എടിഎ​മ്മി​ൽനി​ന്ന് അ​ധി​ക​മാ​യി ല​ഭി​ച്ച 9,500 രൂ​പ ബാ​ങ്കി​ന് തി​രി​കെ ന​ൽ​കി യു​വാ​വി​ന്‍റെ മാ​തൃ​ക
Friday, July 18, 2025 3:24 AM IST
അമ്പ​ല​പ്പു​ഴ: എ​ടി​എ​മ്മി​ൽ​നി​ന്ന് അ​ധി​ക​മാ​യി ല​ഭി​ച്ച 9,500 രൂ​പ ബാ​ങ്കി​ന് തി​രി​കെ ന​ൽ​കി യു​വാ​വി​ന്‍റെ സ​ത്യ​സ​ന്ധ​ത. ത​ക​ഴി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ഗോ​പ​സ​ദ​ന​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ-പൊ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഗോ​പ​കു​മാ​റാ​ണ് പ​ണം തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെയാണ് ഗോ​പ​കു​മാ​ർ ത​ക​ഴി ഫെ​ഡ​റ​ൽ ബാ​ങ്ക് എടിഎ​മ്മി​ൽനി​ന്ന് 500 രൂ​പ​യെ​ടു​ക്കാൻ എ​ത്തി​യ​ത്. എ​ന്നാ​ൽ, ഗോ​പ​കു​മാ​റി​ന് ല​ഭി​ച്ച​ത് പ​തി​നാ​യി​രം രൂ​പ​യാ​യി​രു​ന്നു. ഉ​ട​ൻ പ​ണ​വു​മാ​യി ഗോ​പ​കു​മാ​ർ പ​ഞ്ചാ​യ​ത്തം​ഗം റീ​നാ മ​തി​കു​മാ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു.

അ​ധി​ക​മാ​യി ല​ഭി​ച്ച പ​ണം ബാ​ങ്കി​ന് തി​രി​കെ ന​ൽ​ക​ണ​മെ​ന്ന പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് രാ​വി​ലെ ത​ന്നെ ബാ​ങ്കി​ലെ​ത്തി മാ​നേ​ജ​ർ അ​രു​ൺ ബാ​ബു​വി​ന് ഗോ​പ​കു​മാ​ർ പ​ണം കൈ​മാ​റി.

ഒ​രാ​ഴ്ച​യാ​യി മ​ഴ​യാ​യ​തി​നാ​ൽ ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യ വെ​ൽ​ഡിം​ഗ് ജോ​ലി​ക്കു പോ​കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​ക്കൗ​ണ്ടി​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന 850 രൂ​പ​യി​ൽനി​ന്ന് 500 രൂ​പ​യെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് 9,500 രൂ​പ അ​ധി​കം ല​ഭി​ച്ച​ത്.

ഗോ​പ​കു​മാ​ർ പ​ണ​മെ​ടു​ക്കു​ന്ന​തി​ന് മു​ൻ​പ് മ​റ്റൊ​രാ​ൾ 50,000 രൂ​പ പി​ൻ​വ​ലി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ദ്ദേ​ഹ​ത്തി​ന് 40,000 രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. മെ​ഷീ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന പ​തി​നാ​യി​രം രൂ​പ​യാ​ണ് ഗോ​പ​കു​മാ​റി​ന് ല​ഭി​ച്ച​ത്.