സത്യസന്ധതയുടെ പരിശീലന കളരി
സത്യസന്ധതയുടെ പരിശീലന കളരി
നോമ്പുകൊണ്ട് അല്ലാഹു സൃഷ്‌ടികളിൽ നിന്നും ഉദ്ദേശിക്കുന്നത് സംശുദ്ധമായ ജീവിതത്തിന് അവരെ പാകപ്പെടുത്തലാണ്. വാക്കിലും നോക്കിലും പ്രവൃത്തികളിലും നിയന്ത്രണം പാലിക്കാത്തവർ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് പട്ടിണി കിടന്നാൽ അത് നോമ്പ് ആകുകയില്ല. ഹൃദയംകൊണ്ടുകൂടി ആചരിക്കാത്ത നോമ്പ് അല്ലാഹുവിന് ആവശ്യമില്ല. ആരെങ്കിലും കള്ളവാക്കുകളും അതിനാലുള്ള പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ലെങ്കിൽ അവന്റെ നോമ്പ് സ്വീകാര്യമല്ലെന്ന് പ്രവാചകൻ വിവരിച്ചിട്ടുണ്ട്.

റംസാൻ സത്യസന്ധതയുടെ പരിശീലന കളരിയാണ്. വിശ്വാസികളുടെ അടയാളമാണ് സത്യസന്ധത. നബി (സ) പറഞ്ഞു.– ഒരു കപടവിശ്വാസിയുടെ അടയാളം മൂന്നാണ്. അവൻ സംസാരിച്ചാൽ കള്ളം പറയും. വാഗ്ദത്തം ചെയ്താൽ ലംഘിക്കും. വിശ്വസിച്ചാൽ വഞ്ചിക്കും.– കാപട്യമുള്ളവരാണ് കളവ് പറയുന്നത്.

സത്യസന്ധരാകുക അത്ര എളുപ്പമല്ല. നാമുൾക്കൊള്ളുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് സത്യസന്ധത. എല്ലാ രംഗത്തും അതു തെളിഞ്ഞു നിൽക്കണം. അപകടാവസ്‌ഥയിൽ പോലും സത്യസന്ധത മുറുകെ പിടിക്കണമെന്നാണ് നബി (സ)യുടെ ഉദ്ബോധനം. വാക്കും പ്രവൃത്തിയും ചിന്തയും സത്യസന്ധമായിരിക്കണം. ഭൗതീകമായ പല പ്രലോഭനങ്ങളും നമ്മെ സത്യസന്ധതയിൽ നിന്നു വഴി തെറ്റിക്കുന്ന ഘടകങ്ങളാണ്. തമാശക്കു പോലും മനുഷ്യൻ കള്ളം പറയുന്നുണ്ട്. താത്കാലിക ലാഭേച്ഛയാണിതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ചെറിയ കള്ളംപോലും നിസാരമാക്കാൻ പാടില്ല. ഒരു കള്ളം പറഞ്ഞാൽ അതു സ്‌ഥാപിക്കാൻ നിരവധി കള്ളങ്ങൾ പറയേണ്ടി വരും. നാം നിസാരമായി ഗണിക്കുന്ന കൊച്ചുകൊച്ചു കളവുകളാണ് വലുതായി മാറുന്നതെന്ന് വിസ്മരിക്കരുത്. പലതുള്ളി പെരുവെള്ളം എന്നാണല്ലോ തത്വം. കുട്ടികളോടുപോലും കളവ് പറയരുതെന്നാണ് നബി (സ) പഠിപ്പിച്ചത്.


നമ്മുടെ വാക്കുകളും പ്രവർത്തനങ്ങളുമെല്ലാം സ്രഷ്‌ടാവ് നിരീക്ഷിക്കുന്നുണ്ട്. ഈ ചിന്തയിലാകണം നമ്മുടെ ഓരോ കർമങ്ങളും. അതിനുള്ള പരിശീലനം കൂടിയാകണം നമുക്ക് റംസാൻ. ആത്മീയ ഉന്നതിക്കായുള്ള പരിശീലനത്തിനു നാം ഈ അവസരം ഉപയോഗപ്പെടുത്തണം.

<യ>എം.എ. ഖാസിം മുസ്ലിയാർ, കുമ്പള