ടി.എസ്. അഖിൽ
കോട്ടയം: തുടര്‍ച്ചയായി ലഹരിക്കച്ചവട കേസില്‍ പ്രതിയായ യുവാവിനെ പോലീസ് കരുതല്‍ തടങ്കലിലാക്കി. ചങ്ങനാശേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കഞ്ചാവ്, രാസലഹരി കേസുകളിലെ പ്രതിയായ ചങ്ങനാശേരി റെയില്‍വേ ഹൗസിംഗ് ബോര്‍ഡ് ഭാഗത്ത് തോപ്പില്താഴ്ചയില് ടി.എസ്. അഖിലി (25) നെയാണ് കരുതല്‍ തടങ്കലിലാക്കിയത്. അഖിലിനെതിരേ ചങ്ങനാശേരി എസ്ബി കോളജ് ഭാഗത്തുനിന്ന് മാര്‍ച്ച് 25ന് 1.079 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസും പെരുന്ന എന്‍എസ്എസ് കോളജിനു മുന്‍വശത്തുനിന്ന് 2024 ഓഗസ്റ്റ് 21ന് 20.90 ഗ്രാം രാസലഹരി പിടികൂടിയ കേസും നിലവിലുണ്ട്.
പ്രതിക്കെതിരേ കോട്ടയം ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലം കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഡിവൈഎസ്പി അഷാദിന്റെ നിര്‍ദേശ പ്രകാരം എസ്എച്ച്ഒ ശ്രീജിത്ത്, എസ്ഐ സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമില്‍ പാര്‍പ്പിച്ചതായി പോലീസ് അറിയിച്ചു. ജില്ലയില്‍ ലഹരി മരുന്ന് കടത്തും വിതരണവും നടത്തുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ തുടരുമെന്നും ലഹരി വ്യാപനം തടയുന്നതിനായി ഇത്തരത്തിലുള്ള കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തമായി തുടരുമെന്നും ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു അറിയിച്ചു.
Tags : Local News Nattuvishesham Kottayam