്പമല്ലാതെ നിങ്ങൾക്ക് നൽകപ്പെട്ടിട്ടില്ല. (ഖു.17:85) ആരാണ് അല്ലാഹുവിന്റെ ദാസൻ, ആരാണ് തന്റെ ദേഹേച്ഛകളുടെ ദാസൻ എന്ന് തന്റെ അടിമകളെ പരീക്ഷിക്കുന്നതിന് വേണ്ടി അ ല്ലാഹു തന്റെ ദാസന്മാരുടെ മേൽ ചില ആരാധനകളും ചില പെരുമാറ്റചട്ടങ്ങളും വ്യവസ്‌ഥപ്പെടുത്തി. പ്രസ്തുത ആരാധനകളും ചട്ടങ്ങളും വിശാലഹൃദയത്തോടും സമാധാന ചിത്തത്തോടും കൂടി സ്വീകരിക്കുന്നത് ആരാണോ അവൻ തന്റെ യജമാനന്റെ ദാസനാണ്. അവന്റെ നിയമങ്ങളിൽ അവൻ തൃപ്തനായിരിക്കും. മാത്രവുമല്ല, തന്റെ ദേഹേച്ഛകൾക്കെതിരിൽ തന്റെ രക്ഷിതാവിനെ അനുസരിക്കാൻ അവൻ മുന്നിടുകയും ധൃതി കാണിക്കുകയും ചെയ്യും.


ആരാധനകളെ ആരു സ്വീകരിക്കുന്നില്ലയോ അവന്റെ നിയമവ്യവസ്‌ഥകൾ ആരുപിൻപറ്റില്ലയോ അവൻ തന്റെ ദേഹേച്ഛകളുടെ ദാസനും അല്ലാഹുവിന്റെ നിയമത്തോട് ഈർഷതയുള്ളവനും തന്റെ നാഥനോടുള്ള അനുസരണയിൽ നിന്നു പിന്തിരിഞ്ഞു നിൽക്കുന്നവനുമായിരിക്കും. തന്റെ അറിവിന്റെ അപര്യാപ്തതയോടും യുക്‌തിയുടെ അഭാവത്തോടുമൊപ്പം അല്ലാഹുവിന്റെ നിയമം തന്റെ താത്പര്യങ്ങളെ അനുഗമിക്കണമെന്നാണവൻ നിനയ്ക്കുക.

<യ>അബ്ദുൽ അസീസ് മാടശേരി (പ്രഫസർ, ജാമിയ നാദ്വിയ്യ കോളജ്, എടവണ്ണ)