പറമുണ്ടയിൽ ആന്റോയുടെ വീട്ടുമുറ്റത്ത് പച്ചക്കറി കിറ്റുകൾ തയാറാക്കുന്ന പ്രവർത്തകർ.
ഇരിട്ടി: ഓണം പങ്കുവയ്ക്കലിന്റെ ഉത്സവമാണെന്ന് തെളിയിച്ച് പായം പഞ്ചായത്തിലെ രണ്ടാം വാർഡായ മട്ടിണിയിൽ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ 400ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ നൽകി. വാർഡ് അംഗം ആന്റോ പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിലാണ് പച്ചക്കറി കിറ്റുകൾ വീടുകളിലെത്തിച്ചത്. പേരട്ട സ്വദേശിയും കർണാടക കേന്ദ്രീകരിച്ച് കാഷ്മീരി, ഗുണ്ടൂർ മുളക് ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങളുടെ വ്യാപാരം നടത്തുന്ന പ്രമുഖ വ്യവസായിയുമായ പറമുണ്ടയിൽ ആന്റോയാണ് കിറ്റുകൾ സ്പോൺസർ ചെയ്തത്.
കർണാടകയിൽനിന്ന് എത്തിച്ച പച്ചക്കറികൾ പേരട്ടയിൽ ശേഖരിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേന പ്രവർത്തകർ, പ്രദേശവാസികൾ എന്നിവരടങ്ങിയ സംഘമാണ് കിറ്റുകൾ ഒരുക്കിയത്. ആരും ഒഴിവാകാതിരിക്കാൻ കുടുംബങ്ങളുടെ പട്ടിക തയാറാക്കിയ ശേഷമായിരുന്നു ഓരോ കേന്ദ്രത്തിലേക്കും ആവശ്യമായ അളവിൽ പച്ചക്കറികൾ എത്തിച്ചത്.
ഓണക്കാലത്ത് വാർഡിലെ അത്യാവശ്യക്കാരായ 100 കുടുംബങ്ങൾക്കെങ്കിലും കിറ്റ് നൽകാൻ സഹായിക്കണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ എല്ലാവീടുകളിലും കിറ്റ് എത്തിക്കണമെന്നത് ആന്റോ പറമുണ്ടയിലിന്റെ സ്വന്തം തീരുമാനമായിരുന്നു.
കിറ്റ് വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ മാത്രമാണ് ഞങ്ങൾ നടത്തിയത്.-ആന്റോ പടിഞ്ഞാറേക്കര പറഞ്ഞു.
വാർഡിലെ മുഴുവൻ ആളുകൾക്കുമായി ഒരുമിച്ച് ഓണസദ്യ ഒരുക്കണമെന്ന ആശയം നേരത്തെ മനസിലുണ്ടായിരുന്നുവെന്ന് പറമുണ്ടയിൽ ആന്റോ പറഞ്ഞു. എന്നാൽ പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്തപ്പോൾ ഓരോ കുടുംബത്തിനും പച്ചക്കറി കിറ്റ് എത്തിക്കുന്നതാണ് കൂടുതൽ സൗകര്യപ്രദമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഓണക്കാലം വേറിട്ട അനുഭവമായെന്നും ആന്റോ പറയുന്നു.
Tags : NattuVishesham DistrictNews