നെടുംകുന്നം: മഴ പെയ്ത് നെടുമണ്ണി തോട്ടിൽ വെള്ളം ഉയരുന്നതു കാണുമ്പോൾ ഇടവട്ടാൽ നിവാസികളുടെ നെഞ്ചിനുള്ളിൽ ആധിയുടെ ഓളമാകും. നെടുമണ്ണി തോടിന്റെ സമീപ പ്രദേശമാണ് ഇടവട്ടാൽ. 10ലേറെ വീടുകളാണ് ഇവിടെയുള്ളത്. നെടുമണ്ണി തോട്ടിൽ സാധാരണയിലും അല്പം വെള്ളം ഉയർന്നാൽ തോട് കരകവിഞ്ഞ് പ്രദേശത്തെ വീടുകളിൽ വെള്ളം കയറും.
തോട്ടിൽ അശാസ്ത്രീയമായി നിർമിച്ച തടയണയാണ് ഇവരുടെ ദുരിതത്തിനു കാരണം. എല്ലാ വീടുകളിലും വെള്ളം കയറി ഇലക്ട്രിക് സാധനങ്ങൾ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ നശിക്കും. കൂടാതെ ദിവസങ്ങളോളം വീടിനുള്ളിൽ വെള്ളം കെട്ടിനിന്ന് വീടുകൾക്കും നാശം സംഭവിക്കുന്നതും പതിവാണ്.
മഴക്കാലങ്ങളിൽ ബന്ധുവീടുകളിൽ അഭയം പ്രാപിക്കുകയോ, നെടുംകുന്നം പഞ്ചായത്ത് തുറക്കുന്ന ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ശരണം തേടുകയോ ഇവർക്ക് മാർഗമുള്ളൂ. തോട്ടിൽ വെള്ളം ഉയർന്നു കഴിഞ്ഞാൽ താഴ്ന്ന പ്രദേശമായതിനാൽ വർഷങ്ങളായി എല്ലാ മഴക്കാലത്തും ഇവിടുത്തെ വീടുകളിൽ പെട്ടെന്ന് വെള്ളം കയറും.
കുടിവെള്ള കിണറുകൾ വരെ മലിനമായി ഉപയോഗശൂന്യമാകും. ഇതിന് പരിഹാരം കാണാൻ അധികൃതർ ശ്രമിക്കുന്നില്ല എന്ന ആരോപണം ശക്തമാണ്.
Tags : Local News Nattuvishesham Kottayam