ചാരുംമൂട്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ചാരുംമൂട് മിനി സിവിൽസ്റ്റേ ഷൻ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു. 5.22 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. കെപി റോഡിനു സമീപം ചാരുംമൂട് കരിമുളയ്ക്കൽ പാലൂത്തറ ജംഗ്ഷനു സമീപമുള്ള 46 സെന്റ് സ്ഥലത്താണ് കെട്ടിടം പണിയുന്നത്.
ചുനക്കര പഞ്ചായ ത്തിന്റെ പബ്ലിക് മാർക്കറ്റായും പിന്നീട് കാളച്ചന്തയായും അതിനുശേഷം മോട്ടോർവാഹനവകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടായും സ്ഥലം ഉപയോഗിച്ചുവരികയായിരുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രി ജി. സുധാകരനാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ കരിമുളയ്ക്കലിൽ ശിലാഫലകം സ്ഥാപിച്ചത്.
നിർമാണം വൈകിയതോടെ സ്ഥലം കാടുകയറിയിരുന്നു. ഒരുവർഷം മുമ്പാണ് ഭരണാനുമതി ലഭിച്ചത്. സിവിൽസ്റ്റേഷൻ കെട്ടിടം പൂർത്തിയായശേഷം ഇതിനു സമീപത്തെ റോഡിന്റെ വശത്തുള്ള കടമുറികൾ പൊളിച്ചുനീക്കും. ചാരുംമൂട്, നൂറനാട് മേഖലകളിൽ സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാതെ പ്രവർത്തിച്ചുവരുന്ന സർക്കാർ ഓഫീസുകൾ ഇവിടേക്കു മാറ്റാനാണ് തീരുമാനം.
നിലവിൽ അംഗീകരിച്ച എആർ ഡ്രോയിംഗ് പ്രകാരം സിവിൽസ്റ്റേഷന്റെ താഴത്തെ നിലയിൽ ഡയറി എക്സ്റ്റൻഷൻ ഓഫീസ്, മറ്റ് ഓഫീസുകൾക്കായുള്ള മുറികൾ, ടോയ്ലറ്റ് ബ്ലോക്ക്, ലോബി, പോർച്ച്, ഇലക്ട്രിക്കൽ റൂം, ലിഫ്റ്റ് റൂം എന്നിവയുണ്ടാകും. ഒന്നാം നിലയിൽ നൂറനാട് എക്സൈസ് റേഞ്ച് ഓഫീസിനുള്ള മുറികൾ, ടോയ്ലറ്റ് ബ്ളോക്ക്, ലോബി, ഇലക്ട്രിക്കൽ റും, ലീഫ്റ്റ് റൂം, പാസേജ് എന്നിവയാണുള്ളത്.
രണ്ടാം നിലയിൽ സ്പെഷൽ തഹസിൽദാർ ഓഫീസ്, എഇഒ ഓഫീസ്, കോൺഫറൻസ് ഹാൾ, ലോബി, ഇലക്ട്രിക്കൽ റൂം, പാസേജ്, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയാണുള്ളത്. രണ്ടു ഹെഡ്റൂമോടു കൂടിയ ലൈറ്റ് റൂഫിംഗും ഓപ്പൺ ടെറസും ചേർന്നതാണ് ടെറസ് ഭാഗം. ചാരുംമൂട് കേന്ദ്രമായി വരുന്ന സർക്കാർ ഓഫീസുകൾക്കുള്ള മുറികൾകൂടി കെട്ടിടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെട്ടിടംപണി വേഗം പൂർത്തിയാക്കുമെന്നും റവന്യു മന്ത്രിയുടെ സൗകര്യം നോക്കി നിർമാണ ഉദ്ഘാടനം നടത്തുമെന്നും എം.എസ്. അരുൺകുമാർ എംഎൽഎ പറഞ്ഞു.