ഖുർആൻ പാരായണത്തിന്റെ മഹത്വം
ഖുർആൻ പാരായണത്തിന്റെ മഹത്വം
റംസാനും ഖുർആനും തമ്മിൽ വിട്ടുപിരിക്കാൻ കഴിയാത്ത ബന്ധമാണുള്ളത്. ഖുർആൻ അവതരിച്ച മാസമാണ് എന്നതാണ് റംസാൻ വ്രതത്തിന്റെ അടിസ്‌ഥാന കാരണം തന്നെ. ഖുർആൻ അവതരിച്ചത് റംസാനിലാണെന്നും പ്രസ്തുത മാസത്തിന് സാക്ഷികളായവർ നോമ്പെടുക്കണമെന്നും അല്ലാഹു ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഖുർആനിലേക്കുള്ള മടക്കത്തിനാണ് നാം മുൻഗണന നൽകേണ്ടത്. ഖുർആൻ പാരായണം, പഠനം, ഖുർആനിന്റെ ആശയങ്ങളിലുള്ള ചിന്ത മുതലായവയ്ക്ക് സവിശേഷ പ്രാധാന്യമുണ്ട്.

നബി(സ) പറഞ്ഞു:’ഖുർആനിൽ ഒരക്ഷരം ഓതിയവന് പത്ത് നന്മയുണ്ട്. നന്മ അതിന്റെ പത്തിരട്ടി ഫലദായകമാണ്. അലിഫ് ലാം മീം എന്നത് ഒരക്ഷരമാണെന്ന് ഞാൻ പറയുന്നില്ല. അലിഫ് ഒരക്ഷരം. ലാം ഒരക്ഷരം. മീം മറ്റൊരക്ഷരം’. വിശുദ്ധ ഖുർആൻ പാരായണത്തിന്റെ ശ്രേഷ്ഠത ഇതിൽ നിന്നും വ്യക്‌തമാണ്. അല്ലാഹു പ്രപഞ്ചത്തിന് നൽകിയ വെളിച്ചമാണ് ഖുർആൻ. അർഥമറിയാതെ പാരായണം ചെയ്താൽ പോലും പുണ്യം ലഭിക്കുന്ന ഗ്രന്ഥമാണത്. അതിലെ ഓരോ അക്ഷരത്തിനും പ്രതിഫലമുണ്ട്. അതിനാൽ എപ്പോഴും സാധ്യമാകുന്നത്ര ഖുർആൻ ഓതാൻ വിശുദ്ധ റംസാനിൽ നാം പ്രത്യേകം ശ്രദ്ധിക്കണം. ഖുർആനുമായി ബന്ധപ്പെടാത്ത ഒരു ദിവസവും നമുക്ക് ഉണ്ടാകാൻ പാടില്ല. ഖുർആൻ മനഃപാഠമാക്കുന്നത് വലിയ പുണ്യമാണ്. മനഃപാഠം നഷ്‌ടപ്പെട്ടവർ അത് വീണ്ടും പഠിക്കാനുള്ള അവസരമായി ഈ റംസാൻ ഉപയോഗപ്പെടുത്തണം.’ഖുർആനില്ലാത്ത ഹൃദയം വിളക്കില്ലാത്ത വീട് പോലെ’യാണെന്നാണ് നബി(സ) പഠിപ്പിച്ചത്. ഖുർആൻ മറ്റുള്ളവർ ഓതുന്നതു കേൾക്കലും ഖുർആനിലേക്ക് നോക്കലും വലിയ പുണ്യമാണ്. പാരായണ മര്യാദകൾ പാലിച്ചാണ് ഖുർആൻ ഓതേണ്ടത്.


വിശുദ്ധമായ മാസത്തിൽ ഖുർആനിന് അതർഹിക്കുന്ന പരിഗണന നാം നൽകണം. പഴയകാലത്തിനേക്കാൾ നമുക്ക് ഒരുപാട് സൗകര്യം കൂടി. നമ്മുടെ സന്തതസഹചാരിയായി നാം കൊണ്ട് നടക്കുന്ന മൊബൈൽ ഫോണിൽ ഖുർആൻ പാരായണം ചെയ്യാനുള്ള സൗകര്യം നമുക്കുണ്ട്. നമ്മിൽ എത്രപേർ അത് ഉപയോഗപ്പെടുത്തുന്നുണ്ട്? മുമ്പത്തേക്കാൾ ഇബാദത്തിന് നമുക്ക് സൗകര്യമുണ്ട്. ജീവിത നിലവാരം നമുക്ക് എത്രയോ ഉയർന്നു. എന്നിട്ടും നമ്മുടെ ആത്മീയനിലവാരം താണുപോകുന്നതിന് എന്തുണ്ട് നമുക്ക് ന്യായം?

ആരാരുമില്ലാത്ത നേരം നാം തനിച്ച് നമ്മുടെ ഖബറിൽ കിടക്കേണ്ടി വരുന്ന കാലത്ത് നമ്മുടെ കൂട്ടിനുണ്ടാകേണ്ടതാണ് നമ്മുടെ വിശുദ്ധ ഗ്രന്ഥം. പക്ഷെ കാലം മാറുന്നതിനുസരിച്ച് ഭൗതികതയ്ക്ക് കീഴ്പ്പെട്ട നമുക്ക് ഖുർആൻ പാരായണവും പഠനവും ഒരിക്കലും സാധ്യമാകാതെ പോകുന്നു. അപകടകരമായ ഇത്തരം സമീപനങ്ങളിൽ നിന്നും നാം മാറി ഉണർന്നു ചിന്തിക്കാനുള്ള അവസരമായി റംസാൻ ഉപയോഗപ്പെടുത്തണം.

<യ>സയ്യിദ് മുഹമ്മദ്കോയ തങ്ങൾ ജമലുല്ലൈലി (കോഴിക്കോട് ഖാസി)