ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട കാഴ്ചക്കുലസമർപ്പണച്ചടങ്ങിൽ മേൽശാന്തി ടി.എം. നാരായണൻ നന്പൂതിരി ആദ്യ കാഴ്ചക്കുല സമർപ്പിക്കുന്നു.
ഗുരുവായൂർ: ക്ഷേത്രത്തിൽ ഗുരുവായൂരപ്പന് ഉത്രാട കാഴ്ച്ചക്കുല സമർപ്പണം നടന്നു. ഓണക്കാഴ്ചയായി നൂറുകണക്കിനു കാഴ്ചക്കുലകൾ ഭക്തർ കണ്ണനു സമർപ്പിച്ചു. മന്ത്രി കെ. മുരളീധരനും ഗുരുവായൂരിലെത്തി കാഴ്ച്ചക്കുല സമർപ്പിച്ചു.
രാവിലെ ശീവേലിക്കുശേഷം കൊടിമരച്ചുവട്ടിൽ അരിമാവണിഞ്ഞതിനുമുകളിൽ നാക്കിലയിൽ മേൽശാന്തി ടി.എം. നാരായണൻ നന്പൂതിരി ആദ്യ കാഴ്ചക്കുല സമർപ്പിച്ചു. പിന്നീട് കീഴ്ശാന്തിമാരായ കീഴേടം വാസുദേവൻ നന്പൂതിരി, കൊടയ്ക്കാട് കൃഷ്ണൻ നന്പൂതിരി എന്നിവരും സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം ഉൗരാളൻ മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാടും കാഴ്ചക്കുല സമർപ്പിച്ചു. പിന്നീട് മന്ത്രി കെ. മുരളീധരൻ, ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണസമിതിഅംഗങ്ങളായ സി.മനോജ്, മനോജ് ബി.നായർ, എം.യു. ഷിനിജ, കളക്ടർ ശിഖ സുരേന്ദ്രൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ, ക്ഷേത്രം ഡിഎ എം. രാധ, ക്ഷേത്രം പാരന്പര്യഅവകാശികൾ തുടങ്ങിയവർ കാഴ്ചക്കുലകൾ സമർപ്പിച്ചു.
ശേഷം ഭക്തർ കാഴ്ചക്കുല സമർപ്പിച്ചു. ബിജെപി നേതാവ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖരും കാഴ്ചക്കുല സമർപ്പിക്കാനെത്തി. കാഴ്ചക്കുലകളിൽ ഒരുഭാഗം ഇന്ന് തിരുവോണദിനത്തിൽ പഴം പ്രഥമൻ തയ്യാറാക്കുന്നതിന് ഉപയോഗിക്കും. ബാക്കിയുള്ളവ ഭക്തർക്കു ലേലം ചെയ്തുനൽകി. തിരുവോണദിനമായ ഇന്നു പുലർച്ചെ 4.30ന് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം നടക്കും. ക്ഷേത്രം ഉൗരാളൻ മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാട് ആദ്യ ഓണപ്പുടവ സമർപ്പിക്കും. ഗുരുവായൂരപ്പന് ഉച്ചപൂജ നിവേദ്യത്തിന് വിശേഷവിഭവങ്ങളായി പഴംനുറുക്കും പഴം പായസവും നിവേദിക്കും.
പതിനായിരം പേർക്ക് തിരുവോണസദ്യ നൽകും. കാഴ്ചശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരുടെ മേളം അകന്പടിയാകും. രാവിലെ കൊന്പൻ ബൽറാമും ഉച്ചകഴിഞ്ഞ് കൊന്പൻ ഇന്ദ്രസെന്നും ഭഗവാന്റെ കോലമേറ്റും.
Tags : NattuVishesham DistrictNews