വയനാട്ടിലെ മലഞ്ചെരിവുകൾക്കിടയിൽ പച്ചപ്പിന്റെ പുതിയ രാഷ്ട്രീയം എഴുതുകയാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത്. കാലാവസ്ഥാ വ്യതിയാനവും മണ്ണിന്റെ ക്ഷയവും രാസകൃഷിയുടെ ദോഷഫലങ്ങളും കാർഷിക മേഖലയെ വെല്ലുവിളിക്കുന്ന കാലത്ത്, "കാർബണ്‍ തുലിത മീനങ്ങാടി’ എന്ന ആശയം ഗ്രാമത്തിന്റെ കൃഷി സംസ്കാരത്തെയും ജീവിത രീതികളെയും മാറ്റിമറിക്കുകയാണ്.
ഇന്ന് മീനങ്ങാടിയുടെ വീട്ടുമുറ്റങ്ങളിലും വയലുകളിലും പച്ചക്കറി തോട്ടങ്ങൾ നിറയുന്പോൾ, അതിനു പിന്നിൽ പ്രവർത്തിക്കുന്നത് ശാസ്ത്രീയ കൃഷിരീതികളും സമൂഹപങ്കാളിത്തവും ചേർന്നൊരു വലിയ പരീക്ഷണമാണ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന തണൽ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കാർബണ്‍ ഉത്സർജനം കുറയ്ക്കുകയും അതേസമയം കാർബണ്‍ ആഗിരണം വർധിപ്പിക്കുകയും ചെയ്ത് ഗ്രാമതലത്തിൽ പരിസ്ഥിതി സൗഹൃദ വികസനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം മുന്നോട്ട് പോകുന്നത്.
എന്നാൽ, പദ്ധതി പരിസ്ഥിതി സംരക്ഷണത്തിൽ മാത്രം ഒതുങ്ങിയില്ല; ഗ്രാമത്തിലെ കർഷകരുടെ ഉപജീവനത്തെയും ഭക്ഷ്യസുരക്ഷയെയും അത് ശക്തമായി സ്വാധീനിച്ചു.
"മണ്ണാരുക്കാം' വഴി മണ്ണിലേക്കൊരു മടങ്ങിവരവ്
കാർബണ്‍ തുലിത പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ന്ധമണ്ണാരുക്കാം’ ഉപപദ്ധതിയാണ് പച്ചക്കറി കൃഷിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയത്. 24 മാസ്റ്റർ കർഷകരുടെ നേതൃത്വത്തിൽ ഗ്രാമത്തിലെ വിവിധ വാർഡുകളിലായി ജൈവകൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. 31 ക്ലസ്റ്ററുകളിലായി നൂറുകണക്കിന് കർഷകർ ഇതിനോടകം പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.
രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം കാരണം മണ്ണിന്റെ സ്വാഭാവിക ശേഷി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, ആദ്യം മണ്ണിനെ മനസിലാക്കുകയാണ് പദ്ധതി ചെയ്യുന്നത്. ഓരോ കൃഷിയിടങ്ങളിലും മണ്ണു സാന്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധന നടത്തുന്നു.
മണ്ണിൽ ഏതു ഘടകങ്ങളുടെ കുറവാണുള്ളത്, എന്ത് പോഷകങ്ങളാണ് ആവശ്യമായത് തുടങ്ങിയ വിവരങ്ങൾ കർഷകർക്ക് വ്യക്തമായി കൈമാറുന്നു. അതോടൊപ്പം ജൈവവളങ്ങൾ, ജീവാമൃതം, പഞ്ചഗവ്യം, ജൈവ കീടനാശിനികൾ എന്നിവ സ്വയം തയാറാക്കുന്നതിനുള്ള പരിശീലനവും നൽകുന്നു.
"വിപണിയിൽനിന്ന് വാങ്ങുന്ന വളം കുറയുന്പോൾ ചെലവും കുറയുന്നു’ എന്നതാണ് പല കർഷകരുടെയും അനുഭവം. മണ്ണിന്റെ ആരോഗ്യവും വിളവിന്റെ ഗുണമേ·യും ഒരുപോലെ ഉയരുന്നതായും അവർ പറയുന്നു.
വീട്ടുവളപ്പുകളിൽനിന്ന് വിപണിയിലേക്ക്
ഒരുകാലത്ത് വീട്ടുപയോഗത്തിനായി മാത്രം പരിമിതമായിരുന്ന പച്ചക്കറി കൃഷി ഇന്ന് മീനങ്ങാടിയിൽ വരുമാന മാർഗമായി മാറുകയാണ്. തക്കാളി, പയർ, വെണ്ട, മുളക്, വഴുതന, കാബേജ്, കോളിഫ്ളവർ തുടങ്ങിയ വിവിധ ഇനങ്ങൾ കർഷകർ കൃഷി ചെയ്യുന്നു. മഴയേയും കാലാവസ്ഥാ വ്യതിയാനങ്ങളേയും ചെറുക്കാൻ അനുയോജ്യമായ രീതികളും പരിശീലിപ്പിക്കുന്നു.
ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾക്ക് വിപണിയിൽ ലഭിക്കുന്ന സ്വീകാര്യതയാണ് കർഷകർക്ക് ആത്മവിശ്വാസം നൽകുന്നത്. ആരോഗ്യകരമായ ഭക്ഷണത്തിനായി ഉപഭോക്താക്കൾ കൂടുതൽ ശ്രദ്ധ പുലർത്തുന്ന സാഹചര്യത്തിൽ രാസവസ്തുക്കൾ ഒഴിവാക്കിയ ഉത്പന്നങ്ങൾക്ക് നല്ല വിലയും സ്ഥിരമായ ആവശ്യകതയും ലഭിക്കുന്നു.
ഇതോടെ "സ്വന്തം ആവശ്യത്തിനുള്ള കൃഷി’ എന്ന ചിന്തയിൽനിന്ന് "ആരോഗ്യകരമായ ഉത്പാദനത്തിലൂടെ വരുമാനം’ എന്ന പുതിയ കാഴ്ചപ്പാടിലേക്ക് കർഷകർ മാറിയിരിക്കുകയാണ്.

ശാസ്ത്രീയ നിരീക്ഷണം
കൃഷി ആരംഭിച്ച ശേഷം കർഷകരെ ഒറ്റയ്ക്ക് വിടുന്ന രീതിയല്ല പദ്ധതിയുടേത്. കൃഷിയിടങ്ങൾ നിരന്തരം സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകുന്നു. രോഗബാധകൾ, കീടശല്യം, മണ്ണിലെ വ്യതിയാനങ്ങൾ എന്നിവ ഉടൻ തിരിച്ചറിഞ്ഞ് പരിഹാര മാർഗങ്ങൾ നിർദേശിക്കുന്നു.
കൃഷിയിലെ മാറ്റങ്ങൾ രേഖപ്പെടുത്തുന്നതിനായി കർഷക ഡയറിയും വിതരണം ചെയ്തിട്ടുണ്ട്. വിത്തിടൽ മുതൽ വിളവെടുപ്പ് വരെ ഓരോ ഘട്ടവും രേഖപ്പെടുത്തുന്നത് കൃഷിയുടെ പുരോഗതി വിലയിരുത്താൻ സഹായകമാകുന്നു.
ശാസ്ത്രീയ കൃഷിരീതികൾ ഗ്രാമീണ ജീവിതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ഇടപെടലുകൾ.
പച്ചക്കറി വിപ്ലവം
മീനങ്ങാടിയിലെ ജൈവകൃഷി മുന്നേറ്റത്തിൽ സ്ത്രീകളുടെ പങ്ക് ശ്രദ്ധേയമാണ്. സരോജിനി സാക്ഷാമംകുന്നേൽ, ശോശാമ്മ തോന്പ്രയിൽ, ഷീല വാണിയംപുരക്കൽ, മോളി കാരാമയിൽ, സാലി ബേബി അട്ടങ്ങാട്ടിൽ, മേരി മത്തായി പറേക്കാട്ടിൽ, രാജമ്മ വള്ളികാഞ്ഞിരത്തിൽ, ലീലാമ്മ കൂനാപ്പിള്ളിൽ, ഗീത കോട്ടകുന്ന്, രാജേശ്വരി പന്തളത്ത് തുടങ്ങി നിരവധി സ്ത്രീകൾ സ്വന്തം കൃഷിയിടങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരിക്കുകയാണ്.
ചിലർ വീട്ടുവളപ്പിൽ ആരംഭിച്ച ചെറിയ പച്ചക്കറി തോട്ടങ്ങൾ ഇന്ന് സ്ഥിര വരുമാനമുള്ള കൃഷിയിടങ്ങളായി മാറിയിട്ടുണ്ട്. സ്ത്രീ സ്വയംസഹായ സംഘങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും സഹകരണവും പദ്ധതിക്ക് കരുത്തേകുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന മേഖലയാണ് കൃഷി. അതിനാൽ കാർബണ്‍ പുറന്തള്ളൽ കുറയ്ക്കുകയും പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യുന്ന കൃഷിരീതികൾ കാലത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. മീനങ്ങാടി അതിനുള്ള ഒരു ഗ്രാമതല മാതൃകയായി ഉയരുകയാണ്.
ജൈവകൃഷി, മണ്ണുസംരക്ഷണം, ജലസംരക്ഷണം, സമൂഹപങ്കാളിത്തം, ശാസ്ത്രീയ പരിശീലനം എന്നിവ കൈകോർക്കുന്പോൾ സുസ്ഥിര കൃഷി യാഥാർഥ്യമാകുമെന്ന് മീനങ്ങാടി തെളിയിക്കുന്നു. പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിലും ഗ്രാമം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്നു.
വയനാടിന്റെ മലനിരകളിൽ നിന്നുയരുന്ന ഈ പച്ചപ്പിന്റെ സന്ദേശം മറ്റുഗ്രാമങ്ങൾക്കും പ്രചോദനമാകുകയാണ്. ന്ധകൃഷി പ്രകൃതിയോട് ചേർന്നാൽ മാത്രമേ നിലനിൽക്കൂ’ എന്ന തിരിച്ചറിവാണ് കാർബണ്‍ തുലിത മീനങ്ങാടി മുന്നോട്ടുവയ്ക്കുന്നത്.
Tags : Karshakan Agriculture