കാപ്പാട്ടെ മാനത്ത് ഉദിച്ച റംസാൻ നിലാവ്
കാപ്പാട്ടെ മാനത്ത് ഉദിച്ച റംസാൻ നിലാവ്
ചരിത്ര പുരുഷൻ വാസ്ഗോഡഗാമയുടെ കാലടി പതിഞ്ഞ മണ്ണാണ് കാപ്പാട്. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെട്ട കടലോരം. ദഫിന്റെയും അറബനയുടെയും താളപ്പെരുക്കമുളള കാപ്പാട് മാസപ്പിറവി കാണുന്നതിലൂടെയും കേരളത്തിൽ ശ്രദ്ധേയമാണ്.

ഞായറാഴ്ച കാപ്പാട്ടെ മാനത്ത് ഉദിച്ചു കണ്ട ചന്ദ്രക്കലയാണ് കേരളത്തിലെ മുസ്ലിംങ്ങളെ ഒരു മാസത്തെ വ്രതാനുഷ്ഠാനമായെന്ന് അറിയിച്ചത്. ലോകത്ത് ചന്ദ്രക്കലയുടെ അടിസ്‌ഥാനത്തിൽ മാസപ്പിറവി നിശ്ചയിക്കുന്ന ഏക മതമാണ് ഇസ്ലാം. ആയതിനാൽ മുസ്ലിങ്ങൾക്ക് പൊന്നമ്പിളിയുടെ ആദ്യകീറ് വിശ്വാസത്തിന്റെ നേർവരയാണ്. ഇവയിൽ ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്നത് റംസാൻ, ശവ്വാൽ മാസപ്പിറവികൾക്കാണ്. റംസാൻ, നോമ്പിന്റെയും ശവ്വാൽ, ചെറിയ പെരുന്നാളിന്റെയും വരവ് അറിയിക്കുന്നു.

കോഴിക്കോട് ജില്ലയിലെ കാപ്പാട്, ബേപ്പൂർ, മലപ്പുറം ജില്ലയിലെ തിരൂർ കൂട്ടായി, ചാവക്കാട്, കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം എന്നിവടങ്ങളിലെല്ലാമാണ് മാസപ്പിറവിയുടെ ആദ്യ കാഴ്ചക്കാരുണ്ടാകാറുളളത്. ഇതിൽ ഏറ്റവും കൂടുതൽ മാസപ്പിറവി കണ്ടത് കാപ്പാട് മാനത്താണ്. മൽസ്യബന്ധനവുമായി ബന്ധപ്പെടുന്നവർക്കാണ് മാസപ്പിറവി പെട്ടെന്ന് ദൃശ്യമാവുക. കടലിന്റെയും കാറ്റിന്റെയും ദിശയും മാനത്തിന്റെ ചാഞ്ചാട്ടവും തിരിച്ചറിയുന്നവരുടെ കണ്ണിൽ മാസപ്പിറവി വളരെ വേഗം പ്രത്യക്ഷപ്പെടും.
സൂര്യന്റെ ഇടതും വലതുമായി ആറ് മാസം മാറിമാറിയാണ് ചന്ദ്രൻ പ്രത്യക്ഷപ്പെടുക. വളർച്ച എത്തിയ ചന്ദ്രക്കലയും വളർച്ച എത്താത്ത ചന്ദ്രക്കലയുമുണ്ട്. വളർച്ച എത്തിയത് മാനത്ത് ഏറെ നേരമുണ്ടാകും. ഇത് മറ്റൊരാൾക്ക് കാണിച്ചു കൊടുക്കാനും കഴിയും. എന്നാൽ വളർച്ചയില്ലാത്തവ നിമിഷനേരം കൊണ്ട് മാഞ്ഞുപോകും. ഇവ കാണുവാനും പ്രയാസമാണ്. മാനം നിരീക്ഷിക്കുന്നവർക്ക് മഴമേഘങ്ങൾ മറച്ചില്ലെങ്കിൽ മാസപ്പിറവി പെട്ടെന്ന് കാണാൻ സാധിക്കും.


ഒരു സമുദായത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് മാസപ്പിറവി ദൃശ്യം. ആയതിനാൽ തന്നെ മാസപ്പിറവിയുടെ ആദ്യ ദൃശ്യം നഗ്ന നേത്രം കൊണ്ട് കണ്ടാൽ അവർ തക്ബീർ മുഴക്കും. പിന്നീട് കൂടെയുളളവർക്ക് കാണിച്ചു നൽകും. ഇതിനു ശേഷം കാപ്പാട്ടെ വലിയ ജമാഅത്ത് പളളി ഖാസിയെ വിവരമറിയിക്കും. പളളി ഖാസിക്ക് വിശ്വാസമുളളയാളാണെങ്കിലും ചോദ്യങ്ങളുണ്ടാകും. ഒരു സമുദായത്തെ ഒന്നടങ്കം വിശ്വസിപ്പിക്കുകയാണ്. ഇത് കളവാക്കപ്പെട്ടാൽ വിശ്വസിപ്പിച്ച ആൾക്കാണ് കൊടിയ പാപം. ആയതിനാൽ കണ്ട ദൃശ്യത്തിന്റെ പൊരുൾ ഖാസിയുടെ ചോദ്യത്തിനനുസരിച്ച് വിശദീകരിക്കണം. ഖാസിക്ക് വിശ്വാസം വരുന്നതോടെയാണ് മറ്റു മഹല്ല് ഖാസിമാർക്ക് വിവരം അറിയിക്കുക. സൂര്യൻ അസ്തമിച്ച് മിനിട്ടുകൾ കഴിഞ്ഞാണ് ചന്ദ്ര ദൃശ്യമുണ്ടാവുക. വാവുളള ദിവസങ്ങളിൽ ചന്ദ്രദൃശ്യം അപ്രത്യക്ഷമാകും. തുടർന്നുളള ദിവസങ്ങളിൽ പ്രത്യക്ഷമാകുന്ന ചന്ദ്രപ്പിറക്ക് പൂർണ വളർച്ച എത്തിയിട്ടുണ്ടാവും.
സൂര്യനെപ്പോലെ കിഴക്കിലാണ് ചന്ദ്രനും ഉദിക്കുന്നത്. ഒഴുകി കൊണ്ടിരിക്കുന്ന മേഘങ്ങൾ ചന്ദ്രനെ പെട്ടെന്ന് മറക്കുന്നതിനാൽ ആദ്യ ചന്ദ്രക്കല ദൃശ്യം അൽപ്പസമയം മാത്രമാണ് ഉണ്ടാവുക. മാസപ്പിറവി മുൻകാലത്ത് പളളികളിൽ നിന്നും റോഡിയോ വഴിയുമാണ് വിശ്വാസികൾ അറിഞ്ഞിരുന്നത്. ആധുനിക കാലത്ത് മാസപ്പിറവി നിമിഷനേരം കൊണ്ടറിയാനുളള സാങ്കേതിക വിദ്യയുണ്ട്.

<യ>എ.എഫ്.ഷാഹിന