മുക്കൂട്ടുതറ: ചില്ലറ വിൽപനയ്ക്കായി വിവിധ ബിവറേജ് ഷോപ്പുകളിൽനിന്ന് വാങ്ങിവച്ച 43 ലിറ്റർ മദ്യം ഒളിപ്പിച്ചത് പറമ്പിലെ കോഴിക്കൂട്ടിൽ. വിവരം രഹസ്യമായി അറിഞ്ഞെത്തിയ എക്സൈസ് സംഘം കോഴിക്കൂട്ടിലെ മദ്യശേഖരം പിടികൂടി. മദ്യം വാങ്ങി വിൽപ്പനയ്ക്ക് സൂക്ഷിച്ച വീട്ടുടമയെ അറസ്റ്റ് ചെയ്തു.
മുക്കൂട്ടുതറ ചാത്തൻതറയിലാണ് സംഭവം. ചാത്തൻതറ കഴുത്തൂട്ടു പുരയിടത്തിൽ നസീർ (51) ആണ് അറസ്റ്റിലായത്. എക്സൈസ് റാന്നി റേഞ്ച് ഇൻസ്പെക്ടർ ആർ. വിശാഖിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
അര ലിറ്റർ മദ്യത്തിന് 150 ഉം 200 ഉം രൂപയാണ് അധികം വാങ്ങി വിറ്റിരുന്നതെന്നും ഡ്രൈഡേ ദിവസം ഉയർന്ന വില ഈടാക്കുമെന്നും എക്സൈസ് സംഘം പറഞ്ഞു. വീട്ടിലെ ശുചിമുറിക്ക് തൊട്ടടുത്തുള്ള പറമ്പിൽ കോഴികൾ ഇല്ലാത്ത കോഴിക്കൂട്ടിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു മദ്യശേഖരം. പ്രതിയെ റാന്നി കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അനധികൃത മദ്യ വിൽപ്പന നാളുകളായി മുക്കൂട്ടുതറ, ചാത്തൻതറ മേഖലയിൽ സജീവമാണ്. പൊൻകുന്നം എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുക്കൂട്ടുതറയിൽ പെട്ടിക്കട റെയ്ഡ് ചെയ്ത് മിനി ബാർ പൂട്ടിയിട്ട് അധികം ദിവസമായില്ല.
എക്സൈസ് റാന്നി റേഞ്ച് ഉദ്യോഗസ്ഥരായ വി.കെ. സന്തോഷ് കുമാർ, ആർ.ആർ. രജീഷ്, വൈ. അനീഷ്, അതുൽ കൃഷ്ണൻ, ജോബിൻ ജോസ്, കെ. പ്രകാശ്, എസ്. മഹേഷ്, കെ.സി. നിരഞ്ജന, കെ. സംഗീത, നെഹില എം. മുഹമ്മദ് എന്നിവർ ഉൾപ്പെട്ട ടീം റെയ്ഡിൽ പങ്കെടുത്തു.
Tags : nattu vishesham 43 liters of liquor chicken coop seized