ഖത്തർ, ഉസ്ബക്കിസ്ഥാൻ ക്വാർട്ടറിൽ
Tuesday, January 30, 2024 11:34 PM IST
അൽ ഖോർ: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ ഖത്തർ ക്വാർട്ടർ ഫൈനലിൽ. ആദ്യംതന്നെ ഗോൾ നേടി ഞെട്ടിച്ച പലസ്തീനെ ഒന്നിനെതിരേ രണ്ടു ഗോളിനാണു ഖത്തർ തോൽപ്പിച്ചത്.
ഹസൻ അൽ ഹെദോസ്, അക്രം അരീഫിന്റെയും ഗോളുകളാണു ഖത്തറിനു ജയമൊരുക്കിയത്. ഒഡെ ദബാഗാണു പലസ്തീനായി ഗോൾ നേടിയത്. ഏഷ്യൻ കപ്പിൽ ഖത്തർ നേടുന്ന തുടർച്ചയായ 11-ാം ജയമാണിത്.
കളിയുടെ ഒഴുക്കിനു വിപരീതമായി 37-ാം മിനിറ്റിൽ പലസ്തീൻ ഒഡെ ദബാഗിലൂടെ മുന്നിലെത്തി. ആദ്യ പകുതിയിലെ അവസാന കിക്ക് വലയിലാക്കി ഖത്തർ നായകൻ ഹസൻ അൽ ഹെദോസ് സമനില നൽകി.
രണ്ടാം പകുതി തുടങ്ങി നാലുമിനിറ്റ് കഴിഞ്ഞതേ ഖത്തർ അരിഫീന്റെ പെനാൽറ്റിയിലൂടെ ലീഡ് നേടി. പെനാൽറ്റി ബോക്സിനുള്ളിൽവച്ച് അൽമോസ് അലിയെ മുഹമ്മദ് സലെ വീഴ്ത്തിയതിനായിരുന്നു സ്പോട് കിക്ക്. ഉസ്ബക്കിസ്ഥാൻ 2-1ന് തായ്ലൻഡിനെ തോല്പിച്ച് ക്വാർട്ടറിലെത്തി.