കൊല്ലം : നയം ഇല്ലാത്ത സർക്കാർ വിദ്യാഭ്യാസ - ആരോഗ്യ മേഖലകളെ തകർത്തെന്ന് മുസ്ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്. എസ് ടി യു ജില്ലാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിദ്യാർഥികളും പാവപ്പെട്ട രോഗികളും ദുരിതം അനുഭവിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. സത്യം പറയുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. കഴിഞ്ഞ ഒൻപത് വർഷത്തെ എൽഡിഎഫ് ഭരണം കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ നഷ്ടത്തിലാക്കിയിരിക്കുകയാണെന്നും നൗഷാദ് യൂനുസ് പറഞ്ഞു.തൊഴിൽ മേഖലകൾ നിശ്ചലമാണ്. നിർമാണ മേഖലയിൽ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നു. നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വില വർധനവ് മൂലം കേരളത്തിലെ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
എല്ലാത്തിലും വർഗീയത കാണുന്ന ഇടതു സർക്കാർ ജനകീയ വിഷയങ്ങളിൽ കണ്ണടയ്ക്കുകയാണെന്നും നൗഷാദ് യൂനുസ് കുറ്റപ്പെടുത്തി. എസ് ടി യു ജില്ലാ പ്രസിഡന്റ് താഷ്കന്റ് കാട്ടിശേരി അധ്യക്ഷത വഹിച്ചു. എസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. മുഹമ്മദ് അഷറഫ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ഭാരവാഹികളായ പോളയ ത്തോട് ഷാജഹാൻ, അബ്ദുൽ ജബാർ, ജനറൽ സെക്രട്ടറി സലീം പാലക്കൽ, മുഹമ്മദ് സുഹൈൽ, എസ്. അനസ്, സലാഹുദ്ദീൻ, ചക്കാല നാസർ, ബി. ഷമീർ, കിണറുവിള സലാഹുദീൻ. നഹാസ്, ഷാഹുൽഹമീദ്, ബാലു, അബ്ദുൽസലാം, ശ്രീകണ്ഠൻ, അമ്പുവിള ലത്തീഫ്, നിസാർ പറവട്ടം, തുടങ്ങിയവർ പ്രസംഗിച്ചു.