റെയില്‍വേ പാളം മുറിച്ചുകടന്ന് സ്റ്റേഷനിലേക്കു പോകുന്നവർ
കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നു നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്കുള്ള കാല്‍നടയാത്രക്കാരുടെ ദുരിതത്തിന് ഇനിയും പരിഹാരമായില്ല. റെയില്‍വേ സ്റ്റേഷനില്‍ നിന്നു നേരിട്ടു സ്റ്റാന്‍ഡിലേക്ക് നടപ്പാത വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.
നിലവില്‍ നാഗമ്പടം സ്റ്റാന്‍ഡില്‍ നിന്നു ഒരു നടപ്പാത ഉണ്ടെങ്കിലും അത് റെയില്‍വേ സ്റ്റേഷനു സമീപത്തെ ഗുഡ്ഷെപേർഡ് റോഡിലേക്കാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
ഗുഡ്ഷെപേർഡ് റോഡില്‍ നിന്നു റെയില്‍വേ സ്റ്റേഷനിലേക്ക് കയറണമെങ്കില്‍ ട്രാക്കിലൂടെ നടക്കണം. പലരും ട്രാക്കിലൂടെ നടക്കുകയും ബസ് സ്റ്റാന്‍ഡിനും റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള മതില് ചാടിക്കടക്കുകയും ചെയ്താണ് യാത്ര എളുപ്പമാക്കുന്നത്.
റെയിൽവേ കനിയണം
ശബരിമല സീസണ് ആരംഭിക്കുന്നതോടെ ആയിരക്കണക്കിന് തീര്‍ഥാടകരാണ് കോട്ടയം റെയില്‍വേ സ്റ്റേഷനിലേക്ക് എത്തുന്നത്. ഇങ്ങനെ തിരക്കുള്ള സാഹചര്യങ്ങളില്‍ സ്ഥിരമായ യാത്രക്കാരും അല്ലാത്തവരും റെയില്‍വേ സ്റ്റേഷനില്‍ നിന്നു ബസ് സ്റ്റാന്‍ഡിലേക്കെത്താന്‍ ഏറെ പ്രയാസപ്പെടും. റെയില്‍വേയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമായതിനാല്‍ സംസ്ഥാനത്തിനോ ജില്ലാ ഭരണകൂടത്തിനോ ഒന്നും ചെയ്യാനും സാധിക്കുന്നില്ല.
മുഖ്യമന്ത്രിക്ക് പരാതി നല്‍കും
മറ്റു സംസ്ഥാനങ്ങളിലെല്ലാം പൊതുഗതാഗത കേന്ദ്രങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനങ്ങളുണ്ട്. കേരളത്തില്‍ ഇത് തഴയപ്പെടുകയാണ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്.
എബി ഐപ്പ്, പൊതുപ്രവർത്തകൻ
നടപ്പാത അത്യാവശ്യം
റെയില്‍വേ സ്റ്റേഷനില്‍ നിന്നു നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് ഒരു നടപ്പാത അത്യാവശ്യമാണ്. വൈകി എത്തുന്ന സമയങ്ങളിലാണ് ഏറെ പ്രയാസം.
വിനയ പിള്ള, എംഎ വിദ്യാര്‍ഥിനി, സിഎംഎസ് കോളജ്
Tags : walkway NattuVishasham DistrictNews