കായംകുളം: ദേശീയ പാതയിലെ തിരക്കേറിയ ജംഗ്ഷനായ കരീലക്കുളങ്ങരയിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രദേശ വാസികളും യാത്രക്കാരും ഉൾപ്പടെ വിവിധ ആവശ്യങ്ങൾക്കായി കരീലക്കുളങ്ങര ജംഗ്ഷനെ ആശ്രയിക്കുന്ന ആയിരങ്ങളെ ഒറ്റപ്പെടുത്തുന്ന രീതിയിൽ നടക്കുന്ന ദേശീയപാത നിർമാണത്തിനെതിരേ ഇപ്പോൾ ജനകീയ പ്രതിഷേധം ഉയരുകയാണ്.
കണ്ടല്ലൂർ, മുതുകുളം പഞ്ചായത്തിലെയും പത്തിയൂർ പഞ്ചായത്തിലെ ആറ് വാർഡുകളിലും ഉൾപ്പെട്ട ദേശീയപാതക്ക് ഇരുവശവും താമസിക്കുന്ന ജനങ്ങൾക്ക് പ്രദേശങ്ങൾ തമ്മിൽ ബന്ധപ്പെടാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചുള്ള നിർമാണമാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജംഗ്ഷനിൽ അടിപ്പാതയില്ലാത്തതിനാൽ കായകുളം ഭാഗത്തേക്കോ ഹരിപ്പാട് ഭാഗത്തേയ്ക്കോ രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാൽ മാത്രമേ റോഡ് മറികടക്കാൻ കഴിയൂ.
പത്തിയൂർ പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രവും സഹകരണ സ്പിന്നിംഗ് മില്ലും ഉൾപ്പടെ ഒട്ടേറെ സ്ഥാപനങ്ങൾ കരീലക്കുളങ്ങരയിൽ പ്രവർത്തിക്കുന്നുണ്ട്. ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്ററിനുള്ളിലാണ് ബാങ്കുകൾ, മാർക്കറ്റ്, ഓഡിറ്റോറിയം, നിർമാണത്തിലിരിക്കുന്ന മൾട്ടിസ്പെഷാലിറ്റി ആശുപത്രി , പോലീസ് സ്റ്റേഷനായി പുതിയ കെട്ടിടം നിർമിക്കുന്ന സ്ഥലം, വ്യവസായസ്ഥാപനം തുടങ്ങുന്നതിനായി കേരള ബാങ്ക് സ്വന്തമാക്കിയ സ്ഥലം, പോസ്റ്റോഫീസ്, ഇഎസ്ഐ ഡിസ്പൻസറി എന്നിവയെല്ലാം ഉള്ളത്. കരീലക്കുളങ്ങര - ഭഗവതിപ്പടി റോഡിലൂടെയാണ് കോട്ടയം മെഡിക്കൽ കോളജ്, ചെട്ടികുളങ്ങര ക്ഷേത്രം, പത്തിയൂരിലെ സർക്കാർ ഓഫീസുകൾ, മാവേലിക്കര, ചെങ്ങന്നൂർ ആർഡിഒ ഓഫീസ് എന്നീ വിടങ്ങളിലേക്ക് ജനങ്ങൾ സഞ്ചരിക്കുന്നത്.
ജംഗ്ഷനിൽ അടിപ്പാതയില്ലെങ്കിൽ ഇവിടേക്ക് പോകാനുള്ള റോഡിലേക്ക് എത്താൻ രണ്ട് കിലോമീറ്റർ സഞ്ചരിക്കണം. കൂടാതെ കരീലക്കുളങ്ങര ജംഗ്ഷനിലെ വ്യാപാര മേഖലയും പ്രതിസന്ധിയിലാകും. പത്ത് കോടിയിലേറെ രൂപ ചെലവഴിച്ചാണ് കരീലക്കുളങ്ങര മല്ലിക്കാട്ടുകടവ്-ഭഗവതിപ്പടി റോഡ് ഉന്നത നിലവാരത്തിൽ പൊതുമരാമത്ത് വകുപ്പ് നിർമിച്ചത്.
അടിപ്പാതയില്ലെങ്കിൽ ഇരുദിശകളിൽനിന്നു വരുന്ന ഈ റോഡ് നേരിട്ട് ദേശീയപാത മറികടന്ന് പോകുന്ന സൗകര്യവും ഇല്ലാതാകും അതിനാൽ പ്രാദേശികമായ പ്രാധാന്യം കണക്കിലെടുത്ത് കരീലക്കുളങ്ങരയിൽ അടിപ്പാത എന്ന ആവശ്യം നിറവേറ്റാൻ ദേശീയപാത അഥോറിറ്റി തയാറാകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
കായംകുളം ദേശീയപാതയിൽ
നിർമിക്കുന്നത് എട്ട് അടിപ്പാതകൾ
കായംകുളം: മണ്ഡലത്തിൽ ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് നിർമിക്കുന്നത് എട്ട് അടിപ്പാതകൾ. ഓച്ചിറ, കൃഷ്ണപുരം, കുന്നത്താലുംമൂട് ജംഗ്ഷൻ, കായംകുളം ജിഡിഎം ജംഗ്ഷൻ, പുത്തൻറോഡ് ജംഗ്ഷൻ, രാമപുരം ഹൈസ്കൂൾ ജംഗ്ഷൻ, ഒഎൻകെ ജംഗ്ഷൻ, കെഎസ്ആർടിസി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് അടിപ്പാതകൾ നിർമിക്കുന്നത്.
കായംകുളത്ത് ഉയരപ്പാത നിർമിക്കണമെന്ന ആവശ്യവുമായി നിരവധി ജനകീയ പ്രക്ഷോഭ സമരങ്ങൾ നടന്നെങ്കിലും ഉയരപ്പാത പരിഗണിക്കപ്പെട്ടില്ല.