സിന്നർ ജയം
Thursday, May 29, 2025 11:45 PM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ലോക ഒന്നാം നമ്പര്‍ താരം ഇറ്റലിയുടെ യാനിക് സിന്നര്‍ മൂന്നാം റൗണ്ടില്‍.
ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗസ്ഖ്വെറ്റിനെയാണ് സിന്നര്‍ രണ്ടാം റൗണ്ടില്‍ കീഴടക്കിയത്. സ്കോര്‍: 6-3, 6-0, 6-4. മൂന്നാം നമ്പര്‍ താരം ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. നെതര്‍ലന്‍ഡ്സിന്റെ ജെസ്പര്‍ ഡി ജോങിനെയാണ് സ്വരേവ് തോല്‍പ്പിച്ചത്. സ്കോര്‍: 3-6, 6-1, 6-2, 6-3.
വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ മൂന്നാം സീഡ് ജെസീക്ക പെഗുല, ആറാം സീഡ് റഷ്യയുടെ മിറ ആന്‍ഡ്രീവ, റഷ്യയുടെ 20-ാം സീഡ് എകറ്റെറിന അലക്സാഡ്രോവ തുടങ്ങിയവര്‍ മൂന്നാം റൗണ്ടിലേക്കു മുന്നേറി. അമേരിക്കയുടെ ആന്‍ ലിയെ കീഴടക്കിയാണ് പെഗുലയുടെ മുന്നേറ്റം. സ്കോര്‍: 6-3, 7-6 (7-3).
ഡി മിനൗര്‍, മെന്‍ഷിക് രണ്ടാം റൗണ്ടിൽ പുറത്ത്
റോളങ് ഗാരോസില്‍ ഇന്നലെയും അട്ടിമറി തുടര്‍ന്നു. ഓസ്ട്രേലിയയുടെ ഒമ്പതാം സീഡ് താരം അലക്സ് ഡി മിനൗര്‍, ചെക് 19-ാം സീഡ് ജാക്കൂബ് മെന്‍ഷിക് എന്നിവര്‍ പുരുഷ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ പുറത്ത്.
പോര്‍ച്ചുഗല്‍ താരം ഹെന്റിഖ് റോച്ചയാണ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ മെന്ഷിക്കിനെ അട്ടിമറിച്ചത്. ആദ്യ രണ്ട് സെറ്റ് നേടിയശേഷമായിരുന്നു ചെക് താരത്തിന്റെ തോല്‍വി. സ്കോര്‍: 6-2, 6-1, 4-6, 3-6, 3-6. വനിതാ സിംഗിള്‍സില്‍ 15-ാം സീഡായ ചെക് താരം ബാര്‍ബോറ ക്രെജ്സിക്കോവ രണ്ടാം റൗണ്ടില്‍ പുറത്തായി.