രയറോം മൂന്നാംകുന്ന് ചോലമലയിൽ ഉണ്ടായ ഉരുൾപൊട്ടൽ.
ആലക്കോട്: രയറോം മൂന്നാംകുന്ന് ചോലമലയിൽ ഉരുൾപൊട്ടൽ. ഇന്നലെ രാവിലെ പെയ്ത കനത്ത മഴയിലാണ് ചെറിയ തോതിലുള്ള ഉരുൾപൊട്ടലുണ്ടായത്. മലവെള്ളപ്പാച്ചിലിൽ മൺറോഡുകളും നിരവധി പേരുടെ കൃഷിയിടങ്ങളും നശിച്ചു. മലയിൽനിന്ന് കല്ലും മണ്ണും വെള്ളവും റോഡിലേക്ക് കുത്തിയൊഴുകിയതോടെ ഗതാഗതം തടസപ്പെട്ടു.
റോഡിനും ചെറിയ തോതിൽ നാശനഷ്ടമുണ്ടായി. പ്രദേശത്തെ 10 കുടുംബങ്ങൾ വേനൽക്കാലത്ത് ശുദ്ധജലത്തിനായി ആശ്രയിക്കുന്ന പഞ്ചായത്ത് കുളവും രണ്ട് കിണറുകളും മണ്ണും കല്ലും നിറഞ്ഞ് ഉപയോഗശൂന്യമായി. അപകടസാധ്യത കണക്കിലെടുത്ത് ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി. ചോലയിൽ നിരിച്ചൻ സരോജിനിയെയും കുടുംബത്തെയുമാണ് മാറ്റിപ്പാർപ്പിച്ചത്.
ഉരുൾപൊട്ടിയ മണ്ണും കല്ലും മലവെള്ളവും നാല് ദിശകളിലായി തോടുപോലെ ഒഴുകിയതിനാൽ വൻ ദുരന്തം ഒഴിവായതായി നാട്ടുകാർ പറഞ്ഞു. പൊലിസ്, വില്ലേജ് അധികൃതർ, പഞ്ചായത്ത് അധികൃതർ, തളിപ്പറമ്പ് ഹെഡ്ക്വാർട്ടർ ഡപ്യൂട്ടി തഹസിൽദാർ ജെനിഫർ വർഗീസ് എന്നിവർ ഉരുൾപൊട്ടലു ണ്ടായ സ്ഥലം സന്ദർശിച്ചു.
Tags : NattuVishesham DistrictNews