1. നവീന്‍ സിബി 2. മൃദുല ആന്‍ ഉമ്മന്‍
തിരുവല്ലം: വ്യാഴാഴ്ച ബൈക്ക് അപകടത്തിൽ യുവതിയും യുവാവും മരിച്ച സംഭവത്തിൽ വഴിത്തിരിവ്. തിരുവല്ലം ഭാഗത്തുനിന്നും കോവളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന വിവരമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഹാന്‍ഡിലില്‍ ഒരു കാര്‍ തട്ടുകയും ഇതേത്തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് തിരുവല്ലം പോലീസ് കണ്ടെത്തി.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കഴക്കൂട്ടം-കാരോട് ബൈപാസില്‍ തിരുവല്ലം ടോള്‍ പ്ലാസയ്ക്ക് സമീപം ഉണ്ടായ അപകടത്തിൽ സുഹൃത്തുക്കളും ഐടി ജീവനക്കാരുമായ എറണാകുളം വാഴപ്പളളി മുളവൂര്‍ നിരപ്പ് വലിയവീട്ടുപറമ്പില് നവീന്‍ സിബി (25) , തൊടുപുഴ മുട്ടം മ്രാല അരിക്പുറത്ത് വീട്ടില്‍ ഉമ്മന്‍ വര്‍ഗീസിന്റെ മകള്‍ മൃദുല ആന്‍ ഉമ്മന്‍ (25) എന്നിവരാണ് മരിച്ചത്. അപകടം നടന്ന് മണിയ്ക്കൂറുകള്ക്കുളളില് തന്നെ അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്ന മലയിന്‍കീഴ് കോളാച്ചിറ ബിനു ഭവനില്‍ വിഷ്ണുവിനെ (21) യും അപകടമുണ്ടാക്കിയ കാറും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോലീസ് നടത്തിയ പരിശോധനയില്‍ ബൈക്കിന്റെ ഹാന്‍ഡിലില്‍ കാറിന്റെ പെയിന്റ് കണ്ടെത്തിയത് സംശയത്തിനിടയാക്കി. തുടര്‍ന്ന് സമീപത്തുളള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും കാര്‍ ബൈക്കില്‍ ഇടിച്ചാണ് അപകടം നടന്നതെന്ന് കണ്ടെത്തുകയുമായിരുന്നു. വിഷ്ണുവിനെ ചോദ്യം ചെയ്തതില്‍ നിന്നും ബൈക്ക് മറിഞ്ഞ് അപകടം സംഭവിച്ചത് അയാള്‍ കണ്ടിരുന്നതായും ഉടന്‍ തന്നെ കാര്‍ നിര്‍ത്തിയ ശേഷം പുറത്തേയ്ക്ക് ഇറങ്ങിയെന്നും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് പേരും ബോധം നഷ്ടപ്പെട്ട് കിടക്കുന്നത് കണ്ട് യുവാവ് ഭയത്താല്‍ കാര്‍ എടുത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താതെ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പട്ടതായി പോലീസ് പറഞ്ഞു.
വിഷ്ണുവിനെ നടപടിക്രമങ്ങള്‍ക്ക് ശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുമെന്ന് തിരുവല്ലം പോലീസ് അറിയിച്ചു. കഴക്കൂട്ടത്തെ യുഎസ്ടി ഗ്ലോബല്‍ കമ്പനിയില്‍ ടെസ്റ്റിംഗ് വിഭാഗം ജീവനക്കാരനായിരുന്നു നവീന്‍ സിബി. കഴക്കൂട്ടം കിന്‍ഫ്രായിലെ ഇവൈ കമ്പനിയിലെ ജീവനക്കാരിയാണ് മൃദുല.
സംഭവദിവസം നവീന്റെ പിറന്നാളായിരുന്നു. കോളജ് പഠനകാലം മുതല്‍ സുഹൃത്തുക്കളായിരുന്ന ഇരുവരും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കാനായി കോവളത്തേയ്ക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്നലെ ഉച്ചയോടുകൂടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.