തേക്കുംമൂട്ടിൽപ്പടി കമ്പനിപ്പടിയിൽ കലുങ്ക് ഇടിഞ്ഞു താഴ്ന്ന ഭാഗം
പിറവം : പിറവം - പാലാ റോഡിൽ തേക്കുംമൂട്ടിൽപ്പടി കമ്പനിപ്പടിയിൽ കലുങ്കിടിഞ്ഞ് അപകടാവസ്ഥയിലായി. ഈ ഭാഗം അടിയന്തിരമായി നന്നാക്കാനുള്ള നടപടി പിഡബ്ല്യുഡി അധികൃതർ സ്വീകരിച്ചിട്ടുമില്ല. റോഡിൽ കലുങ്കിന്റെ ഭാഗം താഴേയ്ക്ക് ഇരുന്ന് ആഴത്തിലുള്ള ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്. ഇതേ തുടർന്ന് പിഡബ്ലുഡി വകുപ്പ് അധികൃതർ ഗർത്ത ഭാഗം തിരിച്ച് റിബൺ കെട്ടി മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലാണ് കലുങ്കിടിഞ്ഞത്. പാലാ, ഈരാറ്റുപേട്ട, കൂത്താട്ടുകുളം, ടൂറിസ്റ്റ് കേന്ദ്രമായ വാഗമൺ എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയാണിത്. ദീർഘദൂര ബസുകളും സ്കൂൾ കോളജ് വാഹനങ്ങളുമടക്കം നൂറ്കണക്കിന് വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന റോഡിലാണ് സംഭവം.
ഇടയാർ വഴി കൂത്താട്ടുകുളത്തേയ്ക്കുള്ള വാഹനങ്ങളും ഇലഞ്ഞി വഴി മോനിപ്പിള്ളിക്കുള്ള വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. പിറവം ബിപിസി കോളജിലേക്കുള്ള വിദ്യാർഥികൾ നിരന്തരം കടന്നുപോകുന്നത് ഇതുവഴിയാണ്. കലുങ്ക് ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായ സാഹചര്യത്തിൽ വാഹനങ്ങളും, യാത്രക്കാരും, കാൽ നടയാത്രക്കാരുമെല്ലാം ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിപ്പ് നൽകി.
Tags : Local News Nattuvishesham Ernakulam