തിരുമാന്ധാംകുന്ന് ക്ഷേത്രഭരണം എക്സിക്യൂട്ടിവ് ഓഫീസര്‍ എം. വേണുഗോപാലില്‍നിന്ന് എം.സി. ശ്രീധരവർമ രാജ ഔദ്യോഗികമായി ഏറ്റെടുക്കുന്നു.
ഭരണാധികാരം സുപ്രീംകോടതി വിധിയിലൂടെ
അങ്ങാടിപ്പുറം: ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണ ചുമതല ഹൈക്കോടതി വിധിയെത്തുടര്‍ന്ന് പാരമ്പര്യ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മ രാജ ഏറ്റെടുത്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമിച്ച എക്സിക്യൂട്ടിവ് ഓഫീസര്‍ എം. വേണുഗോപാലില്നിന്നാണ് എം.സി. ശ്രീധരവര്‍മ്മ രാജാ ചുമതല ഏറ്റെടുത്തത്.
ക്ഷേത്രം തന്ത്രി പന്തലകുടത്ത് മന നാരായണന് നമ്പൂതിരി, മൊടപ്പിലാപ്പള്ളി പരമേശ്വരന് നമ്പൂതിരിപ്പാട്, ആര്. വിജയകുമാര്‍ എന്നിവരുടെയും വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുള്ള പ്രമുഖ വ്യക്തികളുടെയും ഭക്തജനങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും സാന്നിധ്യത്തിലാണ് ഭരണച്ചുമതല ഏറ്റെടുക്കല്‍. ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മലബാര്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.
തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ട്രസ്റ്റി സ്ഥാനവും അവകാശങ്ങളുമായി ബന്ധപ്പെട്ട് വള്ളുവനാട് രാജവംശം പ്രതിനിധി എം.സി. ശ്രീധരവര്‍മ്മ രാജ നല്കിയ ഹര്‍ജിയില്‍ ക്ഷേത്രത്തിന്റെ ഭരണച്ചുമതല ട്രസ്റ്റിക്ക് കൈമറണമെന്ന് 2026 മെയില്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിധിക്കെതിരേയാണ് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
സുപ്രീം കോടതി അപ്പീല്‍ തള്ളിയതോടെ ഹൈക്കോടതി വിധി പൂര്‍ണമായും നിലനില്‍ക്കുകയാണ് ഉണ്ടായത്. ബ്രഹ്മചാരിണി ജ്യോതിര്മയാമൃത ചൈതന്യ ,കെ. ദാമോദരന്‍, മുരളീധരന്, മലയരാജാവ്, തിരുമാന്ധാംകുന്ന് ക്ഷേത്ര നാമജപ കൂട്ടായ്മ തുടങ്ങിയവര്‍ ഭരണം ഏറ്റെടുത്തതിന് ശേഷം ട്രസ്റ്റിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Handed