റിച്ചാർഡ് ടി. നിക്സൺ, സാവിയോ ജോബിൻ.
കൂരാച്ചുണ്ട്: രാജ്യ ശാസ്ത്രീയ ബാല വൈജ്ഞാനിക പ്രദർശിനി (ആർഎസ്ബിവിപി)യിൽ കോഴിത്തൂതൂവൽ പ്രയോജനപ്പെടുത്തിയുള്ള ഗവേഷണ പ്രോജക്ട് ദേശീയതലത്തിൽ അവതരിപ്പിക്കാൻ കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് അവസരം.
പ്ലസ് വൺ വിദ്യാർഥിയായ കല്ലാനോട് പറപ്പള്ളിൽ റിച്ചാർഡ് ടി. നിക്സൺ, എട്ടാം തരം വിദ്യാർഥി കരിയാത്തുംപാറ കണ്ണേഴത്ത് സാവിയോ ജോബിൻ എന്നിവർക്കാണ് ഈ അവസരം ലഭിച്ചത്. "കോഴിത്തൂവൽ മാലിന്യങ്ങളിൽ നിന്നും ഹരിത വികസനത്തിലേക്ക്'എന്ന പരിസ്ഥിതി സംരക്ഷണവും സുസ്ഥിരവികസനവും മുൻനിർത്തിയുള്ള ഗവേഷണ പ്രോജക്ടാണ് ഇവർ തയാറാക്കിയത്.
കോഴിത്തൂവലിൽ പ്രധാനമായും കെരാറ്റിൻ എന്ന പ്രോട്ടീനാണ് കാണപ്പെടുന്നത്. ഇതിനെ വിഘടിപ്പിക്കാൻ കെരാറ്റിനേസ് എൻസൈം ഉത്പാദിപ്പിക്കുന്ന ബാക്ടീരിയയാണ് സഹായിക്കുന്നത്. പലതരത്തിലുള്ള ഗവേഷണങ്ങൾക്കും പരിശോധനകൾക്കും ശേഷം ബാസില്ലസ് സബ്റ്റിലസ് എന്ന ബാക്ടീരിയ ഇതിന് സഹായിക്കുമെന്ന് മനസിലാക്കി. ഈ ബാക്ടീരിയയെ വികസിപ്പിച്ച് പരീക്ഷണങ്ങൾ നടത്തിയപ്പോൾ ഈ മാർഗത്തിലൂടെ വിഘടിപ്പിച്ച തൂവൽ ദ്രാവകം ലയിപ്പിച്ച് ഉപയോഗിച്ചാൽ വലിയ തോതിൽ സസ്യവളർച്ച കൈവരിക്കാൻ സാധിക്കുമെന്ന് കണ്ടെത്തി.
വിഘടിച്ച തൂവൽ ദ്രാവകം ചെലവുകുറഞ്ഞ ജൈവ വളമായി ഉപയോഗിക്കാൻ കഴിയും. മുക്കത്തെ ഫൈറ്റോക്രോം ബയോ സയൻസ് ലാബിൽ ഒരു വർഷം നീണ്ടുനിന്ന ഗവേഷണത്തിലൂടെയാണ് ഈ കണ്ടുപിടിത്തം നടത്തിയത്. സ്കൂളിലെ ജീവശാസ്ത്രം അധ്യാപിക സിമി തോമസിന്റെ മാർഗ നിർദേശത്തിലാണ് വിദ്യാർഥികൾ പ്രോജക്ട് തയാറാക്കിയത്.
Tags : Local News Nattuvishesham Kozhikode