കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണംവിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി നിരവധി ജീവനുകൾ നഷ്ടപ്പെട്ട സംഭവത്തിന്റെ യഥാർഥ കാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണെങ്കിലും, ഇത്തരം ദുരന്തങ്ങൾ വാഹനസുരക്ഷയുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങളുടെ പ്രാധാന്യം വീണ്ടും ഓർമിപ്പിക്കുന്നു.
വേഗത, ബ്രേക്കിംഗ് സംവിധാനം, വാഹനത്തിന്റെ സാങ്കേതികാവസ്ഥ എന്നിവയ്ക്കൊപ്പം ടയറുകളുടെ അവസ്ഥയും ഓരോ വാഹനത്തിന്റെയും സുരക്ഷയിലെ നിർണായക ഘടകമാണ്. പലപ്പോഴും ടയറുകൾ നേരത്തേ നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കപ്പെടുന്നതാണ് വലിയ അപകടങ്ങളിലേക്ക് വഴിതെളിക്കുന്നത്.
◄ ത്രെഡ് ആഴം കുറയുന്പോൾ
ടയറിലെ ചാലുകളുടെ (Tread) പ്രധാന ദൗത്യം റോഡിലെ വെള്ളം പുറത്തേക്ക് തള്ളുകയും ടയറിന് റോഡുമായുള്ള ബന്ധം നിലനിർത്തുകയും ചെയ്യുക എന്നതാണ്. ത്രെഡ് ആഴം കുറയുന്പോൾ വെള്ളം ഫലപ്രദമായി പുറത്തേക്ക് പോകാതെ ടയറിനും റോഡിനുമിടയിൽ വെള്ളത്തിന്റെ പാളി രൂപപ്പെടാം. ഇത് അക്വാപ്ലെയിനിംഗിന് വഴിയൊരുക്കും. ടയറിലുള്ള Tread Wear Indicator (TWI)മാർക്കിലെത്തിയാൽ ടയർ മാറ്റേണ്ട സമയമായെന്ന് മനസിലാക്കാം.
◄ ടയറിന്റെ പ്രായം
ടയർ അധികം ഉപയോഗിച്ചിട്ടില്ലെങ്കിലും കാലപ്പഴക്കം അതിന്റെ കരുത്തിനെ ബാധിക്കും. ചൂട്, മഴ, എന്നിവ മൂലം റബർ ക്രമേണ കട്ടിയാവുകയും ഇലാസ്തികത കുറയുകയും ചെയ്യും. ഇതോടെ റോഡുമായുള്ള ബന്ധവും ബ്രേക്കിംഗ് കാര്യക്ഷമതയും കുറയാം.
◄ ടയറിന്റെ പ്രായം മനസിലാക്കാം
ടയറിന്റെ നിർമാണ തീയതി (DOT Code) പരിശോധിച്ച് പ്രായം മനസിലാക്കാം. ടയറിന്റെ വശത്തുള്ള നന്പറിലെ അവസാന നാല് അക്കങ്ങളാണ് നിർമാണ ആഴ്ചയും വർഷവും സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് 2523 എന്ന നന്പർ 2023-ലെ 25-ാം ആഴ്ചയിൽ നിർമിച്ചതാണെന്ന് വ്യക്തമാക്കുന്നു.
◄ വിള്ളലുകളും വീർപ്പുകളും അപകടസൂചന
ടയറിന്റെ വശങ്ങളിൽ ചെറിയ വിള്ളലുകളോ (Cracks) വീർപ്പുകളോ (Bulges)കണ്ടാൽ അത് അവഗണിക്കരുത്. കാലപ്പഴക്കം, അമിതഭാരം, ആഘാതം എന്നിവ ടയറിന്റെ ആന്തരികഘടനയ്ക്ക് കേടുപാടുകൾ വരുത്തും. പ്രത്യേകിച്ച് വീർപ്പ് കണ്ടാൽ ടയർ ഏത് സമയത്തും പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ പരിശോധന നടത്തി ആവശ്യമായാൽ ടയർ മാറ്റണം.
◄ തേയ്മാനം ശ്രദ്ധിക്കണം
ടയറിന്റെ ഒരുഭാഗം മാത്രം കൂടുതലായി തേയുകയോ നടുവിലെ ഭാഗം മാത്രം മാഞ്ഞുപോകുകയോ ചെയ്യുന്നത് സാധാരണ തേയ്മാനമല്ല. വീൽ അലൈൻമെന്റ്, ബാലൻസിംഗ്, സസ്പെൻഷൻ എന്നിവയിലെ പ്രശ്നങ്ങളുടെ സൂചനയായിരിക്കാം. ഇത്തരം ലക്ഷണങ്ങൾ അവഗണിച്ചാൽ ടയറിന്റെ ആയുസ് കുറയുകയും വാഹന നിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
◄ കാറ്റിന്റെ അളവ്
ടയറിലെ വായുമർദം (Air Pressure) നിർമാതാക്കൾ നിർദേശിക്കുന്ന അളവിൽ നിലനിർത്തണം. കാറ്റ് കുറവായാലും കൂടുതലായാലും ടയറിന്റെ തേയ്മാനം വർധിക്കുകയും ഇന്ധനക്ഷമത കുറയുകയും ചെയ്യും. ടയറിൽ കാറ്റിന്റെ അളവ് കൂടുന്നത് യാത്രാസുഖം കുറയ്ക്കുകയും സസ്പെൻഷൻ തകരാറിലാക്കുകയും ചെയ്യും. കൂടുതൽ വായു നിറച്ച് ദീർഘദൂരം ഓടിക്കുന്ന് ടയർ പെട്ടിത്തെറിക്കുന്നതിന് ഇടയാക്കും. ദീർഘദൂര യാത്രകൾക്ക് മുന്പ് ടയറുകളുടെയും സ്പെയർ ടയറിന്റെയും വായുമർദം പരിശോധിക്കുന്നത് നല്ലതാണ്.
◄ സ്പെയർ ടയർ മറക്കരുത്
അടിയന്തര സാഹചര്യങ്ങളിൽ ഏറ്റവും കൂടുതൽ ആശ്രയിക്കേണ്ടിവരുന്നത് സ്പെയർ ടയറിനെയാണ്. അതിനാൽ സ്പെയർ ടയറിന്റെ അവസ്ഥയും ഇടയ്ക്കിടെ പരിശോധിക്കണം.
* ത്രെഡ് ആഴം സുരക്ഷാ പരിധിക്ക് താഴെയാകുന്പോൾ
* ടയറിൽ വിള്ളലുകളോ വീർപ്പുകളോ കാണുന്പോൾ
* ടയർ അഞ്ച് മുതൽ ആറ് വർഷം വരെ പഴക്കമുള്ളതാകുന്പോൾ
* അസാധാരണ തേയ്മാനം പ്രകടമാകുന്പോൾ
* ഇടയ്ക്കിടെ കാറ്റ് കുറയുന്ന പ്രശ്നം ഉണ്ടാകുന്പോൾ
Tags : Warnings tires Autotrack