റബര്‍ തോട്ടങ്ങളുടെ ജിയോ മാപ്പിംഗ് ആരംഭിച്ചു
Saturday, June 21, 2025 2:08 AM IST
പാലാ: ഇന്ത്യയില്‍നിന്ന് യൂറോപ്യന്‍ യൂണിയനിലേക്കുള്ള റബറിന്റെയും റബറുത്പന്നങ്ങളുടെയും കയറ്റുമതി ഉറപ്പാക്കുന്നതിനായി റബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ റബര്‍ത്തോട്ടങ്ങളുടെ ജിയോ മാപ്പിംഗ് ആരംഭിച്ചു.
മീനച്ചില്‍ താലൂക്കിലെ ഭരണങ്ങാനം, കടപ്ലാമറ്റം, ഇലക്കാട്, കുറിച്ചിത്താനം, മോനിപ്പള്ളി, പുലിയന്നൂര്‍, ഉഴവൂര്‍, വള്ളിച്ചിറ എന്നീ വില്ലേജുകളില്‍ ജിയോ മാപ്പിംഗ് പുരോഗമിക്കുകയാണ്.
ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രയമ്പു ടെക് സെലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെയാണ് ജിയോ മാപ്പിംഗിനായി റബര്‍ ബോര്‍ഡ് നിയോഗിച്ചിട്ടുള്ളത്. എന്യുമറേറ്റര്മാര് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ച് ജിയോ മാപ്പിംഗ് നടത്തും.
ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബര്‍ത്തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മാപ്പിംഗ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന വിവരങ്ങള്‍ റബര്‍ ബോര്‍ഡിന്റെ കേന്ദ്രീകൃത ഡാറ്റാബേസില്‍ സൂക്ഷിക്കുകയും വിവരങ്ങളുടെ രഹസ്യാത്മകത ഉറപ്പാക്കുകയും ചെയ്യും.
വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനായി തോട്ടമുടമകള്‍ക്കും റബര്‍ ഡീലര്‍മാര്‍ക്കും വ്യവസായികള്‍ക്കും അവബോധന പരിപാടികളും റബര്‍ ബോര്‍ഡ് നടത്തിവരുന്നുണ്ട്.
കര്‍ഷകര്‍ക്ക് ഗുണം ചെയ്യും
ഇയുഡിആര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഇന്ത്യയിലെ റബര്‍ കര്‍ഷകര്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യും. ഇന്ത്യയില്‍നിന്ന് ഒരു വര്‍ഷം 50,000 കോടി രൂപയുടെ റബറും റബറുത്പന്നങ്ങളുമാണ് കയറ്റുമതി ചെയ്യപ്പെടുന്നത്. ഇതിന്റെ 28 ശതമാനവും യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളിലേക്കാണ് കയറ്റി അയയ്ക്കുന്നത്.
പ്രകൃതിദത്ത റബറും ഉത്പന്നങ്ങളും യൂറോപ്യന്‍ യൂണിയന്റെ വനനാശന നിയന്ത്രണ ചട്ടങ്ങള്‍ക്ക് വിധേയമായ ഉത്പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് റിസ്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും തോട്ടങ്ങളുടെ ജിയോ ലൊക്കേഷനുകള്‍ ഉള്‍പ്പെടെ വിതരണശൃംഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യൂറോപ്യന്‍ യൂണിയന് ഡീഫോറസ്റ്റേഷന്‍ റെഗുലേന്സ് (ഇയുഡിആര്‍) ചട്ടങ്ങള്‍ പാലിച്ച് ശേഖരിക്കേണ്ടതുണ്ട്.
റബറിന്റെയും റബറുത്പന്നങ്ങളുടെയും കയറ്റുമതിയുമായി ബന്ധപ്പെട്ട് ട്രേസബിലിറ്റി സിസ്റ്റം വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിലെ റബര്‍ വളരുന്ന പ്രദേശങ്ങള്‍ ഇപ്പോള്‍ മാപ്പ് ചെയ്യുന്നത്.
ആദ്യഘട്ടത്തില്‍ 10 ജില്ലകളെയാണ് ജിയോ മാപ്പിംഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളാണിത്.
- ബി. ശ്രീകുമാര്‍ (അസിസ്റ്റന്റ് ഡയറക്ടര്‍ പബ്ലിസിറ്റി)