അൻസാറിനെ കോടതിയിലേക്ക് കൊണ്ടുപോകുന്നു.
മഞ്ചേരി: മാട്രിമോണിയൽ വെബ്സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് 20 പവൻ സ്വർണവും ഒരു ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ മഞ്ചേരി പൊലിസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലക്കാട് ഒറ്റപ്പാലം വിരമംഗലം കുറിക്കാട്ടിൽ അൻസാറിനെയാണ് (39) റിമാൻഡ് ചെയ്തത്.
വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്തുവെന്ന യുവതിയുടെ പരാതിയിലാണ് പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മഞ്ചേരി എസ്ഐ എ.പി. ആസിഫ്, എസ്സിപിഒമാരായ തൗഫീഖുള്ള മുബാറക്, കിൻസണ്‍ ഹെർബർട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
പ്രതി സമാനമായ രീതിയിൽ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.