ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട കോറോ ഹെല്‍ത്ത് കമ്പനിയുടെ നടപടി ചര്‍ച്ച ചെയ്യാന്‍ എറണാകുളം കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മന്ത്രി ബിന്ദു ക
കൊച്ചി: കോറോ ഹെല്‍ത്തിന്റെ കേരളത്തിലെ ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ ഉറച്ച് കമ്പനി. കൊച്ചിയിലും കോഴിക്കോടുമായി 830ഓളം ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട സംഭവത്തില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് കമ്പനി നിലപാട് വ്യക്തമാക്കിയത്. തീരുമാനത്തില്‍നിന്ന് പിന്മാറണമെന്ന് അറിയിച്ച സര്‍ക്കാര്‍ കമ്പനിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.
ചര്‍ച്ചയില്‍ അന്തിമ തീരുമാനം ആകാതെ വന്നതോടെ 20ന് ചര്‍ച്ച വീണ്ടും തുടരും. കോറോ ഹെല്‍ത്ത് കമ്പനി അധികൃതര്‍ ഈ ചര്‍ച്ചയില്‍ നേരിട്ട് പങ്കെടുക്കും. അതേസമയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനുള്ള നടപടികളിലേക്ക് കടക്കുകയാണ് സര്‍ക്കാര്‍.
ഇതിന്റെ ഭാഗമായി മന്ത്രി ബിന്ദു കൃഷ്ണ 13ന് കേന്ദ്ര തൊഴില്‍വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തും. സാമ്പത്തിക പ്രതിസന്ധിയുണ്ട്, ഓര്‍ഡറുകള്‍ ലഭിക്കുന്നില്ല തുടങ്ങിയ കാരണങ്ങളാണ് കമ്പനി അടച്ചുപൂട്ടലിന് കാരണമായി ചര്‍ച്ചയില്‍ ഉന്നയിച്ചത്.
എന്നാല്‍ രേഖകളില്‍ കമ്പനി ലാഭത്തിലാണെന്നതും ഇന്ത്യയിലെ മറ്റു കേന്ദ്രങ്ങളിലെ പ്രവര്‍ത്തനവും ചൂണ്ടിക്കാട്ടി വാദങ്ങളെ സര്‍ക്കാര്‍ തള്ളി. മുമ്പ് നടന്ന ചര്‍ച്ചകളിലെ ധാരണകളെല്ലാം ലംഘിക്കുന്ന സമീപമാണ് കമ്പനി സ്വീകരിച്ചിരുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഹൈബി ഈഡന് എംപി, ഉമ തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, ലേബര്‍ കമ്മീഷണര്‍ സഫ്ന നസറുദ്ദീന്‍, കോറോ ഹെല്‍ത്ത് ജീവനക്കാരുടെ പ്രതിനിധികള്‍, വിവിധ ട്രേഡ് യൂണിയന് നേതാക്കള്‍, കോറോ ഹെല്‍ത്ത് മാനേജ്മെന്റ് പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് മന്തി ബിന്ദു കൃഷ്ണ
രാജ്യത്തെ നിലവിലുള്ള ലേബര്‍ നിയമപ്രകാരം വന്‍തോതിലുള്ള പിരിച്ചുവിടലുകള്‍ക്ക് 60 ദിവസം മുമ്പ് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കേണ്ടതുണ്ട്. അവസാനം വന്നവര്‍ ആദ്യം പുറത്തേക്ക് എന്ന സീനിയോറിറ്റി മാനദണ്ഡവും പാലിക്കണം.
എന്നാല്‍ കോറോ ഹെല്‍ത്തിന്റെ കാര്യത്തില്‍ ഈ ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. പരമാവധി ജീവനക്കാരെ കേരളത്തിലെ ഓഫീസുകളില്‍ തന്നെ നിലനിര്‍ത്തി ബാക്കിയുള്ളവരെ രാജ്യത്തെ മറ്റ് ഓഫീസുകളിലേക്ക് മാറ്റാന്‍ കമ്പനി തയാറാകണം. കമ്പനിയുടെ പുതിയ പ്രോജക്ടുകള്‍ സംസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.
കമ്പനി പറയുന്നത്
അമേരിക്കയുടെ ഭരണമാറ്റത്തെ തുടര്‍ന്ന് മെഡിക്കല്‍ കോഡിംഗ് മേഖലയില്‍ കൂടുതല്‍ വര്‍ക്കുകള്‍ ലഭിക്കുന്നില്ല. ഇതിനാല്‍ മുന്നോട്ട് പോകാന്‍ സാധിക്കുന്നില്ല.
എന്ത് സഹായവും ചെയ്യാമെന്ന് സര്‍ക്കാര്‍
വിഷയത്തില്‍ കമ്പനി അധികൃതരുമായി 20ന് നടക്കുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകും. ഇന്നലെ എറണാകുളം കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചയില്‍ കമ്പനിയുടെ നിലനില്പ്പിനാവശ്യമായ എന്ത് സഹായം വേണമെങ്കിലും ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ കമ്പനി അധികൃതരെ അറിയിച്ചു.
കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂലമായ സമീപനം ഉണ്ടായില്ലെങ്കില്‍ കര്‍ശന നിയമനടപടികളിലേക്ക് നീങ്ങാനാണ് സര്‍ക്കാർ തീരുമാനമെന്നും മന്ത്രി അധികൃതരെ ധരിപ്പിച്ചു.
Tags : Local News Nattuvishesham Ernakulam