മതിലകം: കള്ളുകുടിച്ചതിന്റെ പണംചോദിച്ചതിലുള്ള വൈരാഗ്യത്താൽ കള്ള് ഷാപ്പ് മാനേജരേയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പാലക്കാടുനിന്നു മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി പൈനാട്ട് വീട്ടിൽ അമൽ(27) ആണ് അറസ്റ്റിലായത്. ഈ മാസം അഞ്ചിന് രാത്രി 7.45 ഓടെ പോഴങ്കാവിലുള്ള കള്ള് ഷാപ്പിൽവച്ചാണ് സംഭവം.
അമലും മൂന്ന് സുഹൃത്തുക്കളുംചേർന്ന് ഷാപ്പിലെത്തി കള്ള് കുടിച്ചിരുന്നു. ഇതിന്റെ പണം ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. ഷാപ്പ് മാനേജരായ പനങ്ങാട് ഉല്ലാവവളവ് സ്വദേശി അവിനിപ്പുള്ളി വീട്ടിൽ അശ്വി(27)നു ആക്രമണത്തിൽ മുറിവേറ്റു. ആക്രമണംതടയാൻ ശ്രമിച്ച അശ്വിന്റെ സുഹൃത്തായ വിഘ്നേഷിനെയും പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു. നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. മതിലകം സ്റ്റേഷൻ എസ്എച്ച്ഒ എസ്. രജീഷ്, എസ്ഐ നെസിയ എം. സാഹിബ്, ഗ്രേഡ് സീനിയർ സിപിഒ പ്രബിൻ, സിപിഒമാരായ രാഗിൻ, മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags : Nattuvishesham Districtnews Accused arrested