ഇഗ ഷ്യാങ്ടെക് സെമിയില്‍
Wednesday, June 4, 2025 1:21 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ നിലവിലെ കിരീടാവകാശിയായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് സെമിയില്‍. യുക്രെയ്നിന്റെ എലീന സ്വിറ്റോളിനയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് ഇഗയുടെ സെമി ഫൈനല്‍ പ്രവേശം.
സ്കോര്‍: 6-1, 7-5. ഇഗ ഇതോടെ കളിമണ്‍ കോര്‍ട്ടില്‍ 100 ജയം സ്വന്തമാക്കി. ഓപ്പണ്‍ കാലഘട്ടത്തില്‍ അതിവേഗത്തില്‍ 100 കളിമണ്‍കോര്‍ട്ട് ജയം സ്വന്തമാക്കുന്ന വനിതകളില്‍ മൂന്നാം സ്ഥാനത്തും പോളിഷ് താരമെത്തി. 114 മത്സരങ്ങളിലാണ് ഇഗയുടെ 100 ജയം. ക്രിസ് എവേര്‍ട്ട്, മാര്‍ഗരറ്റ് കോര്‍ട്ട് (ഇരുവരും 109), മോണിക്ക സെലസ് (113) എന്നിവരാണ് ഇക്കാര്യത്തില്‍ ഇഗയ്ക്കു മുന്നിലുള്ളത്.
ഇഗ x സബലെങ്ക
ചൈനയുടെ ക്വിന്‍വെന്‍ സെങിനെ ക്വാര്‍ട്ടറില്‍ കീഴടക്കിയ ലോക ഒന്നാം നമ്പര്‍ താരമായ ബെലാറൂസിന്റെ അരീന സബലെങ്കയാണ് സെമിയില്‍ ഇഗ ഷ്യാങ്ടെക്കിന്റെ എതിരാളി. 7-6 (7-3), 6-3 എന്ന സ്കോറിനാണ് സബലെങ്ക ക്വാര്‍ട്ടറില്‍ ചൈനീസ് താരത്തെ കെട്ടുകെട്ടിച്ചത്. സബലെങ്കയ്ക്ക് ഇതുവരെ ഫ്രഞ്ച് ഓപ്പണ്‍ ട്രോഫിയില്‍ മുത്തംവയ്ക്കാന്‍ സാധിച്ചിട്ടില്ല.
പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ ഇറ്റലിയുടെ യാനിക് സിന്നര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. റഷ്യയുടെ ആന്ദ്രെ റുബ്ലെവിനെയാണ് സിന്നര്‍ പ്രീക്വാര്‍ട്ടറില്‍ കീഴടക്കിയത്. സ്കോര്‍: 6-1, 6-3, 6-4. ബ്രിട്ടന്റെ അഞ്ചാം സീഡായ ജാക് ഡ്രെപ്പറിനെ അട്ടിമറിച്ച (7-5, 3-6, 2-6, 4-6) സീഡില്ലാത്ത കസാക്കിസ്ഥാന്‍ താരം അലക്സാണ്ടര്‍ ബബ്ലിക്കാണ് ക്വാര്‍ട്ടറില്‍ സിന്നറിന്റെ എതിരാളി.
റോളങ് ഗാരോസില്‍ 26
കഴിഞ്ഞ മൂന്നു തവണയും (2022, 2023, 2024) റോളങ് ഗാരോസില്‍ ട്രോഫി സ്വന്തമാക്കിയ ഷ്യാങ്ടെക്കിന്റെ ഫ്രഞ്ച് ഓപ്പണിലെ തുടര്‍ച്ചയായ 26-ാം ജയമാണ് ഇന്നലെ കുറിക്കപ്പെട്ടത്. ഈ നൂറ്റാണ്ടില്‍ ഏതെങ്കിലും ഒരു ഗ്രാന്സ്ലാമില് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ജയമെന്ന (26) സെറീന വില്യംസിന്റെ (2012-25 യുഎസ് ഓപ്പണ്‍) റിക്കാര്‍ഡിന് ഒപ്പവും ഇതോടെ ഇരുപത്തിനാലുകാരിയായ പോളിഷ് താരം എത്തി.