കനത്ത മഴയിൽ പുഴയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പയ്യാവൂർ വണ്ണായിക്കടവ് പാലം വെള്ളത്തിൽ മുങ്ങിയ നിലയിൽ. ഈ വർഷം നാലാം തവണയാണ് പാലം വെള്ളത്തിന
പൈസക്കരി: മലയോരത്ത് പെയ്ത കനത്ത മഴയെ തുടർന്ന് പയ്യാവൂർ വണ്ണായിക്കടവ് പാലം വീണ്ടും വെള്ളത്തിനടിയിലായി. പയ്യാവൂർ പോലീസ് സ്ഥലത്തെത്തി ഇതുവഴിയുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണ്. ഈ വർഷം നാലാം തവണയാണ് പാലം വെള്ളത്തിനടിയിലാകുന്നത്.
ആഴ്ചകൾക്കു മുമ്പുണ്ടായ വെള്ളപ്പൊക്കത്തിൽ പാലത്തിന്റെ രണ്ട് ഭാഗങ്ങളിലും പുഴയുടെ ഇരു കരകളോടും ചേർന്നുള്ള കൽക്കെട്ടുകൾ ഭാഗികമായി തകർന്നതിനെ തുടർന്ന് പാലം അപകടാവസ്ഥയിലാണുള്ളത്. ഈ വർഷം ആദ്യം ഉണ്ടായ വെള്ളപ്പൊക്കത്തിൽ പുഴ കരകവിഞ്ഞൊഴുകിയപ്പോൾ ഒഴുകി വന്ന മരങ്ങളും മറ്റും ഇടിച്ച് പാലത്തിന്റെ മുകൾ ഭാഗത്തെ സംരക്ഷണ വേലികൾ പൂർണമായും തകർന്ന അവസ്ഥയിലാണ്. തകർച്ചയിലായ പാലം ജില്ലാ കളക്ടർ പി.വിഷ്ണു രാജ്, സജീവ് ജോസഫ് എംഎൽഎ എന്നിവർ സന്ദർശിച്ചിരുന്നു.
തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ നിർദേശ പ്രകാരം ഇരിക്കൂർ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകനയോഗത്തിൽ വണ്ണായിക്കടവിൽ പുതിയ പാലം പണിയാനുള്ള ഭരണാനുമതിക്കായി എസ്റ്റിമേറ്റ് സമർപ്പിക്കാൻ മന്ത്രി ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയത്തിനു ശേഷം ഭാഗികമായ തകർന്ന പാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുന്നുണ്ടായിരുന്നു. ഇപ്പോൾ ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്.
Tags : NattuVishesham DistrictNews