ഒരു വിഭാഗം ഫണ്ടുകൾ താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപത്തിന് ഉത്സാഹിക്കുമെന്നു മുൻവാരം സൂചന നൽകിയത് ശരിവച്ച് വിൽപ്പന സമ്മർദം അവസരമാക്കി കലക്കവെള്ളത്തിൽ അവർ മീൻ പിടിച്ചു. വിപണി പ്രതിവാര നഷ്ടത്തിലെങ്കിലും ബോട്ടം ഫിഷിംഗിനു ലഭിച്ച അവസരം ഒരു കൂട്ടർ നേട്ടമാക്കിയെങ്കിലും സാങ്കേതികമായി വിപണി ദുർബലാവസ്ഥയിലാണ്.
സെൻസെക്സ് 30 പോയിന്റും നിഫ്റ്റി സൂചിക 36 പോയിന്റും പ്രതിവാര തളർച്ചയിലാണ്. മൂന്നാഴ്ചകളിൽ 8250 പോയിന്റ് സെൻസെക്സും 2419 പോയിന്റ് നിഫ്റ്റിയും ഇടിഞ്ഞ ശേഷമുള്ള നിലവിലെ നേരിയ തളർച്ച തിരിച്ചുവരവിനുള്ള അണിയറ ഒരുക്കങ്ങളുടെ സൂചനയായി വിലയിരുത്താം. ഒരു വശത്ത് രണ്ട് ദിവസത്തെ വെടി നിർത്തലിനുള്ള യു എസ്- ഇസ്രയേൽ സൂചനകൾ ഷോർട്ട് കവറിംഗിന് ഊഹക്കച്ചവടക്കാരെ പ്രേരിപ്പിക്കാം. അതേസമയം, ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്ക് നേരിട്ട തിരിച്ചടിയിൽനിന്നു മോചനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും.
നിഫ്റ്റിയിൽ പ്രതീക്ഷ
നിഫ്റ്റി മുൻവാരത്തിലെ 23,151ൽനിന്നും ഇടപാടുകളുടെ ആദ്യ പകുതിയിൽ 22,950ലേക്ക് ഇടിഞ്ഞു. എന്നാൽ, മുൻവാരം സൂചിപ്പിച്ച 22,748ലെ സപ്പോർട്ട് വിപണി നിലനിർത്തിയത് പ്രതീക്ഷ പകരുന്നു. താഴ്ന്ന റേഞ്ചിൽ കനത്ത വാങ്ങലുകാൾക്ക് ഒരു വിഭാഗം ആഭ്യന്തര ഫണ്ടുകൾ ഉത്സാഹിച്ചത് കണ്ട് പ്രാദേശിക നിക്ഷേപകരും വാങ്ങലുകൾക്ക് തിരക്കിട്ട നീക്കം നടത്തിയത് സൂചികയെ 23,341 വരെ ഉയർത്തി, എന്നാൽ മാർക്കറ്റ് ക്ലോസിംഗിൽ നിഫ്റ്റി 23,114 പോയിന്റിലായിരുന്നു.
ഈ വാരം ആദ്യ താങ്ങ് 22,757 പോയിന്റിലാണ്. അത് നിലനിർത്താൻ ക്ലേശിച്ചാൽ 22,400 വരെ തിരുത്തൽ പ്രതീക്ഷിക്കാം. അതേസമയം, വാരാന്ത്യത്തിലെ ഉണർവ് ആവർത്തിച്ചാൽ നിഫ്റ്റി സൂചിക മാസാന്ത്യതോടെ 23,664 – 24,214നെ ലക്ഷ്യമാക്കാം. നിഫ്റ്റിയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ, എംഎസിഡി എന്നിവ ദുർബലാവസ്ഥയിലാണ്. അതേസമയം സ്റ്റോക്കാസ്റ്റിക്ക് ഫാസ്റ്റ് ഓവർ സോൾഡ് മേഖലയിൽ നീങ്ങുന്നത് ഒരു വിഭാഗം ഫണ്ടുകളെ ആകർഷിക്കാം.
നിഫ്റ്റി മാർച്ച് ഫ്യൂച്ചേഴ്സ് 23,199ൽനിന്ന് വാരത്തിന്റെ ആദ്യ പകുതിയിൽ 23,876 വരെ മുന്നേറിയ ശേഷം ക്ലോസിംഗിൽ 23,141ലാണ്. നിലവിലെ സാഹചര്യത്തിൽ 23,000ൽ ശക്തമായ താങ്ങ് ലഭിക്കുമെന്നതിനാൽ തിരിച്ചുവരവിനുള്ള ശ്രമങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ, വിപണിയിൽ വില്പനക്കാരുടെ ആധിപത്യം തുടരുന്നതിനാൽ 22,700 വരെ തിരുത്തൽ സാധ്യത തള്ളികളയാനാവില്ല. ഒരു കുതിച്ചുചാട്ടത്തിനുള്ള സാഹചര്യം ഒന്നും ഉരുത്തിരിഞ്ഞിട്ടില്ല. 24,000 കടന്നാൽ മാത്രമേ അത്തരം ഒരു ഉണർവിന് അവസരം തെളിയൂ.
ഫ്യൂച്ചേഴ്സ് മാർച്ച് സീരീസ് ഓപ്പൺ ഇന്ററസ്റ്റ് 200 ലക്ഷം കരാറുകളിൽ നിന്നും 172 ലക്ഷമായി കുറഞ്ഞു. പിന്നിട്ടവാരം ലോംഗ് കവറിംഗ് മാത്രമല്ല ഒരു വിഭാഗം ഷോർട്ട് കവറിംഗിനും നീക്കം നടത്തിയതായി വേണം അനുമാനിക്കാൻ. മാർച്ച്, ഏപ്രിൽ, മേയ് ഫ്യൂച്ചേഴ്സ് കരാറുകളുടെ മൊത്തം ഓപ്പൺ ഇന്ററസ്റ്റ് 242 ലക്ഷം കരാറുകളിൽനിന്നും 228 ലക്ഷമായി കുറഞ്ഞു.
സെൻസെക്സിൽ ഇടിവ്
സെൻസെക്സ് 74,563ൽനിന്നും വാരത്തിന്റെ ആദ്യ ദിനങ്ങളിൽ 76,976 വരെ ഉയർന്ന ശേഷം വിപണി ആടിയുലഞ്ഞ് 74,019ലേക്ക് തളർന്നു. വ്യാപാരാന്ത്യം സെൻസെക്സ് 74,532 പോയിൻറ്റിലാണ്. ഈവാരം 76,332ലെ ആദ്യ പ്രതിരോധം തകർക്കാനായാൽ 78,132നെ ലക്ഷ്യമാക്കാനാവും. എന്നാൽ, വിൽപ്പന സമ്മർദം തുടർന്നാൽ സൂചിക 73,375 – 72,218ൽ താങ്ങ് കണ്ടെത്താം.
ഡോളറിന് ഡിമാൻഡ് ഉയർന്നു; രൂപയ്ക്കു നഷ്ടം
രൂപ റിക്കാർഡ് തകർച്ചയെ അഭിമുഖീകരിച്ചു. വിദേശ ഫണ്ടുകൾ മധ്യപൂർവേഷ്യൻ സംഘർഷം മുൻനിർത്തി രൂപ വിറ്റ് ഡോളർ ശേഖരിക്കാൻ മത്സരിച്ചതോടെ മൂല്യം 92.45ൽനിന്നും സർവകാല റിക്കാർഡ് തകർച്ചയായ 93.78ലേക്ക് ഇടിഞ്ഞു, വ്യാപാരാന്ത്യം രൂപ 93.71ലാണ്. രൂപയ്ക്ക് 1.25 പൈസയുടെ ഇടിവ് ഒറ്റ ആഴ്ചയിൽ സംഭവിച്ചു. ഡെയ്ലി ചാർട്ടിൽ രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഡോളറിനു മുന്നിൽ രൂപ 95ലേക്ക് ദുർബലമാകാം.
എണ്ണ ഇറക്കുമതിക്കാരിൽനിന്നും ഡോളറിന് ആവശ്യം വർധിച്ചത് രൂപയിൽ അധിക സമ്മർദം സൃഷ്ടിക്കുന്നു. ഇറാനിൽ യുദ്ധം തുടങ്ങിയ ശേഷം രൂപയുടെ മൂല്യം മൂന്നു ശതമാനം ഇടിഞ്ഞു. എണ്ണ വിലക്കയറ്റവും ആഗോള അനിശ്ചിതത്വവും നാണയ വിപണിയിലെ മണികിലുക്കം ശക്തമാക്കുന്നു. ഒരു വർഷത്തിനിടയിൽ ഡോളറിനു മുന്നിൽ രൂപയ്ക്ക് എട്ട് ശതമാനം തകർച്ച. യൂറോ, ബ്രിട്ടീഷ് പൗണ്ട്, ചൈനീസ് യുവാൻ എന്നിവയ്ക്ക് മുന്നിലും രൂപ ദുർബലമായി.
വിദേശ ഓപ്പറേറ്റർമാർ പിന്നിട്ടവാരം 29,897 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഈ മാസത്തെ അവരുടെ വിൽപ്പന 86,780 കോടി രൂപയാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ 87,374 കോടിയുടെ കനത്ത വിൽപ്പനയ്ക്ക് ശേഷം ആദ്യമാണ് ഇത്തരം ഒരു വിൽപ്പന. ആഭ്യന്തര ഫണ്ടുകൾ പോയവാരം 30,641.09 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ഈ മാസം അവർ ഇതിനകം 1,01,168.60 കോടി രൂപയുടെ നിക്ഷേപം നടത്തി. 2024 ഒക്ടോബറിൽ നടത്തിയ 1,07,254 കോടിയാണ് ഇതിനു മുൻപുള്ള കനത്ത വാങ്ങൽ.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനിടയിൽ ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡ്കസ് കുതിച്ചു കയറി അപായ സൂചന നൽകി. വാരമധ്യം സൂചിക 22 ശതമാനം വർധിച്ച് 20.98ലേക്ക് കയറി, പത്ത് മാസത്തിനിടയിൽ ആദ്യമാണ് ഇത്രയും ഉയർന്ന തലത്തിലേക്കു സൂചിക നീങ്ങുന്നത്.
സ്വർണത്തിനു കാലിടറി
ന്യൂയോർക്കിൽ സ്വർണത്തിനു കാലിടറി. ട്രോയ് ഔൺസിന് 5018 ഡോളറിൽ നിന്ന് 5044നു മുകളിൽ ഇടംപിടിക്കാനാവുന്നില്ലെന്നു വ്യക്തമായതോടെ ഫണ്ടുകൾ വിൽപ്പനയിലേക്ക് ചുവടു മാറ്റി. ഇതോടെ നിരക്ക് 4484 ഡോളറിലേക്ക് ഇടിഞ്ഞ ശേഷം 4491 ഡോളറിലാണ്.
ആഭ്യന്തര അവധി വിപണിയിൽ പത്ത് ഗ്രാം സ്വർണം മൂന്നാഴ്ചയായി നിലനിർത്തിയ 1.58 ലക്ഷം രൂപയിലെ സപ്പോർട്ട് നഷ്ടപ്പെട്ടു. വിൽപ്പന സമ്മർദത്തിൽ 1.41 ലക്ഷത്തിലേക്ക് ഇടിഞ്ഞ ശേഷം ചെറിയതോതിലെ തിരിച്ചുവരവിൽ 1.44 ലക്ഷം രൂപയിലാണ്. എംസിഎക്സിൽ സാങ്കേതിക ചലനങ്ങൾ ഇപ്പോഴും ദുർബലാവസ്ഥയിൽ നിലകൊള്ളുന്നതിനാൽ 1.38 - 1.33 ലക്ഷത്തിലേക്ക് പരീക്ഷണങ്ങൾ പ്രതീക്ഷിക്കാം, സ്വർണം മുന്നേറാൻ ശ്രമിച്ചാൽ 1.54ൽ പ്രതിരോധമുണ്ട്.