വിക്കറ്റിനു മുന്നിലും പിന്നിലും പന്താട്ടം...
Monday, June 23, 2025 3:16 AM IST
ലീഡ്സ്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് റിക്കാര്‍ഡുകളില്‍നിന്നു റിക്കാര്ഡുകളിലേക്ക്. ഇംഗ്ലണ്ടിന് എതിരായ ലീഡ്സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ (134) സെഞ്ചുറിയിലൂടെ റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ച പന്ത്, മത്സരത്തിന്റെ മൂന്നാംദിനമായ ഇന്നലെ വിക്കറ്റിനു പിന്നിലെ പ്രകടനത്തിലൂടെയും നേട്ടങ്ങള്‍ സ്വന്തമാക്കി. ടെസ്റ്റില്‍ ഇന്ത്യക്കായി 150 ക്യാച്ച് തികയ്ക്കുന്ന മൂന്നാമത് വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലെത്തി.
എം.എസ്. ധോണി (256 ക്യാച്ച്), സയീദ് കിര്‍മാണി (160) എന്നിവരാണ് പന്തിനു മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍. സേന (SENA) രാജ്യങ്ങളില്‍ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) ഏറ്റവും കൂടുതല്‍ പുറത്താക്കലുള്ള ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റിക്കാര്‍ഡും ഇന്നലെ ഋഷഭ് പന്ത് സ്വന്തമാക്കി.
വീണ്ടും ധോണിയെ പിന്തള്ളി
സേന രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കലുള്ള ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന എം.എസ്. ധോണിയുടെ റിക്കാര്‍ഡാണ് ഇന്നലെ പന്ത് മറികടന്നത്. 55 ഇന്നിംഗ്സില്‍ 109 പുറത്താക്കലായിരുന്നു സേന രാജ്യങ്ങളില്‍ ധോണിക്ക് ഉണ്ടായിരുന്നത്. ഈ റിക്കാര്‍ഡ് ഇന്നലെ തകര്‍ക്കപ്പെട്ടു. ഇംഗ്ലണ്ടിനെതിരേ പന്തിന്റെ നാലാം സെഞ്ചുറിയാണ് ലീഡ്സിലേത്.
ഇംഗ്ലണ്ടിനെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറിയുള്ള വിക്കറ്റ് കീപ്പര്‍ എന്നതില്‍, ഓസീസ് സൂപ്പര്‍ താരങ്ങളായ ആദം ഗില്‍ക്രിസ്റ്റ്, ഇയാന്‍ ഹീലി, ബ്രാഡ് ഹാഡിന്, ന്യൂസിലന്‍ഡിന്റെ ടോം ബ്ലണ്ടെല്‍ എന്നിവരെ പിന്തള്ളി പന്ത് ഒന്നാമത് എത്തിയിരുന്നു. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന (മൂന്ന്) വിക്കറ്റ് കീപ്പര്‍, ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വിക്കറ്റ് കീപ്പര്‍ തുടങ്ങിയ റിക്കാര്‍ഡുകളും പന്ത് മത്സരത്തിന്റെ രണ്ടാംദിനം തിരുത്തിയിരുന്നു.
സേന (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍, ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍, ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സ് നേടിയ വിക്കറ്റ് കീപ്പര്‍ എന്നീ റിക്കാര്‍ഡുകളും പന്ത് ധോണിയില്‍നിന്നു റാഞ്ചി.