കൊല്ലം: ഭരണഘടനയിലൂടെ പട്ടിക വിഭാഗത്തിന് അംബേദ്കർ നൽകിയ അവകാശങ്ങൾ കവർന്നെടുക്കുന്ന പിണറായി വിജയനെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ ദളിത് ജനവിഭാഗം കാത്തിരിക്കുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ദളിത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കൊടിക്കുന്നിൽ.
പട്ടികജാതി - വർഗ വിഭാഗത്തിന് ബജറ്റിൽ മാറ്റിവച്ച 612 കോടി രൂപ വെട്ടി കുറച്ചതിലൂടെ ഭവന നിർമാണം, വീട് മെയിന്റനസ്, വിവാഹ ധനസഹായം, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ എല്ലാം നഷ്ടമായി.
ദളിത് വിഭാഗങ്ങളെ സമൂഹത്തിന്റ മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്താൻ ശ്രമിക്കുന്ന ഇടതുപക്ഷത്തിന്റെ പൊയ്മുഖം തിരിച്ചറിയാൻ ദളിതർ തയാറാകണം. വിദഗ്ധചികിത്സ കിട്ടാതെ ദളിതർ മരിക്കുന്നു. ആരോഗ്യ രംഗം ഒൻപത് വർഷം കൊണ്ടു തകർത്തു.
ചികിത്സിക്കാൻ പണമില്ലാത്തത് കാരണം ദളിതർ മരണത്തിന് കീഴടങ്ങേണ്ടിവരുന്ന സംസ്ഥാനമായി കേരളം മാറിയെന്നും കൊടിക്കുന്നിൽ പറഞ്ഞു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു.
മുൻ എംഎൽഎ എഴുകോൺ നാരായണൻ, എസ്. ഇ. സഞ്ജയ്ഖാൻ, എം.എം. സഞ്ജീവ് കുമാർ, സി.കെ.രവീന്ദ്രൻ , പട്ടത്താനം സുരേഷ്,കുണ്ടറ സുബ്രഹ്മണ്യം, രഞ്ജിനി സൂര്യകുമാർ, മുഖത്തല ഗോപിനാഥൻ, ബിജു ആലുവിള ,ആശാലത , സൗമ്യ നിലമേൽ, തോയിത്തല മോഹനൻ, പാലത്തറ രാജീവ്, മധു പാറയിൽ, പത്മലോചനൻ,ആനന്ദൻ, തുളസിധരൻ , ജി. അനിൽകുമാർ, അശോകൻ ശാസ്താംകോട്ട, ഇടയ്ക്കാട് പ്രസന്നൻ, എന്നിവർ പ്രസംഗിച്ചു.