കൽപ്പറ്റ: അന്താരാഷ്ട്ര യുവജന ദിനാഘോഷത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം, ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റ്, ജില്ലാ യുവജാഗരണ്‍ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോളജ് വിദ്യാർഥികൾക്ക് മാരത്തണ്‍ മത്സരം നടത്തി. എച്ച്ഐവി, എയ്ഡ്സ് എന്നിവയിൽ യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം നടത്തിയ മാരത്തണിൽ 122 വിദ്യാർഥികൾ പങ്കെടുത്തു. മുട്ടിൽ ബസ് സ്റ്റാൻഡിൽ ജില്ലാ ടിബി, എച്ച്ഐവി ഓഫീസർ ഡോ.പ്രിയ സേനൻ ഫ്ളാഗ് ഓഫ് ചെയ്തു.
എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലായിരുന്നു സമാപനം. വനിതാവിഭാഗത്തിൽ എൻഎംഎസ്എം ഗവ. കോളജിലെ പി. ജോമോൾ ഒന്നാം സ്ഥാനവും നിവേദിത സജി രണ്ടാം സ്ഥാനവും നേടി. പുൽപ്പള്ളി പഴശിരാജാ കോളജിലെ എം.വി. നയന, മാനന്തവാടി മേരിമാതാ കോളജിലെ അഭിയ ജോർജ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. പുരുഷ വിഭാഗത്തിൽ ബത്തേരി അൽഫോൻസ ആർട്സ് ആൻഡ് സയൻസ് കോളജിലെ എം. രമേഷ് ഒന്നാം സ്ഥാനവും ഇ.എസ്. നന്ദ കിഷോർ രണ്ടാം സ്ഥാനവും നേടി. എൻഎംഎസ്എം ഗവ.കോളജിലെ അഭിലാഷ് ശ്രീജിത്തിനാണ് മൂന്നാം സ്ഥാനം.
സമാപനയോഗത്തിൽ മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ സമ്മാനവിതരണം നടത്തി. ജില്ലാ ടിബി, എച്ച്ഐവി ഓഫീസർ ഡോ.പ്രിയ സേനൻ, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, ഡെപ്യൂട്ടി ഓഫീസർ പി.എം. ഫസൽ, എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം. വിവേകാനന്ദൻ,
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പി.കെ. സലിം, ജില്ലാ ടിബി ആൻഡ് എച്ച്ഐവി കോ ഓർഡിനേറ്റർ വി.ജെ. ജോണ്സണ്, യുവജാഗരണ്‍ ജില്ലാ കോഓഡിനേറ്റർ കെ. വിനീത, നോഡൽ ഓഫീസർമാരായ കെ.ടി. സ്മിനി മോൾ, എം. മുഹമ്മദ് ആഷിഫ് എന്നിവർ പ്രസംഗിച്ചു.