പ്രതീകാത്മക ചിത്രം
പെരിന്തൽമണ്ണ: ഒരു ദിവസം പ്രായമായ കുഞ്ഞിന് അത്യപൂർവമായ തൊറാക്കോ സ്കോപിക് (താക്കോൽദ്വാര) ഡയഫ്രം ശസ്ത്രക്രിയ വിജയകരമായി നടത്തി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ ശിശുശസ്ത്രക്രിയ വിഭാഗം.
ഗർഭകാല അൾട്രാസൗണ്ട് പരിശോധനയിൽ കുഞ്ഞിന് ജൻമനാ ഡയഫ്രാമാറ്റിക് ഹെർണിയ ഉണ്ടെന്നായിരുന്നു സംശയം. തുടർന്ന് ഗർഭകാലം പൂർത്തിയായി ജനിച്ച ഉടൻ നവജാത ശിശുവിനെ നിയോ നാറ്റോളജി വിഭാഗത്തിലെ ഡോ. ജയചന്ദ്രന്റെ കീഴിൽ പരിശോധനകളും ചികിത്സകളും തുടർന്നു. ജനനാനന്തര പരിശോധനകളിൽ കുഞ്ഞിന് ഡയഫ്രാമാറ്റിക് ഹെർണിയയല്ല, മറിച്ച് ജൻമനാ ഡയഫ്രാമാറ്റിക് ഇവന്ററേഷൻ ആണെന്ന് കണ്ടെത്തി.
ഡയഫ്രം അസാധാരണമായി ഉയർന്ന നിലയിലായതിനാൽ ശ്വാസകോശത്തിന്റെ വികാസം തടസപ്പെടുന്ന അവസ്ഥയാണിത്.
ശിശുശസ്ത്രക്രിയ വിദഗ്ധൻ ഡോ. ഷിജുവിന്റെ നേതൃത്വത്തിൽ, കുഞ്ഞ് ജനിച്ച് 24 മണിക്കൂറിനുള്ളിൽതന്നെ തൊറാക്കോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ ഡയഫ്രം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിച്ചു.
ശസ്ത്രക്രിയയ്ക്ക് ശേഷം ഒന്പതാം ദിവസം കുഞ്ഞിനെ പൂർണ ആരോഗ്യത്തോടെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.
ശസ്ത്രക്രിയയിൽ അനസ്തറ്റിസ്റ്റ് ഡോ. ശശിധരൻ, തുടർ ചികിത്സയിൽ ഡോ. ജയചന്ദ്രൻ എന്നിവരുടെ ചികിത്സയും വൈദഗ്ധ്യവും ശിശു ശസ്ത്രക്രിയ, നവജാത ശിശു ചികിത്സ, അനസ്തീഷ്യ, നഴ്സിംഗ് വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനവും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ചേർന്നാണ് ഈ അപൂർവ നേട്ടം കൈവരിക്കാനായതെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എ. സീതി, ഡെപ്യൂട്ടി ഡയറക്ടർ ഡോ. റിസ്വിൻ അഹമ്മദ്, ചീഫ് ഓപ്പറേഷൻ ഓഫീസർ രാംദാസ് എന്നിവർ അറിയിച്ചു.
Tags : Nattuvishesham Local News Maulana Hospital surgery child