ജോക്കോ 99
Monday, June 2, 2025 2:43 AM IST
പാരീസ്: കരിയറില്‍ 100 ട്രോഫികള്‍ എന്ന നേട്ടം കുറിച്ചശേഷം ഫ്രഞ്ച് ഓപ്പണ്‍ പോരാട്ടത്തിനായി റോളങ് ഗാരോസില്‍ എത്തിയ സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ച് മുന്നേറ്റം തുടരുന്നു. ഫ്രഞ്ച് ഓപ്പണില്‍ 99 ജയം എന്ന നേട്ടം 24 ഗ്രാന്സ്ലാം ജേതാവായ ജോക്കോവിച്ച് കുറിച്ചു. പുരുഷ സിംഗിള്‍സിന്റെ മൂന്നാം റൗണ്ടില്‍ ഓസ്ട്രിയന്‍ താരം ഫിലിപ്പ് മിസോളിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണില്‍ തന്റെ 99-ാം ജയം സ്വന്തമാക്കിയത്. സ്കോര്‍: 6-3, 6-4, 6-2.
മേയ് 24നു നടന്ന ജെനീവ ഓപ്പണ്‍ ടെന്നീസ് ജേതാവായാണ് ജോക്കോവിച്ച് കരിയറില്‍ 100 ട്രോഫി തികച്ചത്. 25-ാം ഗ്രാന്‍സ് ലാം എന്ന ചരിത്രത്തിനായാണ് ജോക്കോവിച്ചിന്റെ ശ്രമം. പ്രീക്വാര്‍ട്ടറില്‍ ബ്രിട്ടന്റെ കാമറൂണ്‍ നോറിയാണ് ജോക്കോവിച്ചിന്റെ എതിരാളി.
പുരുഷ സിംഗിള്‍സില്‍ അമേരിക്കയുടെ ടോമി പോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഓസ്ട്രേലിയയുടെ അലക്സി പോപ്പിരിനെ പ്രീക്വാര്‍ട്ടറില്‍ കീഴടക്കിയാണ് ടോമി പോള്‍ അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്കോര്‍: 6-3, 6-3, 6-3.
ഇന്ത്യന്‍ സഖ്യങ്ങള്‍ പുറത്ത്
പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ, യൂകി ഭാംബ്രി സഖ്യങ്ങള്‍ മൂന്നാം റൗണ്ടില്‍ പുറത്ത്. രോഹന് ബൊപ്പണ്ണയും ചെക് താരം ആദം പാവ്ലാസെക്കും ചേര്‍ന്നുള്ള കൂട്ടുകെട്ടിനെ അമേരിക്ക-ഫിന്‍ലന്‍ഡ് സഖ്യമായ ഹെന് റി പാറ്റേണ്‍ - ഹാരി ഹെലിയോവാര കീഴടക്കി. സ്കോര്‍: 6-2, 7-6 (7-5).
ഷ്യാങ്ടെക്
വനിതാ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനും ലോക അഞ്ചാം നമ്പറുമായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കിനു പ്രീക്വാര്‍ട്ടറില്‍ തിരിച്ചുവരവ് ജയം. സ്കോര്‍: 1-6, 6-3, 7-5.
വനിതാ സിംഗിള്‍സില്‍ ഇറ്റലിയുടെ നാലാം സീഡായ ജാസ്മിന് പൗളിനി പ്രീക്വാര്‍ട്ടറില്‍ പുറത്ത്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ പൗളിനിയെ കീഴടക്കി യുക്രെയ്ന്റെ എലിന സ്വിറ്റോളിന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 13-ാം സീഡായ സ്വിറ്റോളിന 4-6, 7-6 (8-6), 6-1നായിരുന്നു പ്രീക്വാര്‍ട്ടര്‍ ജയിച്ചത്.
ചൈനയുടെ ഷെങ് ക്വിന്വെന്നും അവസാന എട്ടില്‍ ഇടംപിടിച്ചു. റഷ്യയുടെ 19-ാം സീഡായ ലിയുഡ്മില സാംസോനോവയെ 7-6 (7-5), 1-6, 6-3നു മറികടന്നാണ് എട്ടാം സീഡായ ക്വിന്‍വെന്‍ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ കടന്നത്.