പ്രതീകാത്മക ചിത്രം
തന്പാനൂർ: തിരുവനന്തപുരത്തുനിന്നു രണ്ട് ട്രെയിനുകൾ മാറിക്ക യറി സ്വദേശമായ റാഞ്ചിയിലേക്കു പോയ 11കാരനെ പോലീസ് കണ്ടെത്തി. എറണാകുളത്തുനിന്നു ധൻബാദ് എക്സ്പ്രസിൽ യാത്ര ചെയ്തു സ്വദേശമായ ജാർഖണ്ഡിലെ റാഞ്ചിയിലെത്തിയ കുട്ടിയെയാണ് തമ്പാനൂർ പോലീസിന്റെ പ്രത്യേകത അന്വേഷണസംഘം കണ്ടെത്തിയത്.
കുട്ടി തന്റെതാമസസ്ഥലമായ മേട്ടുക്കടയിൽനിന്ന് കാൽനടയായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയശേഷം ഇവിടെനിന്നു ട്രെയിൻ കയറി എറണാകുളത്ത് ഇറങ്ങുകയും അവിടെനിന്ന് സ്വദേശത്തേക്ക് തിരിക്കുകയുമായിരുന്നു. മ്യൂസിയം ഭാഗത്ത് വളകളും മറ്റും കച്ചവടം നടത്തുന്ന രക്ഷിതാക്കളുടെ നാലു മക്കളിൽ ഒരാളാണ് 11കാരൻ. യാത്രതിരിച്ച കുട്ടി യുടെ കൈവശം 200 രൂപ മാത്രമാണ് ഉണ്ടായിരുന്നത്.
ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ ദീർഘദൂരം യാത്ര ചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്. ഇതിനിടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് കുട്ടിയെ അന്വേഷിച്ച് പോലീസ് സംഘം റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. ധൻബാദ് എക്സ്പ്രസ് റാഞ്ചിയിൽ എത്തിയപ്പോൾ കുട്ടി ഇവിടെ ഇറങ്ങുകയും പോലീസ് സംഘം കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. 11കാരനെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ കുട്ടിയെ തിരുവനന്തപുരത്ത് എത്തിക്കാനാകുമെന്നു തമ്പാനൂർ പോലീസ് അറിയിച്ചു.