കോട്ടയം : ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഒന്നുമുതല്‍ അഞ്ചുവരെ നടത്തിയ ലഹരിവിരുദ്ധ പരിശോധനകളില്‍ അഞ്ച് ദിവസത്തിനിടെ ആകെ 40 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 45 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പരിശോധനകളില്‍ 207.39 ഗ്രാം കഞ്ചാവ്, ഏഴ് കഞ്ചാവ് ബീഡികള്‍ എന്നിവയും 33 മറ്റ് ലഹരി/നിരോധിത വസ്തുക്കളും പിടിച്ചെടുത്തു.
പുകയില നിയന്ത്രണ നിയമമായ സിഒടിപിഎ പ്രകാരവും വ്യാപക പരിശോധനകള്‍ നടന്നു. അഞ്ച് ദിവസത്തിനിടെ 74 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 74 പേർക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തു.
ചങ്ങനാശേരിയില്‍ അഞ്ചിനു വൈകുന്നേരം 4.15 ഓടെ കുരിശുംമൂട് ഭാഗത്തുനിന്നു ചങ്ങനാശേരി ഭാഗത്തേക്ക് വരികയായിരുന്ന വെള്ള നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാര്‍ പാറേല്‍ പള്ളിക്ക് സമീപമുള്ള ജിയോ പെട്രോള്‍ പമ്പ് ഭാഗത്ത് പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയതില്‍ 2.11 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി.
കാർ ഓടിച്ചിരുന്ന തൃക്കൊടിത്താനം പുതുപ്പറമ്പ് മാഹിന്‍ സല്മാന് മുഹമ്മദിനെ (31) ദേഹപരിശോധന നടത്തിയപ്പോള്‍ ചെറിയ സിപ്പ്-ലോക്ക് കവറുകളിലായി സൂക്ഷിച്ചിരുന്ന വെള്ള നിറത്തിലുള്ള ക്രിസ്റ്റല്‍ രൂപത്തിലുള്ള പദാര്‍ഥം കണ്ടെത്തി. പരിശോധനയില്‍ ഇത് എംഡിഎംഎ ആണെന്ന് സ്ഥിരീകരിച്ചു. പ്രതിയുടെ കാറില്‍ നിന്നൂം ഗ്ലാസ് സ്മോക്കിംഗ് പൈപ്പ്, റോളിംഗ് പേപ്പര്‍, മൊബൈല്‍ ഫോണ്‍, പണം, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും പോലീസ് കണ്ടെടുത്തു.
പ്രതി സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങനാശേരി സബ് ഇന്‍സ്പെക്ടര്‍ സജിത്ത് മോന്റെ നേതൃത്വത്തില്‍ ജൂണിയര്‍ എസ്ഐ എ. ഫാത്തിമ, സിപിഒമാരായ എം.എ. നിയാസ്, ശരത് കമലാസനന്, എസ്സിപിഒ തോമസ് സ്റ്റാന്‍ലി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബി. അനീഷ് പരിശോധനയ്ക്ക് നേതൃത്വം നല്കി. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.
വിവരമറിയിക്കാം
ലഹരി ഉപയോഗവും പുകയില ഉത്പന്നങ്ങളുടെ അനധികൃത വില്പനയും തടയുന്നതിനായി തൂഫാന് - ദി നര്‍കോട്ടിക് ഹണ്ട് എന്ന പേരില്‍ ഊര്‍ജിതമായ പരിശോധനകളും അറസ്റ്റുകളും തുടര്‍ന്നുവരുന്നു. ലഹരി വസ്തുക്കളുടെ വിപണനമോ കൈമാറ്റമോ ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെ തന്നിരിക്കുന്ന നമ്പറുകളില്‍ വിവരമറിയിക്കാം.
9497979794, 9497927797, 9995966666
Tags : Nattuvishesham Local News storm