കഴക്കൂട്ടം : പോത്തൻകോട് ജംഗ്ഷനിലെ റോഡുകളിൽ കൈയേറ്റവും അനധികൃത പാർക്കിംഗും വ്യാപകമായതോടെ കാൽനടയാത്രക്കാർ അപകട ഭീഷണിയിൽ. നടക്കാൻ ഇടമില്ലാത്തതിനെ തുടർന്നു വാഹനങ്ങൾ ചീറിപായുന്നതിനിടയിലൂടെ ഓരംപറ്റി നടക്കാൻ നിർബന്ധിതരാകുകയാണ് കാൽ നടയാത്രക്കാർ.
തിരക്കേറിയ റോഡിൽ ജീവൻ കയ്യിൽ പിടിച്ചാണ് ഓരോ കാൽനടയാത്രക്കാരും ജംഗ്ഷൻ കടക്കുന്നത്.
ജംഗ്ഷനിലേക്ക് വന്നു കയറുന്ന വൺവേ റോഡിലും പോത്തൻകോട് ജംഗ്ഷൻ - മേലെമുക്ക് റോഡിലുമാണ് കാൽനട യാത്ര ദുഷ്ക്കരമായിരിക്കുന്നത്. മേലെമുക്കിലേക്കുള്ള റോഡിലാണെങ്കിൽ നടപ്പാത പൂർണമല്ല. കാൽ നടയാത്രക്കാരുടെ സുരക്ഷയ്ക്കായി കമ്പിവേലിയും നിർമിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്തിലും മരാമത്ത് വകുപ്പിനും നാട്ടുകാർ ഒട്ടേറെ പരാതികൾ നൽകിയെങ്കിലും അധികൃതർ നടപടിയെടുത്തില്ല.
പോത്തൻകോട് ജംഗ്ഷനിൽ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഒരു മാസം മുൻപാണ് രാത്രി റോഡ് കുറുകെ കടക്കാൻ ശ്രമിച്ച റിട്ട. അധ്യാപകൻ കാർ ഇടിച്ചു മരിച്ചത്. മേലെമുക്കിൽ നിന്നും പോത്തൻകോട് ബസ് സ്റ്റാൻഡിലേക്ക് നടന്നുപോയ വിദ്യാർഥിയെ ബൈക്കിടിച്ചതും ഒരാഴ്ച മുൻപായിരുന്നു. നടപ്പാത ഇല്ലാത്ത ഭാഗത്ത് വച്ചായിരുന്നു അപകടം. മംഗലപുരം റോഡ് പോത്തൻ കോട് ജംഗ്ഷനിൽ വന്നു ചേരുന്ന ഭാഗവും അപകടകെണിയാണ്. വൺവേ റോഡിനോട് ചേർന്ന് അനധികൃത പാർക്കിംഗ് വ്യാപകമായതാണ് കാരണം.
ജംഗ്ഷനിൽ റോഡരികിൽ ഇന്റർലോക്ക് പാകാനായി മരാമത്ത് വകുപ്പ് (കെഎസ്ടിപി) എടുത്തിട്ടിരിക്കുന്ന കുഴികളും അപകട കെണിയായി മാറുകയാണ്. രണ്ടാഴ്ചക്ക് ഇടയിൽ ഏഴ് ബൈക്ക് യാത്രക്കാരാണ് മറിഞ്ഞു വീണത്. ഇതിൽ രണ്ടു പേർക്കു സാരമായി പരുക്കേറ്റു. ജംഗ്ഷനിലെ വൺവേ റോഡിലാണ് അപകടങ്ങൾ ഏറെയും. ഇവിടെ തറയോട് പാകാനായി കുഴി എടുത്തിട്ടിട്ട് ആഴ്ചകളായി. കീലോമീറ്ററുകളോളം ദൂരത്തിൽ റോഡിന്റെ വശങ്ങൾ കുഴിച്ചിട്ടതോടെ ആളുകൾ ജീവൻ കയ്യിൽ പിടിച്ചു യാത്ര ചെയ്യേണ്ട സ്ഥിതിയായി.
പരാതി വ്യാപകമായതോടെ പഞ്ചായത്ത് അധികൃതർ വിഷയത്തിൽ ഇടപെടുകയും മരാമത്തു വിഭാഗത്തിന്റെ കൊട്ടാരക്കരയിലെ ഓഫിസിൽ എത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. 26ന് പണി ആരംഭിച്ചു എത്രയും വേഗം പൂർത്തിയാക്കുമെന്നായിരുന്നു അധികൃതർ പഞ്ചായത്ത് ഭരണസമിതിക്ക് നൽകിയ ഉറപ്പ്. എന്നാൽ പറഞ്ഞ തീയതി കഴിഞ്ഞു നാല് ദിവസമായിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. കയ്യേറ്റങ്ങൾക്ക് എതിരെ പരാതി വ്യാപകമായിട്ടും പഞ്ചായത്തും മരാമത്തു വകുപ്പും നടപടി സ്വീകരിക്കുന്നില്ല.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് കയ്യേറ്റം സംബന്ധിച്ച പരാതിയടങ്ങുന്ന ഫയൽ പഞ്ചായത്തിൽ നിന്നും കാണാതായിരുന്നു. വൻകിട സ്ഥാപനങ്ങളുടെ അനധികൃത നിർമാണം സംബന്ധിച്ച ഫയൽ കാണായതായെന്നു ഓഡിറ്റിലാണ് കണ്ടെത്തിയത്. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് ലഭിച്ച പരാതിയിൽ ഓഡിറ്റ് സൂപ്പർവൈസർ സ്ഥലത്തു പരിശോധന നടത്തി അനധികൃത നിർമാണം കണ്ടെത്തിയിരുന്നു. തുടർന്ന് അനധികൃത നിർമാണങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കാൻ സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തു. വ്യക്തമായ റിപ്പോർട്ട് ലഭിച്ചിട്ടും പഞ്ചായത്ത് ഭരണസമിതി നടപടിയെടുത്തില്ല.
Tags : Accidents continue Pothencode Junction