ഒന്നുറപ്പിച്ച് അര്‍ജന്റീന
Saturday, June 7, 2025 12:35 AM IST
നൂനോവ (ചിലി): യുവതാരങ്ങള്‍ക്കു മുന്‍തൂക്കം നല്കി ഇറങ്ങിയ അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ ചിലിക്കായില്ല. 2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന 1-0നു ചിലിയെ കീഴടക്കി. 16-ാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വാരെസ് നേടിയ ഗോളിലായിരുന്നു അര്‍ജന്റീനയുടെ ജയം. ലയണല്‍ മെസി 57-ാം മിനിറ്റിലാണ് സൈഡ് ബെഞ്ചില്‍നിന്നു കളത്തിലെത്തിയത്.
ജയത്തോടെ 15 മത്സരങ്ങളില്‍നിന്ന് അര്‍ജന്റീനയ്ക്ക് 34 പോയിന്റായി. ലോകകപ്പ് യോഗ്യത നേരത്തേ ഉറപ്പിച്ച അര്‍ജന്റീന ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുമെന്നും ഉറപ്പായി. കാരണം, രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ഇക്വഡോര്‍, പരാഗ്വെ ടീമുകള്‍ക്ക് 15 മത്സരങ്ങളില്‍ 24 പോയിന്റ് വീതമേയുള്ളൂ. യോഗ്യതാ റൗണ്ടില്‍ ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ അര്‍ജന്റീന തോല്‍ക്കുകയും ഇക്വഡോറും പരാഗ്വെയും ജയിക്കുകയും ചെയ്താലും, 33 പോയിന്റില്വരെ എത്താനേ ഇരുടീമിനും സാധിക്കൂ.
ആന്സിലോട്ടിക്കു സമനില
സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡില്‍നിന്ന് ബ്രസീലിന്റെ ചുമതലയിലേക്കെത്തിയ ഇറ്റാലിയന്‍ പരിശീലകന് കാര്‍ലോ ആന്‍സിലോട്ടിക്ക് ആദ്യ മത്സരത്തില്‍ ജയം നേടാനായില്ല. ഇക്വഡോറിന് എതിരായ എവേ പോരാട്ടത്തില്‍ ബ്രസീല്‍ 0-0നു സമനിലയില്‍ പിരിഞ്ഞു. റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂണിയറിന് ആന്‍സിലോട്ടി 10-ാം നമ്പര്‍ ജഴ്സി നല്കിയെന്നതും ശ്രദ്ധേയം.
മറ്റൊരു മത്സരത്തില്‍ പരാഗ്വെ 2-0ന് ഉറുഗ്വെയെ തോല്‍പ്പിച്ചു. 15 മത്സരങ്ങളില്‍നിന്ന് 22 പോയിന്റുമായി ബ്രസീല്‍ നാലാം സ്ഥാനത്താണ്. ആദ്യ ആറു സ്ഥാനക്കാര്‍ക്കാണ് നേരിട്ടു ലോകകപ്പ് യോഗ്യത ലഭിക്കുക. ഏഴാം സ്ഥാനക്കാര്‍ക്കു പ്ലേ ഓഫ് കളിച്ചും യോഗ്യത നേടാം.