ന്യൂയോർക്ക്: ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകറൻസികൾ തകർച്ചയിൽ. പ്രമുഖ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ മൂല്യം ഒരുമാസത്തിനിടെ 30 ശതമാനത്തിനടുത്താണ് ഇടിഞ്ഞത്.
ഒക്ടോബറിൽ 1,26,000 ഡോളർ വരെ ഉയർന്ന ബിറ്റ്കോയിൻ വില നിലവിൽ 90,000 ഡോളറിലും താഴെയായി. എല്ലാ ക്രിപ്റ്റോ കറൻസികളുടെയും മൊത്തം വിപണി മൂല്യത്തിൽ കഴിഞ്ഞ ആറാഴ്ചയ്ക്കിടെ 1.2 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ക്രിപ്റ്റോകറൻസികളിലെല്ലാം വീഴ്ച്ച പ്രകടമാണെങ്കിലും സ്ഥിതിഗതികൾ ഇത്രത്തോളം രൂക്ഷമാക്കിയത് ബിറ്റ്കോയിന്റെ ഇടിവാണ്.
തകർച്ച നീണ്ടുനിൽക്കുമെന്ന ഭയത്തിൽ വൻകിട നിക്ഷേപകരിൽ പലരും ക്രിപ്റ്റോ നിക്ഷേപം വിറ്റഴിക്കുന്നുണ്ട്. ഇതും വിപണിയിലെ അനിശ്ചിതത്വം വർധിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച് ദീർഘകാല നിക്ഷേപകരിൽ പലരും അനിശ്ചിതത്വം മുന്നിൽ കണ്ട് ലാഭമെടുക്കലിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇത് വീഴ്ചയുടെ ആഴം വർധിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ 30 ദിവസത്തിനിടെ ദീർഘകാല നിക്ഷേപകർ 8,15,000 ബിറ്റ്കോയിനാണ് വിറ്റഴിച്ചത്. 2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന ഇടപാടാണിത്.
കന്പനി ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട സേവനങ്ങൾ നല്‍കിയിരുന്ന പ്രമുഖ കന്പനികളിലൊന്നായ ഡാപ്പ്റഡാർ പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
2018ൽ ആരംഭിച്ച ബ്ലോക്ക്ചെയിൻ കേന്ദ്രീകൃത ഡാറ്റാ അനലിറ്റിക്സ് കന്പനിയാണിത്. സാന്പത്തികമായി ലാഭകരമല്ലാത്ത അവസ്ഥയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ലെന്ന് ഉടമകൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കുന്നു.
Tags : crypto crypto currency