കൊല്ലം: ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് സൗജന്യ നൈപുണ്യ പരിശീലനം നൽകി മികച്ച തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പരിഷ്കരിച്ച മാർഗരേഖ പ്രകാരം കൂടുതൽ ഗുണഭോക്താക്കളിലേക്ക് പദ്ധതിയുടെ പ്രയോജനം എത്തിക്കാനാണ് കുടുംബശ്രീ മിഷൻ ശ്രമിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട പരിശീലന ഏജൻസികളിലൂടെ മെച്ചപ്പെട്ട സ്ഥിരവരുമാനം ഉറപ്പാക്കുന്ന തൊഴിലവസരങ്ങളാണ് ഈ പദ്ധതി വഴി ലഭ്യമാക്കുന്നത്. ഈ സാമ്പത്തിക വർഷത്തിലെ പ്രധാന പരിഷ്കരണങ്ങളിലൊന്ന്, കോഴ്സുകൾ പൊതുവിഭാഗം പരിശീലനാർഥികൾക്കും ലഭ്യമാക്കുന്നു എന്നതാണ്.
88 ശതമാനം വരെ പൊതുവിഭാഗത്തിനും 12 ശതമാനം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും സംവരണം ചെയ്തിട്ടുണ്ട്. എല്ലാ കോഴ്സുകളിലും വനിത, പട്ടികജാതി, പട്ടികവർഗ സംവരണം നിർബന്ധമാണ്.
മൂന്ന് മുതൽ ഒമ്പത് മാസം വരെയാണ് കോഴ്സുകളുടെ കാലാവധി. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ളപിന്തുണയും സെക്ടർ സ്കിൽ കൗൺസിൽ സർട്ടിഫിക്കറ്റും ലഭിക്കും.
എസ്എസ്എൽസി മുതൽ ബിരുദം, പ്രഫഷണൽ വിദ്യാഭ്യാസം ഉള്ളവർക്ക് യോഗ്യതക്കനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാം. കോഴ്സ്, താമസം, ഭക്ഷണം, യൂണിഫോം ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും പൂർണമായും സൗജന്യമാണ്.
ഐടി, ഹോട്ടൽ മാനേജ്മെന്റ്, എയർലൈൻ കാബിൻ ക്രൂ-ഗ്രൗണ്ട് സ്റ്റാഫ്, മെഷീൻ ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ,പ്ലംബർ, ഓട്ടോമൊബൈൽ,മൊബൈൽടെക്നീഷ്യൻ, ഒപ്റ്റിക്കൽ ഫൈബർ, ആരോഗ്യമേഖല, ടെലിഫോണിക് മേഖല, ലോജിസ്റ്റിക്സ് തുടങ്ങി നിരവധി മേഖലകളിലാണ് കുടുംബശ്രീ വഴി തൊഴിലവസരങ്ങൾ ഒരുങ്ങുന്നത്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ വാർഡ് തലത്തിൽ വീടുകൾ തോറും സർവേ നടത്തിയാണ് യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തുന്നത്. ഇതിനായി സിഡിഎസിലെ ഡിഡിയു ജികെവൈ റിസോഴ്സ് പേഴ്സൺമാർക്ക് ചുമതല നൽകിയിട്ടുണ്ട്.
ഒരു പഞ്ചായത്തിൽ നിന്ന് കുറഞ്ഞത് 100 യോഗ്യരായ തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂണിൽ ജില്ലയിലെ എല്ലാ ബ്ലോക്കുകളിലുമായി കുറഞ്ഞത് ഒരു പഞ്ചായത്തിലെ ഒരു വാർഡ് എന്ന നിലയിൽ ആരംഭിച്ച സർവേയിലൂടെ നിലവിൽ 290 പേരുടെ വിവരശേഖരണം പൂർത്തിയായിട്ടണ്ട്.ഈമാസംഅവസാനത്തോടെ മറ്റ് വാർഡുകളിലേക്കും വ്യാപിപ്പിക്കും.
പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ക്യുആർ കോഡ് ഉൾപ്പെടുന്ന 500 ബ്രോഷറുകൾ കുടുംബശ്രീ സിഡിഎസുകളിലേക്ക് വിതരണം ചെയ്തു. ക്യുആർ കോഡ് സ്കാൻ ചെയ്ത് പദ്ധതിയുടെ ഭാഗമാകാം.
ഇതിലൂടെ തൊഴിൽ അന്വേഷകരുടെ ഡാറ്റാ ബാങ്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ വഴി തെരഞ്ഞെടുത്ത തൊഴിൽ ദാതാക്കളായഏജൻസികൾക്ക് ഈ വിവരങ്ങൾ ഉപയോഗിച്ച് അനുയോജ്യരായ ഉദ്യോഗാർഥികളെ കണ്ടെത്താനാകും എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.