ദൈവിക ഗ്രന്ഥത്തിന്റെ പ്രാധാന്യം
ദൈവിക ഗ്രന്ഥത്തിന്റെ പ്രാധാന്യം
നാലു വേദപുസ്തകങ്ങളിലുള്ള വിശ്വാസം ഇസ്ലാമിക അടിസ്‌ഥാന ആശയങ്ങളിലൊന്നാണ്. ഈ വേദഗ്രന്ഥങ്ങളുടെയെല്ലാം പുരാവൃത്തം വിശുദ്ധ റംസാനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഖുർആൻ പോലെ പൂർവവേദ ഗ്രന്ഥങ്ങളുടെയും അവതരണം റംസാനിലായിരുന്നുവെന്നാണ് ചരിത്രം. തൗറാത്ത് റംസാൻ ആറിനും ഇഞ്ചീൽ പന്ത്രണ്ടിനും സബൂർ പതിനെട്ടിനുമാണ് അവതരിച്ചത്. ഇന്ന് അവലംബിക്കാവുന്ന ഏകവേദഗ്രന്ഥമെന്ന നിലയ്ക്ക് ഈ വിശുദ്ധ വേളയിൽ ഖുർആനും സമകാലിക സമൂഹവും തമ്മിലുള്ള പാരസ്പര്യം പരിശോധിക്കുന്നത് സംഗതമായിരിക്കും. പഴയകാല മുസ്ലിം മുന്നേറ്റങ്ങളുടെ ചരിത്രം ചികയുമ്പോൾ മൂലധനമായി വർത്തിച്ചത് വിശുദ്ധ ഖുർആൻ മാത്രമായിരുന്നുവെന്നു കാണാം. ഇസ്ലാമിക നാഗരികതയുടെ പിന്നിൽ പ്രചോദനമായിരുന്നത് ഖുർആനായിരുന്നു.

ഒരു സാധാരണ പുസ്തകം ശരിക്കും ഗ്രഹിക്കുകയും അത് മനപ്പാഠമാക്കുകയും ചെയ്താൽ പിന്നെ ആവർത്തിച്ചാവർത്തിച്ചു ഉരുവിടുന്നതിൽ വലിയ ഫലമൊന്നുമില്ല. എന്നാൽ വേദഗ്രന്ഥമായ വിശുദ്ധ ഖുർആൻ ദിവ്യവചനമായതുകൊണ്ടുതന്നെ അത് ആവർത്തിച്ചാവർത്തിച്ചു പാരായണം ചെയ്യുന്നത് പുണ്യമാണ്. പുണ്യങ്ങൾ പൂത്തിറങ്ങുന്ന ഈ വിശുദ്ധമാസത്തിൽ ഒരു നന്മ ചെയ്താൽ എഴുപതിനായിരം പുണ്യം കരസ്‌ഥമാകും. ഖുർആൻ അവതരിച്ച മാസമായതിനാൽ ഖുർആൻ പാരായണത്തിനും പതിന്മടങ്ങ് പ്രതിഫലവും പുണ്യവും അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.

ലോകത്തിലെ ആദ്യത്തെ ദൈവിക ഭവനമായ മക്കയിലെ കഅ്ബയുടെ കൽപ്പടവുകൾ പടുത്തുയർത്തുന്ന വേളയിൽ ഹസ്റത്ത് ഇബ്റാഹീം നബിയും മകൻ ഇസ്മാഈൽ നബിയും നടത്തിയ പ്രാർഥന ഖുർആൻ ഉദ്ധരിക്കുന്നു. ‘‘അവർക്കിടയിൽ നിന്റെ ദൃഷ്‌ടാന്തങ്ങൾ വായിക്കുകയും ഗ്രന്ഥങ്ങളും തത്വങ്ങളും പഠിപ്പിക്കുകയും അവരെ സംസ്കാരമുള്ളവരാക്കുകയും ചെയ്യുന്ന ഒരു പ്രവാചകനെ അവരിൽ നിന്നു നീ നിയോഗിക്കേണമേ’’’


തിരുനബി (സ) പറഞ്ഞു:– അള്ളാഹുവിന്റെ ഭവനത്തിൽ ഒരു സമൂഹം ഖുർആൻ പാരായണം ചെയ്യുകയും അതിനെ അവർക്കിടയിൽ പഠിപ്പിക്കുകയും ചെയ്യുമ്പോൾ അവരിൽ ശാന്തിയും സമാധാനവും ഇറങ്ങും. അവരെ അല്ലാഹുവിന്റെ അനുഗ്രഹം പൊതിയുകയും മാലാഖമാർ വലയം ചെയ്യുകയും ചെയ്യും. അവരെ കുറിച്ച് അല്ലാഹു സമീപസ്തരോട് വാചാലനാവുകയും ചെയ്യും (മുസ്ലിം). ഭൗതികവും ആത്മീയവുമായ പരിശുദ്ധിയോടെയാണ് ഖുർആൻ പാരായണം ചെയ്യേണ്ടത്. അർഥം അറിഞ്ഞും അറിയാതെയും പാരായണമാകാം. ഹൃദയസാന്നിധ്യം, ഖുർആൻ സാരാംഗം ചിന്തിക്കൽ, ഖുർആൻ സംബോധന തന്നോടാണെന്ന ബോധ്യം എന്നിത്യാദി ആധ്യാത്മികമായ മര്യാദകൾ പാലിച്ചുകൊണ്ടായിരിക്കണം പാരായണം.

സ്വർഗത്തെക്കുറിച്ച് പരാമർശമുണ്ടാകുമ്പോൾ റബ്ബിനോട് സ്വർഗം തേടുകയും നരകവാർത്തകൾ പാരായണം ചെയ്യുമ്പോൾ പശ്ചാത്തപിക്കുകയും കാവൽ തേടുകയും വേണമെന്നതും ഖുർ ആൻ പാരായണ മര്യാദകളാണ്. ഇത്രയും ഗഹനമായൊരു വേദഗ്രന്ഥം കൈയിലുണ്ടായിട്ടും വിചിന്തനത്തെക്കുറിച്ച് വൈമനസ്യം കാണിക്കുന്നത് ന്യായീകരിക്കാനാകില്ല. ആറാം നൂറ്റാണ്ടിൽ കാട്ടറബികളുടെ ഊഷരമായ മനസിൽ വിപ്ലവം ജ്വലിപ്പിച്ച ഖുർആൻ പരിഷ്കൃത സമൂഹമായ നമുക്കിടയിൽ പരിചിന്തത്തിനു പ്രമാണമാകുന്നില്ലെങ്കിൽ അതാണ് ആത്മീയ പരാജയം.


<യ>മുഹമ്മദ് ശരീഫ് നിസാമി (ഇമാം ഹികമിയ്യ ജുമാ മസ്ജിദ്, മഞ്ചേരി)