x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡിജിറ്റൽ തട്ടിപ്പ്: ബാങ്കുകൾക്ക് കൈമലർത്താനാവില്ല; നഷ്ടപരിഹാരത്തിനു ചട്ടം വരുന്നു

എസ്.ആർ. സുധീർകുമാർ
Published: March 7, 2026 10:13 AM IST | Updated: March 7, 2026 10:33 AM IST

കൊല്ലം: അനുദിനം വർധിച്ചുവരുന്ന ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകളിൽനിന്നു സാധാരണക്കാരായ ബാങ്ക് ഉപയോക്താക്കളെ സംരക്ഷിക്കാൻ വിപ്ലവാത്മകമായ നീക്കവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ചെറിയ മൂല്യമുള്ള വഞ്ചനാപരമായ ഇലക്‌ട്രോണിക് ബാങ്കിംഗ് ഇടപാടുകൾക്കു നഷ്ടപരിഹാരം ഉറപ്പാക്കുന്ന പുതിയ കരട് ചട്ടങ്ങൾ ആർബിഐ പുറത്തിറക്കി.

ഇതനുസരിച്ച് 50,000 രൂപ വരെയുള്ള ഡിജിറ്റൽ തട്ടിപ്പ് ക്ലെയിമുകൾക്കു ഭാഗികമായോ പൂർണമായോ ഉള്ള നഷ്ടപരിഹാരം ലഭിക്കും. ഉപയോക്താക്കൾ നേരിടുന്ന അറ്റ നഷ്ടത്തിന്‍റെ 85 ശതമാനം അല്ലെങ്കിൽ പരമാവധി 25,000 രൂപ (ഏതാണോ കുറവ് അത്) തിരികെ നൽകാനാണ് റിസർവ് ബാങ്കിന്‍റെ നിർദേശം.

ഡിജിറ്റൽ ഇടപാടുകളിൽ തട്ടിപ്പ് നടന്നാൽ പലപ്പോഴും ഉപയോക്താവ് അശ്രദ്ധ കാണിച്ചുവെന്ന പേരിൽ ബാങ്കുകൾ കൈമലർത്തുന്ന രീതിക്ക് ഇതോടെ മാറ്റം വരും. ഒരു ഇടപാടിൽ ഉപയോക്താവിന് ബാധ്യതയുണ്ടെന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം ഇനി മുതൽ ബാങ്കുകൾക്കായിരിക്കും. 2026 ജൂലൈ ഒന്നു മുതലോ അതിനു ശേഷമോ നടത്തുന്ന ഇടപാടുകൾക്കായിരിക്കും ഈ പുതിയ നിയമം ബാധകമാകുക.

രാജ്യത്തു നടക്കുന്ന മൊത്തം സൈബർ തട്ടിപ്പുകളിൽ 65 ശതമാനത്തോളവും 50,000 രൂപയിൽ താഴെയുള്ള തുകകളാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് ആർബിഐ ഇത്തരമൊരു പരിധി നിശ്ചയിച്ചിരിക്കുന്നത്. ബാങ്കിന്‍റെ അശ്രദ്ധ മൂലമോ അല്ലെങ്കിൽ ഏതെങ്കിലും മൂന്നാം കക്ഷിയുടെ സുരക്ഷാ വീഴ്ച മൂലമോ തട്ടിപ്പ് നടന്നാൽ ഉപയോക്താവിനു യാതൊരു ബാധ്യതയും ഉണ്ടാകില്ലെന്ന് മാത്രമല്ല, ആ ഇടപാട് പൂർണമായും റദ്ദാക്കാനും അവർക്ക് അവകാശമുണ്ട്.

നഷ്‌ടപരിഹാരം കിട്ടാൻ

നഷ്ടപരിഹാരം ലഭിക്കാനായി ഉപയോക്താക്കൾ പാലിക്കേണ്ട കൃത്യമായ നിബന്ധനകളും ആർബിഐ മുന്നോട്ടുവച്ചിട്ടുണ്ട്. തട്ടിപ്പ് നടന്ന വിവരം ശ്രദ്ധയിൽപ്പെട്ട് അഞ്ചു ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ബാങ്കിലും നാഷണൽ സൈബർ ക്രൈം ഹെൽപ്പ് ലൈനിലും (1930) റിപ്പോർട്ട് ചെയ്തിരിക്കണം.
ബാങ്കിന്‍റെ ആന്തരിക പരിശോധനയിൽ നഷ്ടം യഥാർഥമാണെന്നു ബോധ്യപ്പെട്ടാൽ മാത്രമേ ക്ലെയിം അനുവദിക്കൂ.

പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ ബാങ്കുകൾ അതു പരിശോധിച്ചു നടപടി സ്വീകരിക്കണം. ഒരാൾക്കു തന്‍റെ ജീവിതകാലത്ത് ഒരേയൊരു തവണ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ എന്ന നിബന്ധനയും കരട് ചട്ടത്തിലുണ്ട്. 2026 ഏപ്രിൽ ആറു വരെ പൊതുജനങ്ങളിൽനിന്നും വിവിധ പങ്കാളികളിൽനിന്നും നിർദേശങ്ങൾ സ്വീകരിച്ച ശേഷമായിരിക്കും ഇത് അന്തിമമാക്കുക.

അശ്രദ്ധ കാണിച്ചാൽ

നഷ്ടപരിഹാര തുക എങ്ങനെ പങ്കിടണം എന്നതിനെക്കുറിച്ചും ആർബിഐ കൃത്യമായ ചട്ടക്കൂട് തയാറാക്കിയിട്ടുണ്ട്. 29,412 രൂപയിൽ താഴെയുള്ള നഷ്ടങ്ങൾക്ക് 65 ശതമാനം ആർബിഐ നേരിട്ട് വഹിക്കും. ബാക്കി തുക ഉപഭോക്താവിന്‍റെ ബാങ്കും തുക എത്തിയ ഗുണഭോക്തൃ ബാങ്കും പത്തു ശതമാനം വീതം വഹിക്കണം. വലിയ തുകകളുടെ കാര്യത്തിലും ആർബിഐയുടെയും ബാങ്കുകളുടെയും വിഹിതം കൃത്യമായി നിർവചിച്ചിട്ടുണ്ട്.

അതേസമയം, പാസ്‌വേഡ്, ഒടിപി, കാർഡ് വിവരങ്ങൾ തുടങ്ങിയവ തട്ടിപ്പുകാർക്കു കൈമാറുന്നതും ബാങ്കുകളിൽ നിന്നുള്ള ഔദ്യോഗിക മുന്നറിയിപ്പുകൾ അവഗണിച്ച് സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും ഉപയോക്തൃ അശ്രദ്ധയായി കണക്കാക്കും. എന്നാൽ, കൃത്യമായ ഇടപാട് അലേർട്ടുകൾ അയയ്ക്കാതിരിക്കുന്നതും സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയും ബാങ്കുകളുടെ ഭാഗത്തെ പിഴവായി കണക്കാക്കി ഉപയോക്താവിനെ സംരക്ഷിക്കുകയും ചെയ്യും.

Tags : Digital fraud Banks Reserve Bank compensation

Recent News

Corehub Up