കണ്ണൂർ: ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ലിമിറ്റഡും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയനനടപടികളിൽ സുപ്രധാന മുന്നേറ്റം. ലയനത്തിന് അംഗീകാരം തേടുന്നതിനായി ഓഹരി ഉടമകളുടെയും അൺസെക്യൂർഡ് ട്രേഡ് ക്രെഡിറ്റേഴ്സിന്റെയും യോഗം വിളിച്ചുചേർക്കാൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) ഹൈദരാബാദ് ബെഞ്ച് ഉത്തരവിട്ടു. ഫെബ്രുവരി 27നും മാർച്ച് 13നും ഇടയിലായിരിക്കും യോഗം നടക്കുക. ഇന്ത്യയിലെ ആരോഗ്യമേഖലയിലെ ഏറ്റവും വലിയ ലയനങ്ങളിലൊന്നിനു മുന്നോടിയായാണ് സുപ്രധാന നീക്കം.
ലയനത്തിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അംഗീകാരവും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽനിന്നുള്ള ‘നോ ഒബ്ജക്ഷൻ’സർട്ടിഫിക്കറ്റുകളും നേത്തേതന്നെ ലഭിച്ചിരുന്നു. മറ്റു നിയമപരമായ അനുമതികൾക്കൂടി ലഭിക്കുന്നതോടെ 2026-27 സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ ലയനനടപടികൾ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ലയനശേഷം നിലവിൽ വരുന്ന ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ’ എന്ന സ്ഥാപനത്തെ ആസ്റ്റർ പ്രമോട്ടർമാരും ബ്ലാക്ക്സ്റ്റോണും ചേർന്നായിരിക്കും നയിക്കുക. ലയനത്തോടെ രാജ്യത്തുടനീളം ഏറ്റവും മികച്ച അത്യാധുനിക വൈദ്യചികിത്സ ലഭ്യമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ഇരുകമ്പനികളും ഒന്നിക്കുന്നത്.
ലയനനടപടികളിൽ ഇതുവരെ കൈവരിച്ച സുപ്രധാന പുരോഗതിയിൽ വലിയ സന്തോഷവും പൂർണതൃപ്തിയുമുണ്ടെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. എൻസിഎൽടി ഉത്തരവ് പ്രകാരം നടക്കാനിരിക്കുന്ന യോഗത്തിൽ ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും അംഗീകാരം ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ട്. അവശേഷിക്കുന്ന നടപടികൾ വേഗത്തിൽ പൂർത്തിയാക്കി 2026-27 സാമ്പത്തികവർഷത്തിന്റെ ആദ്യ പാദത്തിൽത്തന്നെ ലയനം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ഇരുസ്ഥാപനങ്ങളും ലയിപ്പിച്ച് രൂപീകരിക്കുന്ന ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡിനു’കീഴിൽ ആസ്റ്റർ ഡിഎം, കെയർ ഹോസ്പിറ്റൽസ്, കിംസ് ഹെൽത്ത്, എവർകെയർ എന്നീ നാല് മുൻനിര ബ്രാൻഡുകൾ ഉണ്ടായിരിക്കും. 2025 സെപ്റ്റംബർ 30ലെ കണക്കനുസരിച്ച് ആസ്റ്ററിന് 5,195ലധികം രോഗികളെയും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന് 5,165 രോഗികളെയും കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. ലയനം പൂർത്തിയാകുന്നതോടെ ഈ 10,360 കിടക്കകളും ഒരൊറ്റ കുടക്കീഴിലാകും.